ശരീരചലനത്താല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന കാലം വരും! കെ എല്‍ മോഹനവര്‍മ പറയുന്നു
എല്ലാ മേഖലകളെയും ബാധിച്ചുകൊണ്ടാണ് കോവിഡ് കടന്നുവന്നത്. നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നമ്മുടെ ഉള്ളിലുണ്ട്. നമ്മള്‍ ഇപ്പോഴും ഈ പ്രതിസന്ധിയെ എങ്ങനെ നേരിടണം, അതിനുശേഷം എങ്ങനെ പൂര്‍വ്വ സ്ഥിതിയിലേക്ക് പോകണം എന്ന ചിന്തയിലാണ്. പക്ഷെ ഏറ്റവും വലിയ തമാശ, പഴയ സ്ഥിതിയിലേക്ക് ഇനി പോകുന്ന പ്രശ്‌നമേയില്ല എന്നതാണ്.
വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ വന്നുകഴിഞ്ഞു, ഇനിയും വരും. മാറ്റങ്ങള്‍ നേരത്തെതന്നെ വന്നുകൊണ്ടേയിരിക്കുകയായിരുന്നു. കോവിഡ് വന്നെങ്കിലും ഇല്ലെങ്കിലും മാറ്റം വരും. പക്ഷെ കോവിഡ് മാറ്റങ്ങളുടെ പ്രാധാന്യം നമുക്ക് മനസിലാക്കിത്തന്നു. മാറ്റങ്ങള്‍ നാം അറിയാതെയായിരുന്നു ഇത്രയും കാലം വന്നുകൊണ്ടിരുന്നത്. നമുക്ക് എല്ലാ മാറ്റങ്ങളും തിരിച്ചറിയാന്‍ തന്നെ കഴിയാത്തവിധത്തില്‍ സാവധാനമായിരുന്നു വന്നിരുന്നത്. പക്ഷെ കോവിഡ് ഈ മാറ്റങ്ങളെ വളരെ പെട്ടെന്നാക്കി.
മൂന്ന് തിരിച്ചറിവുകളാണ് കോവിഡ് ഉണ്ടാക്കിയത്:
- വീട്ടിലിരുന്നും പഠിക്കാം
- ആരാധനാലയങ്ങള്‍ തുറന്നില്ലെങ്കിലും പ്രശ്‌നമില്ല
- മറ്റ് അസുഖങ്ങളുടെ പ്രാധാന്യം കുറഞ്ഞു
അതുപോലെ ഏറ്റവും രസകരമായി എനിക്ക് തോന്നിയ ഒരു കാര്യം മറ്റ് അസുഖങ്ങള്‍ വന്ന് മരിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു.
ആശയവിനിമയ രംഗത്തും വലിയ മാറ്റം വരും. കൊച്ചുകുഞ്ഞിനെ ഇംഗ്ലിഷ് അക്ഷരമാല പഠിപ്പിക്കുമ്പോള്‍ അവന്‍ അതിന്റെ ആവശ്യം അറിയുന്നില്ല. അതിനുശേഷം അവനെ വാക്ക് എഴുതാന്‍ പഠിപ്പിക്കുന്നു. Cat എന്നെഴുതിയാല്‍ ക്യാറ്റ് എന്ന് നാം വായിക്കുന്നു. എന്നാല്‍ അക്ഷരമില്ലാതെ തന്നെ അവന് പൂച്ചയെ കണ്ടാല്‍ അറിയാമായിരുന്നു. ആ മാറ്റമാണ് കംപ്യൂട്ടര്‍ കൊണ്ടുവന്നത്. അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യം പോലുമില്ല, നമ്മുടെ ശബ്ദം മതി. ആംഗ്യങ്ങള്‍ കൊണ്ടും ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
ഇപ്പോള്‍ നാം വിരലുകളും കണ്ണുകളും മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇനി നമ്മുടെ ചെവി, മൂക്ക്, നാക്ക്, തലച്ചോര്‍ ഇവയെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ആശയവിനിമയസംവിധാനം വരുമ്പോള്‍ കടലാസ് പുറത്താകും. അച്ചടിമാധ്യമങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടും. അക്ഷരങ്ങളുടെ ആവശ്യമില്ലാതാകും.
അതിന്റെ ഏറ്റവും നല്ല ഉദ്ദാഹരണം പറയാം. ഇപ്പോഴത്തെ കുട്ടികള്‍ അക്ഷരം പഠിക്കുന്നതിന് മുമ്പേ തന്നെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. അവര്‍ക്ക് വായിക്കേണ്ടതിന്റെ ആവശ്യമേ വരുന്നില്ല. അപ്പോള്‍ എന്തു സംഭവിക്കുന്നു? വാക്കുകള്‍ ഇല്ലാതാകും. പക്ഷെ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അവര്‍ അറിയുന്നു. പരിസ്ഥിതിയുടെ മാറ്റങ്ങളെക്കുറിച്ച് നമ്മെക്കാള്‍ അറിവുള്ളവരായിരിക്കും കുട്ടികള്‍. കാരണം അവര്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ കിട്ടുന്നു. കാലാവസ്ഥാവ്യതിയാനം, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം... എന്നിവയെക്കുറിച്ചെല്ലാം അവബോധം അവര്‍ക്കുണ്ട്.
നമ്മള്‍ പഠിച്ച 98 ശതമാനം കാര്യങ്ങളും നമുക്ക് ആവശ്യമുള്ളതായിരുന്നില്ലെന്ന് നാം തിരിച്ചറിയുന്നു. പലതും ഇപ്പോള്‍ അപ്രസക്തമായി മാറിക്കഴിഞ്ഞിരിക്കുന്നു.
വരും നാളുകളില്‍ വരുന്ന മൂന്ന് കണ്ടെത്തലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം:
1. ബാറ്ററി വിപ്ലവം:
ഒരു ചെറിയ ബാറ്ററിയുടെ ഉള്ളില്‍ നമുക്ക് ആവശ്യമുള്ള ഊര്‍ജ്ജം മുഴുവന്‍ കൊണ്ടുവരാന്‍ സാധിക്കും. ബാറ്ററിയിലാണ് ഇന്ന് ഏറ്റവും വലിയ കണ്ടുപിടുത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ശരീരോഷ്മാവ് മുതല്‍ ഹൃദയമിടിപ്പില്‍ നിന്ന് വരെ എനര്‍ജി മാറ്റിയെടുത്ത് ആവശ്യമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സംവിധാനത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടക്കുന്നു. കാല് താഴെ നിലത്തൊന്ന് അടിച്ചാല്‍ കയ്യിലിരിക്കുന്ന ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സംവിധാനം നേരത്തെ സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ചിരുന്നു. ഏത് ചലനത്തിലും ഊര്‍ജ്ജമുണ്ട്. ആ ഊര്‍ജ്ജത്തെ നമുക്ക് ആവശ്യമുള്ളതിലേക്ക് മാറ്റിയെടുക്കുകയേ വേണ്ടൂ. ഊര്‍ജ്ജത്തില്‍ പുതിയ കണ്ടെത്തലുകള്‍ വരുമ്പോള്‍ ഗള്‍ഫ് മേഖലയുടെ പ്രതാപം അവസാനിക്കും.
2. ഭക്ഷണം
പ്രകാശസംശ്‌ളേഷണം വഴിയാണ് സസ്യങ്ങള്‍ വളരുന്നതെന്ന് നമുക്കറിയാം. ഇതിന് സൂര്യന്റെ ഊര്‍ജ്ജമാണല്ലോ ഉപയോഗിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സൂര്യപ്രകാശത്തിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രം മാറ്റിയെടുത്ത് അതിന്റെയുള്ളിലുള്ള മൂലകങ്ങള്‍ വേര്‍തിരിച്ച് ഇപ്പോഴത്തേതിന്റെ പത്തിരട്ടി സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനാകുന്ന സാങ്കേതികവിദ്യ നിലവില്‍ വരും.
ഇപ്പോള്‍ പ്രകാശസംശ്‌ളേഷണത്തില്‍ സൂര്യന്റെ മൊത്തം ഊര്‍ജ്ജത്തിന്റെ ഒരു ശതമാനം മാത്രമേ ഇതിന് ഉപയോഗിക്കപ്പെടുന്നുള്ളു. അത് രണ്ട് ശതമാനം കൂടി കൂട്ടിയാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലുള്ള എല്ലാ പ്രശ്‌നവും തീര്‍ന്നു. ഇസ്രയേല്‍ പോലൊരു ചെറിയ രാജ്യം പഴയ ട്രക്കും ട്രാക്റ്ററും ഉപയോഗിച്ച് തിരമാലയില്‍ നിന്ന് ഹൈഡ്രജന്റെ ഭാഗം എടുത്തുമാറ്റിയിട്ട് കാര്‍ബണ്‍ഡയോക്‌സൈഡ് ഉപയോഗിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി മാറി.
പ്രകാശസംശ്‌ളേഷണത്തിന്റെ ശാസ്ത്രം പുതിയ കണ്ടെത്തലുകളില്‍ കൂടി ഇപ്പോഴുള്ളതിന്റെ ഉല്‍പ്പാദനത്തിന്റെ പത്തിരട്ടി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനാകുന്ന സാങ്കേതികവിദ്യ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശാസ്ത്രം കണ്ടെത്തും.
3. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മേഖലകളെയും സ്വാധീനിക്കും. നമ്മുടെ ചിന്തകളെപ്പോലും. നാം കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരായി മാറും. അതൊരു വലിയ മാറ്റമുണ്ടാക്കും. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം ഞാന്‍ ഇതിനെക്കുറിച്ച് ആലോചിച്ച് കിടന്നപ്പോള്‍ പെട്ടെന്ന് 50 - 60 കൊല്ലം മുമ്പുള്ള പല കാര്യങ്ങളും എന്റെ മനസിലേക്ക് കടന്നുവന്നു. അത് പെട്ടെന്നുതന്നെ മനസില്‍ നിന്ന് പോകുകയും ചെയ്തു. ഇനി അങ്ങനെയായിരിക്കില്ല കാര്യങ്ങള്‍. തലച്ചോറിലേക്ക് വരുന്ന കാര്യങ്ങളൊക്കെ നമുക്ക് സേവ് ചെയ്യാം, ആവശ്യമുള്ളപ്പോള്‍ എടുക്കാം. അതായത് നാം വിവരങ്ങള്‍ ഇപ്പോള്‍ ക്ലൗഡില്‍ ശേഖരിക്കുന്നതുപോലെ. അത്തരത്തില്‍ പലതും വരും.
മറ്റൊരു പ്രധാന മാറ്റം കണക്കുകളില്‍ കൂടെയുള്ള ഇക്കണോമിക് സിസ്റ്റം ഇല്ലാതാകും. 0,1 മാത്രമുള്ള ബൈനറി സംവിധാനം വിവിധ മേഖലകളില്‍ സ്ഥാനം പിടിക്കും. എക്‌സ്‌ചേഞ്ച് അധിഷ്ഠിതമായ സാമ്പത്തികവ്യവസ്ഥ പോകും. പല രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യത്തിലുള്ള വ്യത്യാസം കുറയുകയും പതിയെ ലോകം മൊത്തം ഒരൊറ്റ കറന്‍സി എന്ന ആശയം വരുകയും ചെയ്യും. ആഗോളസാമ്പത്തികവ്യവസ്ഥ കണ്‍സ്യൂമറിസത്തില്‍ അധിഷ്ഠിതമായിരിക്കും. നമ്മുടെ ശ്രമങ്ങള്‍, നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ളത്. പക്ഷെ അതിന് സമയമെടുക്കും.
നമ്മള്‍ വിചാരിക്കും ഇതോടുകൂടി നമുക്ക് ജോലി പോകുമെന്ന്. എന്നാല്‍ ജോലി പോകില്ല. അപ്പോള്‍ നമ്മള്‍ നമ്മളാകും. കോവിഡ് വന്നപ്പോള്‍ നമുക്ക് ഒരു പേടിയുണ്ടായി. ഇത് തീര്‍ന്നിട്ട് എങ്ങനെ പഴയരീതിയിലേക്ക് പോകുമെന്ന്.. ആരാധനാലയങ്ങളില്ലെങ്കിലും ആശുപത്രിയില്ലെങ്കിലും പഠിക്കാന്‍ സ്‌കൂളില്ലെങ്കിലും വളരെ സന്തോഷത്തോടെ ജീവിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ പുതിയ ലോകത്ത് വന്നുകൊണ്ടിരിക്കും. പുസ്തകം, അച്ചടി എന്നിവയില്‍ നിന്ന് മാറിയിട്ട് നമുക്ക് വിജ്ഞാനവും വിനോദവും ലഭിക്കുന്നതും സന്തോഷം ലഭിക്കുന്നതുമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കും. രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയുടെ പ്രശ്‌നങ്ങള്‍ മാറും. യുദ്ധം ഇല്ലാതാകും.
(പ്രശസ്ത സാഹിത്യകാരനായ കെ എല്‍ മോഹനവര്‍മ, പ്രവചന സ്വഭാവമുള്ള ക്രിയാത്മക രചനകളുടെ സൃഷ്ടാവാണ്. കാലത്തിനുമുമ്പേ നടക്കുന്നവയാണ് അദ്ദേഹത്തിന്റെ ചിന്തകള്‍)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline