Begin typing your search above and press return to search.
മീന്‍വലയില്‍ നിന്നൊരു ഗ്യാലക്‌സി ഫോണ്‍; എസ്22 ഇന്ന് അവതരിപ്പിക്കും
ഫെബ്രുവരി 9 ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമന്‍ സാംസംഗിനെ സംബന്ധിച്ച് ഒരു സുപ്രധാന ദിനമാണ്. സുസ്ഥിരതയിലൂന്നിയുള്ള നിര്‍മാണ രീതികളിലേക്ക് കമ്പനി കടക്കുന്നതിന്റെ ആദ്യ പടിയാണ് ഇന്ന് പുറത്തിറങ്ങുന്ന സാംസംഗ് ഗ്യാലക്‌സി എസ്22. കടലില്‍ ഉപേക്ഷിക്കപ്പെടുന്ന മത്സ്യ ബന്ധന വലയുള്‍പ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ചാണ് പുതിയ ഗ്യാലക്‌സി ഫോണിന്റെ നിര്‍മാണം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുളുടെ ഉപഭോഗം ഇല്ലാതാക്കുകയും പരിസ്ഥിതിയോട് ഇണങ്ങിയ നിര്‍മാണ രീതി വിപുലീകരിക്കുകയുമാണ് സാംസംഗിന്റെ ലക്ഷ്യം. പ്രധാനമായും മത്സ്യ ബന്ധന വലയാണ് സാംസംഗ് പുനരുപയോഗിക്കുന്നത്. മറ്റ് പ്ലാസ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന മലിനീകരണങ്ങള്‍ക്കിടയില്‍ മത്സ്യബന്ധന വലകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നാണ് സാംസംഗ് പറയുന്നത്. പ്രതിവര്‍ഷം 6.4 ലക്ഷത്തിലധികം മത്സ്യബന്ധന വലകളാണ് ലോകത്ത് ഉപേക്ഷിക്കപ്പെടുന്നത്.
ഇന്ത്യന്‍ സമയം രാത്രി 8.30ന് ആണ് സാംസ്ംഗ് ഗ്യാലക്‌സി എസ്22 ലോഞ്ചിംഗ് ഇവെന്റ് നടക്കുന്നത്. മുന്‍ മോഡലുകള്‍ക്ക് സമാനമായി ഗ്യാലക്‌സി എസ് 22, എസ് 22 പ്ലസ്, എസ് 22 അള്‍ട്രാ എന്നീ മൂന്ന് വേരിയന്റുകളാവും സാംസ്ംഗ് എത്തിക്കുക. എസ് 22 മോഡലുകളുടെ ഡിസൈനും മറ്റും എസ്21ന് സമാനമായിരിക്കുമെന്നാണ് വിവരം. 50 മെഗാപിക്‌സലിന്റേതാവും പ്രധാന ക്യാമറ.
നോര്‍ത്ത് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ സ്‌നാപ് ഡ്രാഗണ്‍ 8 Gen 1 പ്രൊസസറിലെത്തുന്ന ഗ്യാലക്‌സി എസ്22 ഇന്ത്യയിലും യൂറോപ്പിലും അവതരിപ്പിക്കുക സാംസംഗിന്റെ തന്നെ എക്‌സിനോസ് 2100 പ്രൊസസറിലാവും. സ്മാര്‍ട്ട്‌ഫോണിന് പുറമെ ഗ്യാലക്‌സി ടാബ് എസ്8, എസ്8 അള്‍ട്രാ എന്നീ ടാബ്‌ലെറ്റുകളും സാംസംഗ് ഇന്ന് അവതരിപ്പിക്കും.
Next Story
Videos