

നിര്‍മ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ വിനാശകരമായ നിർദ്ദേശങ്ങളൊന്നുമില്ലാതെ തന്നെ ഭാവിയിൽ മനുഷ്യരാശിക്ക് വൻ ഭീഷണിയായി മാറാമെന്ന മുന്നറിയിപ്പുമായി 'എഐയുടെ ഗോഡ്‌ഫാദർ' എന്നറിയപ്പെടുന്ന നോബൽ സമ്മാന ജേതാവ് ജെഫ്രി ഹിന്റൺ. ഒരു ലക്ഷ്യം കൈവരിക്കാൻ ഏറ്റവും ഫലപ്രദമായ വഴി മനുഷ്യരെ ഒഴിവാക്കുകയാണെന്ന് കണ്ടത്തിയാൽ, എഐ സിസ്റ്റങ്ങൾ മനുഷ്യരെ ഒരു തടസമായി കണക്കാക്കിയേക്കാം.
വാതക മലിനീകരണം തടയുന്നതിനായി അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാൻ ഒരു എഐ സിസ്റ്റത്തോട് ആവശ്യപ്പെടുന്ന സാഹചര്യം ഉദാഹരണമായി ഹിന്റൺ ചൂണ്ടിക്കാണിക്കുന്നു. മിതമായ ബുദ്ധിയുള്ള ഒരു എഐ സിസ്റ്റം, കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി മനുഷ്യരെ ഇല്ലാതാക്കുകയാണെന്ന് സ്വയം തീരുമാനിച്ചേക്കാം. നിലവിൽ എഐ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യം മനുഷ്യരുടെ ക്ഷേമമല്ല, മറിച്ച് ഏൽപ്പിച്ച ജോലി പൂർത്തിയാക്കുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഏൽപ്പിച്ച ലക്ഷ്യം പൂർത്തിയാക്കാൻ തങ്ങൾ പ്രവർത്തിച്ചുകൊണ്ടേയിരിക്കണമെന്ന് കരുതുന്ന എഐ, സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനോ മനുഷ്യരെക്കാൾ മികച്ച തന്ത്രങ്ങൾ വികസിപ്പിക്കാനോ ശ്രമിച്ചേക്കാം. 'ഹഗ്ഗിംഗ് ഫേസ്' (Hugging Face) സോഫ്റ്റ്‌വെയർ പരീക്ഷണത്തിനിടയിൽ എഐ ഏജന്റുകൾ പരസ്പരം സഹകരിക്കുകയും ഗവേഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവം അദ്ദേഹം ഉദാഹരിച്ചു. നമ്മളെക്കാൾ ബുദ്ധിയുള്ള സിസ്റ്റങ്ങൾ കാര്യങ്ങൾ നടപ്പിലാക്കാൻ മനുഷ്യരിൽ നിന്ന് നിയന്ത്രണം പിടിച്ചെടുത്തേക്കാം.
സുരക്ഷാ മാനദണ്ഡങ്ങളുടെ ആവശ്യം: യു.എസ് കോൺഗ്രസിന് അനുയോജ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഒരു വർഷത്തോളം മാത്രമേ സമയമുള്ളൂ എന്ന് യുഎസ് ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് ഹിന്റൺ വ്യക്തമാക്കി. മരുന്നുകൾ വിപണിയിലെത്തിക്കുന്നതിന് മുൻപ് എഫ്.ഡി.എ (FDA) നടത്തുന്ന പരിശോധനകൾ പോലെ, ഉയർന്ന ശേഷിയുള്ള എഐ വിപണിയിലെത്തുന്നതിന് മുൻപ് സർക്കാരുകൾ സ്വതന്ത്ര സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. എഐ വികസനം നിർത്തലാക്കാനല്ല, മറിച്ച് മനുഷ്യർക്ക് ഉപകാരപ്രദമായ രീതിയിൽ അത് നയിക്കാനാണ് നിയന്ത്രണങ്ങൾ വേണ്ടതെന്നും ജെഫ്രി ഹിന്റൺ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine