

ഫേസ്ബുക്കിന് വീണ്ടും സുരക്ഷാ വീഴ്ച്ച. ഇത്തവണ ഹാക്കർമാർ ചോർത്തിയത് അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങൾ.
ആരാണിതിന് പിന്നിലെന്നോ ഏത് സ്ഥലത്ത് നിന്നുമാണ് ഹാക്കർമാർ പ്രവർത്തിക്കുന്നതെന്നോ ഫേസ്ബുക്കിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സങ്കടകരം.
ഫേസ്ബുക്കിലെ 'വ്യൂ ആസ്' (View As) ഫീച്ചറാണ് ഹാക്ക് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത് എന്ന് കമ്പനിയുടെ ബ്ലോഗ്ഗിൽ പറയുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രൊഫൈൽ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നറിയാനുള്ള സൗകര്യമാണ് 'വ്യൂ ആസ്' നൽകുന്നത്.
അഞ്ച് കോടിക്ക് പുറമെ നാല് കോടി പേരുടെ എക്കൗണ്ടുകളും റിസ്കിലാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. പ്രശ്നം പരിഹരിക്കാനായി ഇപ്പറഞ്ഞ ഒൻപത് കോടി ആളുകളുടെ എക്കൗണ്ടുകളിൽ നിന്ന് അവരെ താൽക്കാലികമായി 'ലോഗ്ഗ്ഡ് ഔട്ട്' ചെയ്തിട്ടുണ്ട്. അവർ ഇനി ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ ലോഗിൻ ചെയ്യേണ്ടി വരും. പാസ്‍വേർഡ് മാറ്റേണ്ടതില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പാസ്‍വേർഡോ ചോർന്നിട്ടില്ലെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്.
ഹാക്കർമാർ ചോർത്തിയിരിക്കാൻ സാധ്യതയുള്ള 'ഡിജിറ്റൽ കീ' റിസെറ്റ് ചെയ്യനാണ് 'ലോഗ്ഗ്ഡ് ഔട്ട്' ചെയ്തിരിക്കുന്നത്. ഈ 'ഡിജിറ്റൽ കീ' ഹാക്കർമാരുടെ കയ്യിലെത്തിയാൽ പിന്നെ നമ്മുടെ എക്കൗണ്ടിന്റെ നിയന്ത്രണം മൊത്തം അവരുടെ കയ്യിലാകും.
സംഭവത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine