ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ, എല്ലാം 'ചാരന്മാർ'?

ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ, എല്ലാം 'ചാരന്മാർ'?
Published on

ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള സൗജന്യ ആപ്ലിക്കേഷനുകളിൽ 90 ശതമാനവും ചാരപ്പണി നടത്തുന്നവയാണെന്ന് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചഡ് സ്റ്റോൾമാൻ.

സംസ്ഥാന സർക്കാരിനു കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ് വെയർ സ്ഥാപനമായ ഐസിഫോസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സാധാരണ ഫ്ലാഷ് ലൈറ്റ് ആപ്ലിക്കേഷൻ പോലും സെർവറുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ തെളിവാണ്. തന്റെ ചിത്രങ്ങളൊന്നും ഫേയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യരുതെന്ന് പ്രഭാഷണം തുടങ്ങുന്നതിന് മുൻപേ വേദിയിലിരിക്കുന്നവരോട് അദ്ദേഹം അഭ്യർത്ഥിച്ചു. സ്മാർട്ട് ഫോണിലാണു ചിത്രങ്ങളെടുക്കുന്നതെങ്കിൽ ലൊക്കേഷൻ സംവിധാനം ഓഫ് ചെയ്യണം.

സ്റ്റോൾമാന്റെ വിചിത്രമായ അഭ്യർത്ഥന കേട്ട് അമ്പരന്നിരുന്നവരോട് അദ്ദേഹം പറഞ്ഞതിങ്ങനെ: ഫേയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ ലോകത്തെ ഏറ്റവും ശക്തമായ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗങ്ങളാണ്. തലയുടെ പിൻഭാഗത്തിന്റെ ചിത്രം ഉപയോഗിച്ചുപോലും ഒരാളെ തിരിച്ചറിയാൻ ഇതിനു കഴിയും. നിങ്ങൾ എവിടെയൊക്കെ പോകുന്നു, എന്തൊക്കെ ചെയ്യുന്നു എന്നെല്ലാം ഇവർക്ക് ട്രാക്ക് ചെയ്യാം. അതിനാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവർ രണ്ടാമതൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ പോലെയുള്ള ഒരു ആപ്ലിക്കേഷനുകൾ ഉപയോക്താവിന്റെ ഡേറ്റ ഉപയോഗിച്ചു ചാരപ്രവൃത്തി നടത്തുന്നവരാണെന്ന് സ്റ്റോൾമാൻ ആരോപിച്ചു. ഇവയൊന്നും താൻ ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആമസോണിന്റെ കിൻഡിൽ ഉപയോഗിച്ചു വായിച്ചാൽ അതിന്റെ തലക്കെട്ടും, വായിച്ചുതീർന്ന പേജ് നമ്പറും, ഹൈലൈറ്റ് ചെയ്ത ഭാഗവും വരെ ആമസോൺ സെർവറുകളിൽ എത്തുന്നുണ്ട്.

സർക്കാരിനെതിരെ നിലപാടുള്ള ഒരാളാണ് നിങ്ങളെന്ന് കരുതുക. നിങ്ങൾ ഭാവിയിൽ ഒരു ഡ്രൈവർരഹിത കാറിൽ കയറി വിമാനത്താവളത്തിലേക്കു പോകാൻ ആവശ്യപ്പെടുന്നു. പക്ഷെ അതു നിങ്ങളെ കൊണ്ടുപോകുന്നതു പൊലീസിന്റെ രഹസ്യ താവളത്തിലേക്കാണെങ്കിലോ? സഞ്ചരിക്കുന്ന വ്യക്തിയെ കൃത്യമായി പിന്തുടരാൻ മറ്റാരേക്കാളും നന്നായി സാങ്കേതിക വിദ്യയ്ക്ക് കഴിയും. ചൈന പോലെയുള്ള രാജ്യങ്ങൾ നാളെ നടപ്പാക്കുന്നത് ഇത്തരം വിദ്യകളായിരിക്കുമെന്നും സ്റ്റോൾമാൻ പറഞ്ഞു

സർക്കാർ ഏജൻസികൾ എപ്പോൾ ആവശ്യപ്പെട്ടാലും വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ലഭ്യമാക്കുന്ന സ്ഥിതിയിലേക്കാണ‌് സോഫ‌്റ്റുവെയറുകളുടെ പോക്ക‌്. ഇവിടെയാണ‌് സ്വതന്ത്ര സോഫ‌്റ്റുവെയറുകളുടെ പ്രാധാന്യം. ഇത്തരം സോഫ‌്റ്റുവെയറിൽ ഒരു വിവരവും ഒളിച്ചുവയ‌്ക്കുന്നില്ല. ആർക്കും അവ ലഭ്യമാകും‌. അതേസമയം സ്വകാര്യത ഉറപ്പാക്കാനുമാകും. 

തെരുവുകൾ, സ്വകാര്യസ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവിടങ്ങളിൽ നിരീക്ഷണ കാമറകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com