

സാങ്കേതികവിദ്യാ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കടന്നുപോകുന്നത്. എ.ഐ വികസനത്തിന്റെ ഓരോ ഘട്ടവും നേരിട്ട് മനുഷ്യൻ നിയന്ത്രിച്ചിരുന്ന പരമ്പരാഗത രീതിക്കാണ് ഇപ്പോൾ മാറ്റം വരുന്നത്. ഒരു എ.ഐ മോഡൽ സ്വന്തം ശേഷികൾ സ്വയം വർധിപ്പിക്കുകയും തങ്ങളേക്കാൾ വേഗതയേറിയതും ബുദ്ധിശക്തിയുള്ളതുമായ അടുത്ത തലമുറ എ.ഐ സംവിധാനങ്ങൾക്ക് രൂപം നൽകുകയും ചെയ്യുന്ന 'റിക്കർസീവ് സെൽഫ്-ഇംപ്രൂവ്‌മെന്റ്' (Recursive Self-Improvement — ആർ.എസ്.ഐ) എന്ന പ്രക്രിയയാണിത്.
പതിറ്റാണ്ടുകളായി കമ്പ്യൂട്ടർ ശാസ്ത്രമേഖലയിലെ കേവലം സിദ്ധാന്തമായി മാത്രം ഒതുങ്ങിയിരുന്ന ഈ പ്രതിഭാസം ഇപ്പോൾ പ്രായോഗിക തലത്തിലേക്ക് മാറുകയാണ്. അതേസമയം റിക്കർസീവ് സെൽഫ്-ഇംപ്രൂവ്‌മെന്റ് സാങ്കേതികവിദ്യ ഇപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് പൂർണമായി കൈവിട്ടുപോയിട്ടില്ല എങ്കിലും, ഇതിന്മേലുള്ള കൃത്യമായ നിരീക്ഷണ—നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം ഭാവിയിൽ വലിയ പ്രതിസന്ധികൾക്ക് കാരണമായേക്കാം. സാങ്കേതികവിദ്യ വളർച്ചയുടെ വേഗതയും ഭരണകൂടങ്ങളുടെ നയരൂപീകരണവും തമ്മിലുള്ള ഈ വലിയ വിടവ് ഗൗരവമേറിയ ചർച്ചകൾക്കും വഴിതുറക്കുന്നുണ്ട്.
1966-ൽ ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ ഐ.ജെ. ഗുഡ് ആണ് "ultraintelligent machine" എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അതിബുദ്ധിയുള്ള ഒരു യന്ത്രത്തിന് അതിനേക്കാൾ മികച്ച യന്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ സാധിക്കുമെന്നും, അതോടെ മനുഷ്യന്റെ ബുദ്ധിശക്തി വളരെ പിന്നിലാകുമെന്നും അദ്ദേഹം അന്ന് കുറിച്ചിരുന്നു. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം, എഐ സാങ്കേതികവിദ്യ സ്വയം പരിണമിക്കുന്നതിന്റെയും പരിഷ്കരിക്കുന്നതിന്റേയും കൃത്യമായ തെളിവുകൾ മുൻനിര എ.ഐ ഗവേഷണ ലബോറട്ടറികളിൽ നിന്ന് പുറത്തുവരുന്നു.
2026 ജൂണിൽ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് നൽകിയ മുന്നറിയിപ്പ് പ്രകാരം, എഐ സംവിധാനങ്ങൾ സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ സ്വയം മെച്ചപ്പെടാൻ പ്രാപ്തി നേടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2026 മേയ് മാസത്തിൽ ആന്ത്രോപിക് കമ്പനിയുടെ പ്രൊഡക്ഷൻ കോഡ്‌ബേസിലേക്ക് ചേർത്ത കോഡിന്റെ 80 ശതമാനത്തിലധികവും എഴുതിയത് അവരുടെ പ്രശസ്ത എ.ഐ മോഡലായ 'ക്ലോഡ്' ആണ്. ഇതിന്റെ ഫലമായി, 2024-നെ അപേക്ഷിച്ച് നിലവിൽ എഞ്ചിനീയർമാർ പ്രതിദിനം എട്ടിരട്ടിയിലധികം കോഡുകളാണ് വികസിപ്പിക്കുന്നത്.
കൂടാതെ, മനുഷ്യർക്ക് ഇതുവരെ ഭാഗികമായി മാത്രം പരിഹരിക്കാനായിട്ടുള്ള സങ്കീർണമായ എ.ഐ സുരക്ഷാ പ്രശ്നം കമ്പനിയുടെ സ്വയംഭരണ ഗവേഷണ ഏജന്റ് (autonomous research agent) പൂർണമായി പരിഹരിച്ചു. നേരത്തെ ഏതാനും മിനിറ്റുകൾ മാത്രം സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന എ.ഐ ഏജന്റുകൾ, ഇപ്പോൾ മണിക്കൂറുകളോളം സ്വയംഭരണാധികാരത്തോടെ (ഒട്ടോണമസ്) പ്രവർത്തിക്കുന്നുണ്ട്. ഈ പ്രവണത തുടർന്നാൽ ആഴ്ചകൾ നീളുന്ന ഗവേഷണ പ്രോജക്ടുകൾ എ.ഐ സ്വന്തം നിലയിൽ പൂർത്തിയാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും.
എഐ സാങ്കേതികവിദ്യയിൽ സ്വയം പരിഷ്കരിക്കുന്ന ആർ.എസ്.ഐ സംവിധാനം, ഭാവിയിൽ വൻതോതിലുള്ള ഗുണപരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. കോഡിംഗിന് അപ്പുറം, ഗവേഷണ മേഖലകളിലും എ.ഐ തനതായ സംഭാവനകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
അനുമാനങ്ങൾ രൂപീകരിക്കാനും, പരീക്ഷണങ്ങൾ നടത്താനും, ഫലങ്ങൾ ആവർത്തിച്ച് വിലയിരുത്താനും ശേഷിയുള്ള ഒരു സ്വയംഭരണ സംവിധാനത്തിന് മരുന്ന് നിർമ്മാണം, മെറ്റീരിയൽസ് സയൻസ്, ക്ലൈമറ്റ് മോഡലിംഗ്, സ്പേസ് ട്രാവലിംഗ് തുടങ്ങിയ മേഖലകളിലെ ഗവേഷണ സമയപരിധി ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇതിലൂടെ കൂടുതൽ ഫലപ്രദമായ ഉത്പന്നങ്ങളും സേവനങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കാൻ കഴിയാമെന്നും ബെംഗളുരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എഐ ബിസിനസ് ഇന്റലിജൻസ് പ്രോഡക്ട് കമ്പനിയായ ന്യൂറൽഓബ്സ് (NeuralOrbs) പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകൻ അനിൽ ഭട്ട് പറഞ്ഞു.
തെറ്റായ രീതിയിലാണ് വികസിക്കുന്നതെങ്കിൽ ആർ.എസ്.ഐ വലിയ അപകടസാധ്യതകൾ ഉയർത്തുമെങ്കിലും, കൃത്യമായ ലക്ഷ്യത്തോടെ ഉപയോഗിച്ചാൽ ഇത് വിപ്ലവകരമായ ഫലങ്ങൾ നൽകും. മുൻനിര ഗവേഷണ ലാബുകളിൽ നിലവിൽ പ്രകടമാകുന്ന ഉത്പാദനക്ഷമത ഇതിന് അടിവരയിടുന്നു. ഉദ്ദാഹരണത്തിന് ഒരു മനുഷ്യന് തീർക്കാൻ നാല് വർഷം വേണ്ടിയിരുന്ന എണ്ണൂറോളം എ.പി.ഐ ബഗ് ഫിക്സുകൾ 'ക്ലോഡ്' എന്ന എ.ഐ മോഡൽ ഏതാനും ആഴ്ചകൾ കൊണ്ട് വിജയകരമായി പൂർത്തിയാക്കി. ആഗോളതലത്തിൽ ആർ.എസ്.ഐ വലിയ തോതിൽ നടപ്പിലാക്കപ്പെടുന്നതോടെ വരാനിരിക്കുന്ന വൻ സാമ്പത്തിക-വ്യവസായ പരിവർത്തനത്തിന്റെ സൂചനകളാണ് ഈ മാറ്റങ്ങൾ നൽകുന്നത്.
എ.ഐ സംവിധാനങ്ങൾ സ്വന്തമായി ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിലെ പോരായ്മകൾ (Goal Alignment) ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് അനിൽ ഭട്ട് മുന്നറിയിപ്പ് നൽകുന്നു. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ടെങ്കിലും, ഹാർഡ്‌വെയർ, ഊർജ്ജ പരിമിതികൾ ഇതിന് തടസ്സമാണെന്നും വിവിധ റിസർച്ച് പഠനങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. സങ്കീർണമായ ലാബ് പരീക്ഷണങ്ങളിൽ പി.എച്ച്.ഡി തലത്തിലുള്ള വൈറോളജിസ്റ്റുകളേക്കാൾ മികച്ച പ്രകടനം നിലവിലെ എ.ഐ കാഴ്ചവെക്കുന്നുണ്ടെന്ന് ആന്ത്രോപിക് ഉൾപ്പെടെയുള്ള മുൻനിര ലാബുകൾ വ്യക്തമാക്കുന്നു.
അതേസമയം എഐ സംവിധാനങ്ങളുടെ ശേഷി വർധിക്കുന്നതിനനുസരിച്ച് അവയെ നിരീക്ഷിക്കാനും ഓഡിറ്റ് ചെയ്യാനും നിലവിലുള്ള ഗവേണൻസ് സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് ആന്ത്രോപിക്, ഓപ്പൺഎഐ തുടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ നയപരമായ ചർച്ചകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാങ്കേതികവിദ്യ മനുഷ്യന്റെ കൈവിട്ടുപോയിട്ടില്ലെങ്കിലും, നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം ചിപ്പ് ഉത്പാദനത്തിന്റെ വേഗതയിൽ രാജ്യങ്ങളിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സാധിക്കാത്തതാണ് നിലവിൽ എ.ഐയുടെ വളർച്ചയിൽ നേരിടുന്ന പ്രധാന വെല്ലുവിളി.
ഭീമമായ കമ്പ്യൂട്ടിംഗ് പവർ, പ്രത്യേക ചിപ്പുകൾ, ഉയർന്ന വൈദ്യുതി ഉപഭോഗം, വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം എന്നിവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. ഇത്തരം പ്രായോഗിക പരിമിതികൾ ഉള്ളതിനാൽ ആർ.എസ്.ഐ സംവിധാനത്തിൽ പെട്ടെന്നുള്ള ഒരു ഇന്റലിജൻസ് കുതിച്ചുച്ചാട്ടം ഉണ്ടാകാനുള്ള സാധ്യതയെ പരിമിതപ്പെടുത്തുന്നുണ്ടെന്ന് അനിൽ ഭട്ട് പറഞ്ഞു.
അതേസമയം മനുഷ്യന്റെ തുടർച്ചയായ ഇടപെടലുകളില്ലാതെ എഐക്ക്, കോമ്പൗണ്ടിംഗ് ഫീഡ്ബാക്ക് ലൂപ്പ് (ആർ.എസ്.ഐ) പൂർണമായും സ്വയം മുന്നോട്ട് കൊണ്ടുപോകാനാകുമോ എന്നത് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. എന്തായാലും സാങ്കേതികവിദ്യയുടെ വളർച്ചയേക്കാൾ, മനുഷ്യൻ എത്രത്തോളം കാര്യക്ഷമമായി ഇതിനെ നിയന്ത്രിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എഐയുടെ ഭാവി. ആർ.എസ്.ഐ സംവിധാനം കൂടുതൽ കാര്യശേഷി ആർജിക്കുമ്പോൾ, അതിന്റെ അതിർവരമ്പുകൾ എവിടെയായിരിക്കണമെന്ന് മനുഷ്യൻ തന്നെ തീരുമാനിക്കേണ്ടി വന്നേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine