ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്

ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് സുപ്രധാനമായ ചുവടുവെപ്പുമായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് (Starlink). രാജ്യത്ത് ഭൗമ നിലയങ്ങള്‍ (earth stations) സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്ററില്‍ (IN-SPACe) അപേക്ഷിച്ച നല്‍കിയതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കം ഭാരതി ഗ്രൂപ്പിന്റെ വണ്‍വെബ്, ആമസോണിന്റെയും റിലയന്‍സ് ജിയോയുടെയും സാറ്റ്കോം വിഭാഗം എന്നിവയ്ക്ക് ഭീഷണിയായേക്കും.

ഇന്‍-സ്‌പേസിന്റെ അനുമതി വേണം

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ഉപഗ്രഹ സേവനങ്ങള്‍ നല്‍കാനും വിദേശ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ അനുവാദമുണ്ട്. എന്നാല്‍ ഇന്ത്യയുടെ പുതിയ ബഹിരാകാശ നയം 2023 പ്രകാരം ഇതിന് ഇന്‍-സ്‌പേസില്‍ നിന്ന് അനുമതി വാങ്ങണം.

അനുമതി തേടി സ്റ്റാര്‍ലിങ്ക്

സാറ്റലൈറ്റ് സര്‍വീസ് ലൈസന്‍സ് വഴി ആഗോളതലത്തില്‍ മൊബൈലിലൂടെ വ്യക്തിഗത ആശയവിനിമയത്തിനായി (ജി.എം.പി.സി.എസ്) സ്റ്റാര്‍ലിങ്ക് മുമ്പ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ (DoT) അനുമതി തേടിയിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം ഇതിന്റെ സുരക്ഷാ പരിശോധന നടത്തിവരികയാണ്. ഇത് രണ്ട് മാസത്തിനുള്ളില്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാര്‍ലിങ്കിന് ആവശ്യമായ അംഗീകാരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നുള്ള സ്‌പെക്ട്രം അലോക്കേഷനായി ഇനിയും കാത്തിരിക്കേണ്ടി വരും.

അനുമതി ലഭിച്ചവര്‍

സ്റ്റാര്‍ലിങ്കിന്റെ പ്രധാന എതിരാളിയായ വണ്‍വെബ് ആവശ്യമായ എല്ലാ അനുമതികളും ഇതിനകം നേടിയിട്ടുണ്ട്. എന്നാല്‍ സ്‌പെക്ട്രം അലോക്കേഷനായി കാത്തിരിക്കുകയാണ്. അതുപോലെ തന്നെ റിലയന്‍സ് ജിയോയുടെ സാറ്റലൈറ്റ് വിഭാഗത്തിനും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്നുള്ള ജി.എം.പി.സി.എസ് ലൈസന്‍സ് ലഭിച്ചു കഴിഞ്ഞു.

സ്റ്റാര്‍ലിങ്കിനും വണ്‍വെബിനും പുറമേ, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പറും (Project Kuiper) ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആമസോണ്‍ ഇതുവരെ റെഗുലേറ്ററി അംഗീകാരങ്ങള്‍ക്കായി അപേക്ഷിച്ചിട്ടില്ലെങ്കിലും, സാറ്റലൈറ്റ് സ്‌പെക്ട്രത്തിനായുള്ള അലോക്കേഷന്‍ അന്തിമമാക്കുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നേതൃത്വത്തിലുള്ള കണ്‍സള്‍ട്ടേഷന്‍ പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വിപണി

ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വിപണി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഇതിന് കാര്യമായ സാധ്യതകളുണ്ട്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും. ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ 2025 ഓടെ 13 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ.വൈ- ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍ (EY-ISpA) റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Next Story

Videos

Share it