ഇലോണ്‍ മസ്‌കിന് വീണ്ടും തിരിച്ചടി; ആസ്തി ഒരു ലക്ഷം കോടി രൂപ ഇടിഞ്ഞു

ടെസ്‌ല മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ ഇടിവ്. മസ്‌കിന്റെ ആസ്തികളുടെ മൂല്യത്തില്‍ 12.6 ബില്യണ്‍ ഡോളറിന്റെ(1.03 ലക്ഷം കോടി രൂപ) കുറവ് രേഖപ്പെടുത്തിയതായാണ് ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ ഇടിവാണിത്.

മസ്‌ക് നേതൃത്വം നല്‍കുന്ന സ്‌പേസ് എക്‌സ്, ടെസ്‌ല, ട്വിറ്റര്‍ എന്നീ കമ്പനികള്‍ പ്രശ്‌നത്തിലായിരിക്കുന്ന സമയത്താണ് ആസ്തിയിലെ ഇടിവ്.

ടെസ്‌ലയുടെ വരുമാനം കുറഞ്ഞു

ടെസ്‌ലയുടെ ആദ്യ പാദഫലങ്ങള്‍ നിരാശകരമായിരുന്നു. കമ്പനിയുടെ ലാഭത്തില്‍ 20 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുത വാഹനവിപണിക്ക് ഉത്തേജനം പകരാനായി വലിയ വിലക്കുറവുകള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് വില്‍പ്പന ഉയര്‍ത്തിയെങ്കിലും മൊത്ത ലാഭ മാര്‍ജിനെ മോശമായി ബാധിച്ചു. ടെസ്‌ലയുടെ ഓഹരിവില വ്യാഴാഴ്ച 9.8 ശതമാനം ഇടിഞ്ഞ് 162.99 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെസ്‌ലയിലുള്ള 13 ശതമാനം ഓഹരികളാണ് മസ്‌കിന്റെ മൊത്തം(163.6 ബില്യണ്‍ ഡോളര്‍) ആസ്തിയുടെ വലിയൊരു ഭാഗവും.

സ്‌പേസ് എക്‌സിനു ക്ഷീണം

ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചതും മസ്‌കിന് ക്ഷീണമായി. മസ്‌കിന് 42 ശതമാനം ഓഹരികളാണ് സ്‌പേസ് എക്‌സിലുള്ളത്. എന്നാല്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും സ്റ്റാര്‍ഷിപ് സ്‌പേസ്‌ക്രാഫ്റ്റിന്റെ പരീക്ഷണ പറക്കല്‍ നടത്തുമെന്ന് മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്കം കൂട്ടി ബ്ലൂടിക് വിവാദം

ട്വിറ്ററിന്റെ ബ്ലൂടിക് വിവാദം കൂടി വന്നതാണ് മസ്‌കിന്റെ നഷ്ടത്തിന് ആക്കം കൂട്ടിയത്. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തികളുടെ പ്രൊഫൈലുകളുടെ ആധികാരിത ഉറപ്പുവരുത്താന്‍ അവതരിപ്പിച്ച ബ്ലൂടിക്കിന് ഏപ്രില്‍ 20 മുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതായി ട്വിറ്റര്‍ അറിയിച്ചിരുന്നു. എട്ട് ഡോളര്‍(650 രൂപ) വരെയാണ് ബ്ലൂടിക് അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം ട്വിറ്റര്‍ ഈടാക്കുന്നത്. വരിസംഖ്യ അടയ്ക്കാത്തതോടെ നിരവധി പ്രമുഖര്‍ക്ക് ബ്ലൂടിക് നഷ്ടമായിരുന്നു.

രണ്ടാം സ്ഥാനം നിലനിര്‍ത്തി

ആസ്തിയില്‍ ഇടിവ് വന്നെങ്കിലും ലോകത്തെ അതിസമ്പന്നരില്‍ രണ്ടാം സ്ഥാനം മസ്‌ക് നിലനിര്‍ത്തിയിട്ടുണ്ട്. ഫ്രഞ്ച് വ്യവസായിയായ ബെര്‍നാഡ് ആര്‍നോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ജനുവരിയില്‍ ടെസ്‌ലെയുടെ ഓഹരി വില 33 ശതമാനം ഉയര്‍ന്നത് മസ്‌കിന്റെ ആസ്തിയില്‍ 26.8 ശതമാനം ഉയര്‍ച്ചയുണ്ടാക്കിയിരുന്നു. അതാണ് ഇപ്പോഴത്തെ ഇടിവിലും മസ്‌കിനെ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്.

Related Articles

Next Story

Videos

Share it