

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ ഡിജിറ്റല്‍ പരസ്യവിപണിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 127.58 ബില്യണ്‍ ഡോളറാണ്. എന്നാലിത്, പ്രതീക്ഷകള്‍ക്കൊപ്പം വളര്‍ന്നിട്ടില്ല. പരമ്പരാഗത സെര്‍ച്ച്, യൂട്യൂബ് പരസ്യ മേഖലകളിലെ വളര്‍ച്ചാ നിരക്കിലുണ്ടായ മന്ദഗതിയാണ് ഇതിന് കാരണം.
വരുമാന വളര്‍ച്ചയിലെ ഈ വേഗതക്കുറവ് കേരളത്തിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും യൂട്യൂബര്‍മാര്‍ക്കും വെബ്സൈറ്റ് ഉടമകള്‍ക്കും ഒരുപോലെ ആശങ്കയുളളതാണ്. യൂട്യൂബില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള മലയാളം ചാനലുകളും ഗൂഗിള്‍ ആഡ്സെന്സിനെ (AdSense) മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഡിജിറ്റല്‍ സംരംഭങ്ങളും ആശങ്കയോടെ കാണേണ്ടതാണ് ഗൂഗിളിന്റെ സാമ്പത്തികഫലം.
2026 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഗൂഗിളിന്റെ സെര്‍ച്ച് ഉള്‍പ്പെടെയുള്ള പരസ്യ വരുമാനം 63.3 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം വളര്‍ച്ചയുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും താഴെയായിരുന്നു പ്രകടനം. യൂട്യൂബിന്റെ പരസ്യവരുമാനം ഒമ്പത് ശതമാനം വര്‍ധിച്ച് 11.2 ബില്യണ്‍ ഡോളറിലെത്തി. തൊട്ടുമുന്‍പത്തെ പാദത്തിലെ 13 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച കുറവാണ്.
പരമ്പരാഗത സെര്‍ച്ച്, പരസ്യ ബിസിനസുകള്‍ പ്രതീക്ഷിച്ചതുപോലെ മുന്നേറാത്തപ്പോള് എഐ രംഗത്തെ വലിയ നിക്ഷേപങ്ങള്‍ എത്ര വേഗത്തില്‍ ലാഭമായി മാറുമെന്നതാണ് നിക്ഷേപകരുടെ പ്രധാന ആശങ്ക. പരസ്യ വരുമാനം കേന്ദ്രീകരിച്ചുള്ള ബിസിനസില്‍ നിന്ന് എഐയിലേക്കുള്ള ഗൂഗിളിന്റെ മാറ്റമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനെ ബാധിക്കുന്നത്.
യൂട്യൂബിനെ പ്രധാന വരുമാനമാര്‍ഗമായി കാണുന്ന നിരവധി മലയാളി ക്രിയേറ്റര്‍മാരുണ്ട്. ടെക്നോളജി, ഫിനാന്‍സ്, വിദ്യാഭ്യാസം, യാത്ര, ഭക്ഷണം, വിനോദം തുടങ്ങിയ മേഖലകളില്‍ മലയാളം ചാനലുകള്‍ സജീവമാണ്. ഇവരുടെ വരുമാനം കാഴ്ചക്കാരുടെ എണ്ണം മാത്രം അടിസ്ഥാനമാക്കിയല്ല നിശ്ചയിക്കുന്നത്. പരസ്യദാതാക്കള്‍ എത്ര തുക ചെലവഴിക്കുന്നു, ഏത് രാജ്യങ്ങളില്‍ നിന്നാണ് കാഴ്ചക്കാര്‍ എത്തുന്നത്, വീഡിയോയുടെ സ്വഭാവം എന്താണ് തുടങ്ങിയ ഘടകങ്ങളും നിര്‍ണായകമാണ്.
പരസ്യദാതാക്കളുടെ ചെലവഴിക്കല്‍ കുറയുകയോ പരസ്യങ്ങള്‍ക്കുള്ള മത്സരം ദുര്‍ബലമാകുകയോ ചെയ്താല്‍ ചാനലുകളുടെ വരുമാനത്തെ ബാധിക്കും. അടുത്ത കാലത്ത് പല കണ്ടന്റ് ക്രിയേറ്റേഴ്സും വരുമാനത്തില്‍ ഇടിവുണ്ടായതായി വ്യക്തമാക്കിയിരുന്നു. വ്യൂ കുറയുന്നതിനൊപ്പം വരുമാനത്തിലും ഇടിവ് പ്രകടമാണ്. പരസ്യവരുമാനം മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ക്രിയേറ്റര്‍മാരും ഡിജിറ്റല്‍ പ്രസാധകരും സ്ട്രാറ്റര്‍ജി മാറ്റേണ്ടിവരും.
Read DhanamOnline in English
Subscribe to Dhanam Magazine