

ഇന്നലെയാണ് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് ട്വിറ്റില്‍ ഓഹരികളുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരികള്‍ 27 ശതമാനം ഉയര്‍ന്നിരുന്നു. 9.2 ശതമാനം ഓഹരികളുമായി ട്വിറ്ററിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് ഇപ്പോള്‍ മസ്‌ക്.
ട്വിറ്ററിന്റെ 3 ബില്യണ്‍ ഡോളറോളം മൂല്യമുള്ള ഓഹരികളാണ് മസ്‌ക് കൈവശ്യം വെച്ചിരിക്കുന്നത്. ട്വിറ്റര്‍ കോഫൗണ്ടര്‍ ജാക്ക് ഡോര്‍സിക്ക് 2.25 ശതമാനം ഓഹരികളാണ് കമ്പനിയില്‍ ഉള്ളത്. ഇപ്പോള്‍ ട്വിറ്ററില്‍ പുതിയ പോള്‍ തുടങ്ങിയിരിക്കുകയാണ് മസ്‌ക്.
എഡിറ്റ് ഫീച്ചര്‍ ട്വിറ്ററില്‍ ഉള്‍ക്കൊള്ളിക്കണോ എന്നാണ് ചോദ്യം. മസ്‌കിന്റെ പോളിന് മറുപടിയുമായി ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളും രംഗത്തെത്തി. സൂക്ഷിച്ച് വോട്ട് ചെയ്യണമെന്നും പോളിങ്ങിന്റെ ഫലം വളരെ പ്രധാനമാണെന്നുമാണ് ട്വിറ്റര്‍ സിഇഒ പറഞ്ഞത്. മൂന്ന് മണിക്കൂറിനുള്ളില്‍ 1.2 മില്യണ്‍ ഉപഭോക്താക്കളാണ് മസ്‌കിന്റെ ട്വിറ്റര്‍ പോളില്‍ പങ്കെടുത്തത്.
ട്വിറ്ററില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍
കഴിഞ്ഞ ആഴ്ച നടത്തിയ പോളില്‍, ട്വിറ്റര്‍ അല്‍ഗോരിതം ഓപ്പണ്‍ സോഴ്‌സ് ആയിരിക്കണമോ എന്ന് മസ്‌ക് ചോദിച്ചിരുന്നു. 82 ശതമാനം ആളുകളും ഓപ്പണ്‍ സോഴ്‌സ് ആയിരിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താനും വിതരണം ചെയ്യാനുമൊക്കെ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് ഓപ്പണ്‍ സോഴ്‌സ്. ഒരു പക്ഷെ, മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം പോലെ ട്വിറ്ററും ഓപ്പണ്‍ സോഴ്‌സിലേക്ക് മാറിയേക്കാം.
സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ട്വിറ്റര്‍ അവസരം ഒരുക്കുന്നുണ്ടോ എന്ന് മസ്‌ക് നേരത്തെ ചോദിച്ചിരുന്നു. ട്വിറ്ററില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നില്ലെന്നായിരുന്നു 70 ശതമാനത്തിന്റെയും അഭിപ്രായം. അതുകൊണ്ട് തന്നെ സ്വതന്ത്രമായ അഭിപ്രായ പ്രകടനം സംരംക്ഷിക്കുന്നതിനുള്ള പുതിയ നീക്കങ്ങളും ട്വിറ്ററില്‍ നിന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ഡിസംബറില്‍ പരാഗ് അഗര്‍വാളിനെ സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനോട് ഉപമിച്ചിരുന്നു. 80 മില്യണിലധികം ഫോളോവേഴ്‌സ് ആണ് മസ്‌കിന് ട്വിറ്ററിലുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine