വിന്‍ഡോസ് 7 ഇനി ചരിത്രം

വിന്‍ഡോസ് 7 ഇനി ചരിത്രം
Published on

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 നുള്ള പിന്തുണയ്ക്ക് മൈക്രോസോഫ്റ്റ് പൂര്‍ണ്ണ വിരാമമിട്ടു.ഇനി മുതല്‍ വിന്‍ഡോസ് 7 നുള്ള പ്രശ്‌ന പരിഹാരങ്ങള്‍, സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റുകള്‍, സുരക്ഷാ അപ്ഡേറ്റുകള്‍ എന്നിവയ്ക്ക് മൈക്രോസോഫ്റ്റ് സാങ്കേതിക പിന്തുണ നല്‍കില്ലെന്ന ഔദ്യോഗിക അറിയിപ്പു വന്നു.

ലോകമെമ്പാടുമുള്ള 1000 ദശലക്ഷം ഉപകരണങ്ങളില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുകയെന്ന പദ്ധതി പ്രഖ്യാപിച്ചതോടെ വിന്‍ഡോസ് 7 നുള്ള മുഖ്യധാരാ പിന്തുണ 2015 ജനുവരി 13 ന് മൈക്രോസോഫ്റ്റ് അവസാനിപ്പിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ 900 ദശലക്ഷം ന്യൂസിലാന്‍ഡില്‍ പൂര്‍ത്തിയാക്കാന്‍ കമ്പനിക്കു കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും ജനപ്രിയ ഡെസ്‌ക്ടോപ്പ്-ലാപ്‌ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമെന്ന ഖ്യാതി 11 വര്‍ഷം നിലനിര്‍ത്തിയ ചരിത്രമാണ് വിന്‍ഡോസ്-7 പതിപ്പിന്റേത്. ഇനിമുതല്‍ വിന്‍ഡോസ് 10ല്‍ മാത്രമായിരിക്കും കമ്പനി ശ്രദ്ധ ചെലുത്തുക. ലോകത്തു ആകെയുള്ള പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍(ഡെസ്‌ക്ടോപ്പും ലാപ്‌ടോപ്പും) 54.62% ഇപ്പോള്‍ വിന്‍ഡോസ് 10 ലാണ്. 26.64 ശതമാനം പിസികളിലാണ് വിന്‍ഡോസ് 7 ഉപയോഗിക്കുന്നത്.

ആഗോളതലത്തില്‍ 900 ദശലക്ഷത്തിലധികം ഉപകരണങ്ങള്‍ ഇപ്പോള്‍ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുമ്പോള്‍ 400 ദശലക്ഷം പിസികള്‍ ഇപ്പോഴും വിന്‍ഡോസ് 7 പ്രവര്‍ത്തിപ്പിക്കുന്നു എന്നാണ് കണക്ക്. അതിനിടെയാണ് വിന്‍ഡോസ് 7 പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്. സോഫ്റ്റ്വെയറും സുരക്ഷാ അപ്ഡേറ്റുകളും ഇല്ലാതെ വിന്‍ഡോസ് 7 പ്രവര്‍ത്തിക്കുന്ന പിസി ഉപയോഗിക്കുന്നത് തുടരാമെങ്കിലും, വൈറസുകളും മാല്‍വെയറുകളും കൂടുതല്‍ അപകടസാധ്യത ഉണ്ടാക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.

വിന്‍ഡോസ് 10 ലൈസന്‍സിന്റെ വില ചെറുതല്ല. വിന്‍ഡോസ് 10 ഹോമിന് 9,299 രൂപയും വിന്‍ഡോസ് 10 പ്രോയ്ക്ക് 14,999 രൂപയുമാണ്. ഇത് ഒരു പിസിക്കുവേണ്ടി മാത്രമുള്ള ലൈസന്‍സിന്റെ വിലയാണ്. പഴയ പിസി ഉള്ളവര്‍, വിന്‍ഡോസ് 10 ലേക്ക് അപ്ഗ്രേഡു ചെയ്യുന്നതിനുപകരം പുതിയ ഡെസ്‌ക്ടോപ്പ് അല്ലെങ്കില്‍ ലാപ്ടോപ്പ് വാങ്ങുന്നതാണ് നല്ലതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. കാരണം വിന്‍ഡോസ് 7 ഉപയോഗിക്കുന്ന പിസികള്‍ 10 വര്‍ഷത്തോളം പഴക്കമുള്ള സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

വിന്‍ഡോസ് 7ന് ശേഷം മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിന്‍ഡോസ് 8 വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല. വിന്‍ഡോസിന്റെ എക്കാലത്തെയും മികച്ച ഒ.എസുകളില്‍ ഒന്നായിരുന്ന എക്‌സ്.പി 2014ല്‍പിന്‍വലിച്ചു. വിന്‍ഡോസ് 8 പുറത്തിറക്കാന്‍ വേണ്ടിയായിരുന്നു വിന്‍ഡോസ് എക്‌സ്.പി പെട്ടെന്ന് അവസാനിപ്പിച്ചത്. എന്നാല്‍ വിന്‍ഡോസ് 8 പരാജയമായതോടെ 2015ല്‍ വിന്‍ഡോസ് 10 പുറത്തിറക്കുകയായിരുന്നു. വിന്‍ഡോസ് 10ല്‍ കൂടുതല്‍ പുതുമകള്‍ കൊണ്ടുവരുന്നതിനുവേണ്ടിയയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

വിന്‍ഡോസ് 7 ഒറിജിനല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് വിന്‍ഡോസ് 10-ന്റെ പകര്‍പ്പ് സൌജന്യമായി നേടാന്‍ ഒരു വഴിയുണ്ട്. വിന്‍ഡോസ് 10 ഡൌണ്‍ലോഡ് പേജിലേക്ക് പോയി മീഡിയ ക്രിയേഷന്‍ ടൂള്‍ നേടുക. ആപ്പ് പ്രവര്‍ത്തിപ്പിക്കുക, ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിച്ച് ഈ പിസി അപ്‌ഡ്രേഡു ചെയ്യുക എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നെക്സ്റ്റ് കൊടുക്കുക. ഉപയോക്താക്കള്‍ സ്വകാര്യ ഫയലുകളും ആപ്ലിക്കേഷനും സൂക്ഷിക്കുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഡൌണ്‍ലോഡ് പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കുക. ഡൌണ്‍ലോഡ് പൂര്‍ത്തിയായി ഇന്‍സ്റ്റലേഷന്‍ നടന്നുകഴിഞ്ഞാല്‍ വിന്‍ഡോസ് അപ്‌ഡേറ്റ് വിഭാഗത്തില്‍നിന്ന് വിന്‍ഡോസ് സജീവമാക്കി പുതിയ ഒ.എസ് ഉപയോഗിക്കാന്‍ സാധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com