പണമില്ല, ട്വിറ്റര്‍ ഡീലില്‍ നിന്ന് മസ്‌ക് പിന്മാറിയേക്കും

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്ററിനെ (Twitter) ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌കിന് (Elon Musk) കഴിഞ്ഞേക്കില്ല എന്ന് റിപ്പോര്‍ട്ട്. മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ മൂല്യം ഇടിഞ്ഞതാണ് മസ്‌കിന് തിരിച്ചടിയായത്. ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയ സമയത്ത് 1000 ഡോളറിന് മുകളിലായിരുന്ന ടെസ്‌ലയുടെ ഓഹരിവില ഇപ്പോള്‍ 733 ഡോളറോളം ആണ്. മെയ്, ജൂണ്‍ മാസങ്ങളിലായി അഞ്ഞൂറോളം ജീവനക്കാരെ ടെസ്‌ല പിരിച്ചുവിട്ടിരുന്നു.

സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ഫണ്ടിംഗ് ചര്‍ച്ചകള്‍ മസ്‌കും സംഘവും അവസാനിപ്പിച്ചെന്നാണ് വിവരം. മസ്‌കിന്റെ ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്നതിന് ശേഷം ട്വിറ്ററിന്റെ മൂല്യവും കുത്തനെ ഇടിഞ്ഞിരുന്നു. നിലവില്‍ 38.79 ഡോളറാണ് ( 4.00pm) ട്വിറ്ററിന്റെ ഓഹരി വില. ഓഹരി ഒന്നിന് 54.20 ഡോളര്‍ നിരക്കില്‍ 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാം എന്നായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം.

പിന്നീട് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തില്‍ വ്യക്തത തേടി മസ്‌ക് ട്വിറ്റര്‍ ഡീല്‍ മരവിപ്പിച്ചിരുന്നു. അന്ന് തന്നെ ഈ നീക്കം കുറഞ്ഞ ഡീലിന്‍ നിന്ന് പിന്മാറാനോ കുറഞ്ഞ വിലയ്ക്ക് ട്വിറ്ററിനെ സ്വന്തമാക്കാനോ ഉള്ള ശ്രമമായി വിലയിരുത്തപ്പെട്ടിരുന്നു.

മസ്‌ക് ഡീലില്‍ നിന്ന് പിന്മാറിയേക്കുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെ നൂറിലധികം ജീവനക്കാരെ ട്വിറ്ററും പിരിച്ചുവിട്ടു. പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് എച്ച്ആര്‍ വിഭാഗത്തിലുള്ളവരെയാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it