ഒടുവില്‍, കണക്ക് മുഴുവന്‍ പറഞ്ഞ് ബൈജൂസ്; കുമിഞ്ഞുകൂടി നഷ്ടം

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പൂര്‍ണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. 22 മാസം വൈകിയാണ് ബൈജൂസ് കമ്പനികാര്യ മന്ത്രാലയത്തിന് സാമ്പത്തിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കമ്പനിയുടെ സംയോജിത വരുമാനം 2020-21 സാമ്പത്തിക വര്‍ഷത്തെ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചു. ഡിസംബറില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബൈജൂസ് ഈ കണക്കുകള്‍ വച്ചിരുന്നെങ്കിലും ഔദ്യോഗികമായി പുറത്തുവിടുന്നതിപ്പോഴാണ്.
ഇതിനു മുമ്പ് 2023 നവംബറില്‍ ബൈജൂസ് ഭാഗികമായ പ്രവര്‍ത്തനഫലം പുറത്തു വിട്ടിരുന്നു. അതുപ്രകാരം പ്രധാന ബിസിനസിന്റെ ഏകീകൃത (standalone) വരുമാനം 3,569 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള നഷ്ടം (EBITDA Loss) 2,253 കോടി രൂപയാണ്.
പുതിയ കണക്കുകള്‍ പുറത്തു വന്നതോടെ ബൈജൂസ് മുമ്പ് ഉന്നയിച്ചിരുന്ന അവകാശവാദമൊക്കെ പൊള്ളയാണെന്ന് തെളിഞ്ഞു. വരുമാനം നാല് മടങ്ങ് വര്‍ധിച്ച് 10,000 കോടി രൂപയായെന്നായിരുന്നു നേരത്തെ ബൈജൂസ് പറഞ്ഞിരുന്നത്. അതാണ് ഇപ്പോള്‍ 5,298 കോടി രൂപയെന്ന് തെളിഞ്ഞിരിക്കുന്നത്. നഷ്ടം കുമിഞ്ഞു കൂടിയതോടെ ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാണെന്നത് വ്യക്തമായിരിക്കുകയാണ്.
10 കോടി ഡോളര്‍ വായ്പയ്ക്കായി
സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. പുതിയ ഓഹരികളിറക്കി അടുത്ത മാസം നിക്ഷേപം തേടുമെന്നാണ് അറിയുന്നത്. കമ്പനിയുടെ മൂല്യം വെറും 200 കോടി ഡോളര്‍ (ഏകദേശം 16,000 കോടി രൂപ) കണക്കാക്കിയാകും ഫണ്ടിംഗ് നേടുകയെന്നാണ് അറിയുന്നത്. അതായത് 90 ശതമാനത്തോളം കുറവ്. 2022ന്റെ അവസാനം വരെ 2200 കോടി ഡോളര്‍ (ഏകദേശം 1.82ലക്ഷം കോടി രൂപ) മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈ
ജൂസ്.

കമ്പനിയിലെ ഓഹരി പങ്കാളിത്തം നിലനിര്‍ത്തുന്നതിനായി സ്ഥാപകന്‍ ബൈജൂ രവീന്ദ്രനും ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ബിസിനസ് സുസ്ഥിരമാക്കാനും വെണ്ടര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശിക വീട്ടാനുമായിരിക്കും സമാഹരിക്കുന്ന പണം വിനിയോഗിക്കുക.
മുന്നോട്ട് പോകാന്‍ വഴികള്‍ തേടി
കമ്പനിയെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട് ബൈജു രവീന്ദ്രന്‍. ബൈജൂസിനു കീഴില്‍ യു.എസിലുള്ള കിഡ്‌സ് ഡിജിറ്റല്‍ റീഡിംഗ് പ്ലാറ്റ്‌ഫോമായ എപ്പിക്കിനെ 40 കോടി ഡോളറിന് (ഏകദേശം 3,320 കോടി രൂപ) വിറ്റഴിക്കാന്‍ പദ്ധതിയിട്ടെങ്കിലും യു.എസ് വായ്പാ ദാതാക്കള്‍ക്ക് 120 കോടി ഡോളര്‍ (ഏകദേശം 9,900 കോടി രൂപ) പലിശ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കുടുങ്ങി അത് മുന്നോട്ടു കൊണ്ടുപോകാനായിട്ടില്ല.
Related Articles
Next Story
Videos
Share it