യു.എ.ഇയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് ഫീസ് നിര്‍ബന്ധമാക്കും
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ യു.എ.ഇയില്‍ ചാര്‍ജിംഗിനും ഫീസ് വരുന്നു. നിലവില്‍ ചില സേവനദാതാക്കള്‍ മാത്രമാണ് ഫീസ് ഈടാക്കുന്നത്. സൗജന്യമായി ചാര്‍ജിംഗ് സൗകര്യമുള്ള സ്ഥലങ്ങളും എമിറേറ്റ്‌സിലെ നഗരങ്ങളിലുണ്ട്. എന്നാല്‍ ചാര്‍ജിംഗിന് ഏകീകൃത ഫീസ് നിര്‍ബന്ധമാക്കാനാണ് യു.എ.ഇ മന്ത്രി സഭയുടെ പുതിയ തീരുമാനം. നിലവില്‍ പലയിടത്തും സൗജന്യമായി ലഭിച്ചിരുന്ന വൈദ്യുതിക്ക് ഇനി മുതല്‍ പണം നല്‍കേണ്ടി വരുമെന്ന ആശങ്കയിലാണ് വാഹന ഉടമകളായ പ്രവാസികള്‍.
ഫീസ് അടുത്ത മാസം മുതല്‍
സെപ്തംബര്‍ മാസം മുതല്‍ ചാര്‍ജിംഗ് ഫീസ് ഈടാക്കി തുടങ്ങാനാണ് മന്ത്രി സഭ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനപ്രകാരം രണ്ട് രീതിയിലുള്ള നിരക്കാണ് വരുന്നത്. എക്‌സ്പ്രസ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒരു കിലോവാട്ട് വൈദ്യുതിക്ക് 1.20 ദിര്‍ഹം ഈടാക്കാം. വേഗത കുറവുള്ള സ്‌റ്റേഷനുകളില്‍ 0.70 ദിര്‍ഹമായിരിക്കും കിലോവാട്ട് നിരക്ക്.
വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന
വിവിധ എമിറേറ്റുകളിലായി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടാകുന്ന വര്‍ധനയാണ് യു.എ.ഇ സര്‍ക്കാരിനെ പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചത്. 2022 മുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 11.3 ശതമാനം വളര്‍ച്ചയാണുള്ളത്. കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലായി സര്‍ക്കാരിന് കീഴില്‍ പുതിയ 100 സ്റ്റേഷനുകള്‍ ആരംഭിക്കും. ഓയില്‍ കമ്പനിയായ അഡ്‌നോക് 500 സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും നിർമിക്കും. സര്‍ക്കാരിന്റെ തീരുമാനം ചാര്‍ജിംഗ് വ്യവസായത്തില്‍ ഏകീകരണം കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ചാര്‍ജിംഗിന് നിരക്ക് വരുന്നതോടെ ഈ മേഖലയില്‍ നിക്ഷേപമിറക്കാന്‍ കൂടുതല്‍ പേരെത്തുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.