ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ലെന്ന് ഇലോണ്‍ മസ്‌ക്, ശേഷം ഒരു ഇമോജി ട്വീറ്റും

ട്വിറ്ററിലെ ഏറ്റവും വലിയ ഓഹരി ഉടമയായി മാറിയ ഇലോണ്‍ മസ്‌ക്, കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാവില്ല. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും ട്വിറ്റര്‍ ബോര്‍ഡിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിക്കുകകയായിരുന്നു എന്നും പരാഗ് അഗര്‍വാള്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒമ്പത് മുതല്‍ മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിലെ ഔദ്യോഗിക അംഗം ആയിരുന്നു. എന്നാല്‍ അന്ന് രാവിലെ തന്നെ അദ്ദേഹം ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ലെന്ന് അറിയിച്ചാതായും ട്വിറ്ററില്‍ ജീവനക്കാര്‍ക്ക് പങ്കുവെച്ച കുറിപ്പില്‍ പരാഗ് അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ വിവരം മസ്‌ക് വെളിപ്പെടുത്തിയത്. പിന്നാലെ ട്വിറ്റര്‍ ബോര്‍ഡിലേക്ക് മസ്‌ക് എത്തുമെന്ന് പരാഗ് അഗര്‍വാള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മസ്‌ക്, എഡിറ്റ് ഫീച്ചര്‍ കൊണ്ടുവരുന്നതിനെ കുറിച്ച് പോളും നടത്തിയിരുന്നു.

ഇന്നലെ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസിനെ വീടില്ലാത്തവര്‍ക്കുള്ള അഭയകേന്ദ്രമാക്കി മാറ്റിയാലോ എന്ന പോളും മസ്‌ക് നടത്തിയിരുന്നു. ആരും അവിടെ ജോലി ചെയ്യാന്‍ എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മസ്‌കിന്റെ പോള്‍. 10 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പോളിംഗില്‍ 91.3 ശതമാനം പേരും മസ്‌കിനോട് യോജിക്കുകയാണ് ചെയ്തത്.

ട്വിറ്റര്‍ പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് authentication checkmark, ad-free സേവനങ്ങള്‍ നല്‍കുമെന്ന് ഇന്നലെ മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ അത് ഉപയോഗപ്രദമല്ലെന്നും ഞാന്‍ അത് ഓഫ് ചെയ്‌തെന്നുമായിരുന്നു മസ്‌കിന്റെ പിന്നീടുള്ള ട്വീറ്റ്. കൂടാതെ, എല്ലാ ട്വീറ്റിന് കീഴിലും കാണുന്ന റീഡര്‍ ബാര്‍ ശല്യപ്പെടുത്തുന്നതാണെന്നും മസ്‌ക് ചൂണ്ടിക്കാട്ടിയിരുന്നു. ട്വിറ്റര്‍ ബോര്‍ഡിലേക്ക് ഇല്ല എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഏറ്റവും ഒടുവിലായി face with hand over mouth emoji ആണ് മസ്‌ക് ട്വീറ്റ് ചെയ്തത്.

Related Articles

Next Story

Videos

Share it