ലോകശ്രദ്ധ പശ്ചിമേഷ്യയില്‍, ഹോര്‍മുസ് കടലിടുക്കില്‍; അതിനിടയില്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വരുന്നു, മറ്റൊരു ഭീതി

ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി സൂചികയായ കോസ്പി (KOSPI) രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം 15% വരെ ഇടിഞ്ഞു
ai
Artificial Intelligence jobs canva
Published on

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിലാണ്. ഹോര്‍മൂസ് കടലിടുക്കിലെ എണ്ണ ഗതാഗതത്തിന്റെ കാര്യത്തിലാണ്. അതിനിടയില്‍ നിര്‍മിത ബുദ്ധിയുടെ (AI) ഭാവിയെക്കുറിച്ച് ദക്ഷിണ കൊറിയയില്‍ നിന്ന് പുതിയ മുന്നറിയിപ്പ്. അവിടുത്തെ ഓഹരി വിപണിയില്‍ ഉണ്ടായ കനത്ത ഇടിവ്, AI വ്യവസായത്തിന്റെ പ്രധാന അടിസ്ഥാനം ആയ സെമികണ്ടക്ടര്‍ ഉത്പാദന ചെലവുകളെക്കുറിച്ചുള്ള പുതിയ ആശങ്കകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ദക്ഷിണ കൊറിയയുടെ പ്രധാന ഓഹരി സൂചികയായ കോസ്പി (KOSPI) രണ്ട് ദിവസത്തിനുള്ളില്‍ ഏകദേശം 15% വരെ ഇടിഞ്ഞു. ഇതോടെ ഏകദേശം 270 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം നിക്ഷേപകര്‍ക്ക് നഷ്ടമായി. കനത്ത വില്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 576 ദിവസത്തിന് ശേഷം ആദ്യമായി സര്‍ക്യൂട്ട് ബ്രേക്കറുകള്‍ പ്രാബല്യത്തില്‍ വരുത്തി, വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

സെമികണ്ടക്ടര്‍ കമ്പനികള്‍ക്ക് കനത്ത ആഘാതം

വിപണിയിലെ ഇടിവിന് പ്രധാന കാരണമായത് സെമികണ്ടക്ടര്‍ മേഖലയിലെ ഓഹരികളിലുണ്ടായ വലിയ വില്പനയാണ്. ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിര്‍മാതാക്കളിലൊന്നായ സാംസംഗ് ഇലക്ട്രോണിക്‌സ് ഏകദേശം 10% വരെ ഇടിഞ്ഞു. AI സര്‍വറുകള്‍ക്കും ഡാറ്റ സെന്ററുകള്‍ക്കും ആവശ്യമായ മെമ്മറി ചിപ്പുകള്‍ നിര്‍മിക്കുന്ന എസ്.കെ ഹൈനിക്സ് ഓഹരി 12% വരെ താഴ്ന്നു. ഈ രണ്ട് കമ്പനികളും ആഗോള AI അടിസ്ഥാനസൗകര്യത്തിന് നിര്‍ണായകമായ ചിപ്പുകളുടെ പ്രധാന വിതരണക്കാരാണ്.

AI വിപ്ലവത്തിന് പുതിയ വെല്ലുവിളി

ഇതോടൊപ്പം മറ്റൊരു പ്രധാന ചോദ്യവും ഉയരുകയാണ്. AI സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ നിയന്ത്രിക്കാന്‍ പോകുന്നത് ചിപ്പുകളുടെ കുറവോ സോഫ്റ്റ്വെയര്‍ പ്രശ്നങ്ങളോ അല്ല, മറിച്ച് ഊര്‍ജച്ചെലവുകളുടെ വര്‍ധനയാകുമോ എന്നതാണ് ആ സംശയം. സെമികണ്ടക്ടര്‍ ഫാക്ടറികള്‍ ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ യൂണിറ്റുകളില്‍ ഒന്നാണ്. ഈ ഫാക്ടറികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വമ്പന്‍ വ്യവസായ സമുച്ചയങ്ങളാണ്. അത്യാധുനിക ലിതോഗ്രഫി യന്ത്രങ്ങള്‍, ശീതീകരണ സംവിധാനം, ക്ലീന്റൂം സംവിധാനങ്ങള്‍ എന്നിവയ്ക്ക് വലിയ തോതില്‍ വൈദ്യുതി ആവശ്യമാണ്. ഊര്‍ജവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇത്തരം ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ചെലവ് വേഗത്തില്‍ ഉയര്‍ന്നേക്കും. ഇത് AI ചിപ്പ് ഉത്പാദനത്തിന്റെ സാമ്പത്തിക മാതൃക തന്നെ ബാധിക്കുമെന്നാണ് ചില വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം

ഇതിനിടെ ഹോര്‍മൂസ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണ ഗതാഗതത്തില്‍ തടസം ഉണ്ടാകുമോ എന്ന ആശങ്ക ആഗോള വിപണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാര്‍ഗങ്ങളില്‍ ഒന്നാണ് ഈ കടലിടുക്ക്. ഇവിടെ തടസം ഉണ്ടാകുകയാണെങ്കില്‍ ആഗോള തലത്തില്‍ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. അതിന്റെ പ്രതിഫലം ഊര്‍ജ ഉപഭോഗം കൂടുതലുള്ള സെമികണ്ടക്ടര്‍ നിര്‍മാണ വ്യവസായത്തെയും ബാധിക്കും.

ദക്ഷിണ കൊറിയയുടെ നിര്‍ണായക സ്ഥാനം

AI സര്‍വറുകള്‍ക്കും ഡാറ്റ സെന്ററുകള്‍ക്കും ആവശ്യമായ ഡ്രാം (DRAM), ഹൈ ബാന്‍ഡ്വിഡ്ത്ത് മെമ്മറി (HBM) ചിപ്പുകളുടെ വലിയൊരു പങ്ക് ദക്ഷിണ കൊറിയയിലാണ് നിര്‍മിക്കുന്നത്. അതിനാല്‍ കൊറിയയിലെ സെമികണ്ടക്ടര്‍ ഓഹരികളിലെ ചലനം ആഗോള സാങ്കേതിക വിപണിയുടെ ആരോഗ്യ സൂചികയായി പോലും കാണപ്പെടുന്നു.

ഇപ്പോഴത്തെ വിപണി ഇടിവ് ഉയര്‍ത്തുന്ന പ്രധാന ചോദ്യം ഇതാണ്: നിര്‍മിത ബുദ്ധിയുടെ ഭാവി സാങ്കേതിക മുന്നേറ്റങ്ങള്‍ കുറഞ്ഞ ചെലവിലുള്ള ഊര്‍ജ ലഭ്യതയെക്കൂടി ആശ്രയിച്ചിരിക്കുമോ? AI അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള ആഗോള ആവശ്യകത അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ചിപ്പ് ഫാക്ടറികളും ഡാറ്റ സെന്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജത്തിന്റെ ചെലവ് ഭാവിയിലെ സാങ്കേതിക വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com