ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കില്ല; പിഎല്‍ഐ പദ്ധതിയില്‍ നിന്ന് പിന്മാറി ഫോര്‍ഡ്

പെര്‍ഫോമന്‍സ് -ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ നിന്ന് (പിഎല്‍ഐ-PLI) പിന്മാറി അമേരിക്കന്‍ വാഹന നിര്‍മാതാവായ ഫോര്‍ഡ് (Ford). ഇന്ത്യയില്‍ ഇലക്ട്രിക് വാഹന (EV) നിര്‍മാണത്തിനായി നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്മാറുകയാണെന്നാണ് ഫോര്‍ഡ് അറിയിച്ചത്. കാര്‍ നിര്‍മാണം അവസാനിപ്പിച്ച ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചത്.

27 വര്‍ഷത്തെ ഇന്ത്യയിലെ സാന്നിധ്യം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറിലാണ് ഫോര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫോര്‍ഡിന് സാധിച്ചിരുന്നില്ല. കാര്‍ നിര്‍മാണം അവസാനിപ്പിക്കുമെന്നും അതേ സമയം എഞ്ചിന്‍ നിര്‍മാണവും ടെക്‌നോളജി സര്‍വീസ് ബിസിനസും തുടരുമെന്നുമാണ് കമ്പനി അറിയിച്ചിരുന്നത്.

പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ഏതെങ്കിലും ഒരു പ്ലാന്റില്‍ ഇവികള്‍ നിര്‍മിച്ച് കയറ്റി അയക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. തമിഴ്‌നാട്ടിലും ഗുജറാത്തിലുമാണ് ഫോര്‍ഡിന് ഫാക്ടറികള്‍ ഉള്ളത്. ഫോര്‍ഡിനെ ഉള്‍പ്പടെ 20 വാഹന നിര്‍മാതാക്കളെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്തത്.

45,016 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നത്. ഫോര്‍ഡ് പിന്മാറുന്നതോടെ മറ്റൊരു കമ്പനിക്ക് അവസരം ലഭിച്ചേക്കും. ഫോര്‍ഡിന്റെ പിന്മാറ്റം 4,000 ജീവനക്കാരെയെങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് പിന്മാറുന്നതിന് മുമ്പ് മറ്റ് കമ്പനികളുമായി സഹകരിച്ച് കാറുകള്‍ നിര്‍മിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പടെ ഫോര്‍ഡ് പരിഗണിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it