വിദ്യാര്‍ത്ഥികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന എഡ് ടെക് പരസ്യങ്ങള്‍
പ്രമുഖ എഡ് ടെക് കമ്പനികളുടെ പരസ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നതായി പരാതി. അഡ്വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ASCI) 100 ല്‍ പരം പത്ര, ഇലക്ട്രോണിക്, ഡിജിറ്റല്‍ പരസ്യങ്ങള്‍ വിദ്യാര്‍ത്ഥികളെയും, രക്ഷിതാക്കളെയും കാണിച്ച ശേഷം അവരുടെ പ്രതികരണത്തില്‍ നിന്നാണ് എഡ് ടെക് പരസ്യങ്ങളേ കുറിച്ചുള്ള നിഗമനത്തില്‍ എത്തിയത്.
ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നതാണ് ജീവിത വിജയത്തിന്റെ ബെഞ്ച്മാര്‍ക്ക്. ഗണിത ശാസ്ത്രത്തിനും, ശാസ്ത്ര വിഷയങ്ങള്‍ക്കുമാണ് പരസ്യങ്ങളില്‍ മുന്‍തൂക്കം ലഭിക്കുന്നത്. പരീക്ഷകളെ യുദ്ധവുമായിട്ടാണ് താരതമ്യപ്പെടുത്തുന്നത്. തോല്‍വിയെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ ജീവിത വിജയത്തിന് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുക അല്ലാതെ മറ്റ് വഴികള്‍ ഇല്ല.
പരസ്യങ്ങളില്‍ വരുന്ന കഥാപാത്രങ്ങളിലും ലിംഗ വിവേചനം ഉണ്ടെന്ന് ASCI കണ്ടെത്തി. കൂടുതലും ഗണിത ശാസ്ത്രത്തിലും, ശാസ്ത്ര വിഷയങ്ങളിലും മികച്ച മാര്‍ക്ക് വാങ്ങുന്ന ആണ്‍കുട്ടികളെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
മിക്ക എഡ് ടെക് സ്ഥാപനങ്ങളും തങ്ങളാണ് ഏറ്റവും മികച്ചത്, ഏറ്റവും വലുത് എന്ന് അവകാശ പ്പെടുന്നു. എഡ് ടെക് കമ്പനികള്‍ പരീക്ഷകളും, മാര്‍ക്കുകളും മാത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള ജീവിത വിജയത്തെ കുറിച്ചുള്ള പരിമിതമായ ആഖ്യാനം ഒഴിവാകാണാമെന്ന്, ASCI തലവന്‍ മനീഷ കപൂര്‍ അഭിപ്രായപ്പെട്ടു.
എഡ് ടെക് പരസ്യങ്ങളില്‍ ജീവിത മാതൃകയായി വരുന്നത് ചലച്ചിത്ര രംഗത്തെ താരങ്ങളാണ് അല്ലാതെ അക്കാഡമിക്ക് രംഗത്ത് ശോഭിച്ചവരല്ല. കടുത്ത മത്സരവും തീവ്ര വിതരണ തന്ത്രങ്ങളും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വെറും ഉപഭോക്താക്കളായിട്ടാണ് എഡ് ടെക് കമ്പനികള്‍ കാണുന്നത്.
2020 ല്‍ ബൈജൂസ് നടത്തുന്ന വൈറ്റ് ഹാറ്റ് ജൂനിയര്‍ എന്ന കംപ്യുട്ടര്‍ കോഡിങ് പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ 5 പരസ്യങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചത് കൊണ്ട് ASCI ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു.