

ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി എ.ഐ പ്രോ പ്ലാന്‍ നല്‍കാന്‍ ഗൂഗ്ള്‍. ഏറ്റവും പുതിയ എ.ഐ ടൂളുകള്‍ അടക്കമുള്ള നിരവധി ഫീച്ചറുകള്‍ അടങ്ങിയ എ.ഐ പ്രോ സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 1,950 രൂപയാണ് ഗൂഗ്ള്‍ ഈടാക്കുന്നത്. ഇക്കൊല്ലം സെപ്റ്റംബര്‍ 15 വരെയാണ് ഓഫര്‍.
ഗൂഗ്‌ളിന്റെ എ.ഐ ഫീച്ചറുകളില്‍ ചിലത് ഫ്രീയായി ലഭിക്കുമെങ്കിലും മിക്കവയും പണം കൊടുത്ത് ഉപയോഗിക്കേണ്ടവയാണ്. ഇത്തരത്തില്‍ പണം കൊടുത്ത് പ്രീമിയം ഫീച്ചറുകള്‍ വാങ്ങാവുന്ന ഒരു ഓപ്ഷനാണ് ഗൂഗ്ള്‍ എ.ഐ പ്രോ പ്ലാനിലൂടെ ഒരുക്കുന്നത്. ഈ പ്ലാന്‍ ഉള്ളവര്‍ക്ക് ജെമിനി 2.5, വിയോ3 (veo3) ഫ്‌ളോ, വിസ്‌ക്, കൂടുതല്‍ ശേഷിയുള്ള നോട്ട്ബുക്ക്എല്‍.എം (NotebookLM), രണ്ട് ടെറാബൈറ്റ് (ടി.ബി) ക്ലൗഡ് സ്‌റ്റോറേജ്, പ്രതിമാസം 1,000 എ.ഐ ക്രെഡിറ്റുകള്‍ എന്നിവ ലഭിക്കും. ജിമെയില്‍, ഡോക്‌സ്, വീഡിയോസ് എന്നിവയില്‍ ജെമിനിയുടെ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഗൂഗ്‌ളിന്റെ ഏറ്റവും പുതിയ വീഡിയോ ജനറേറ്റിംഗ് ടൂളായ വിയോ3 ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. പ്രതിമാസം ലഭിക്കുന്ന എ.ഐ ക്രെഡിറ്റുകള്‍ ഉപയോഗിച്ച് ഫ്‌ളോ, വിസ്‌ക് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ടെക്‌സ്റ്റ്, ഇമേജ്, വീഡിയോ എന്നിവ നിര്‍മിക്കാനും കഴിയും. ഗവേഷണം, എഴുത്ത് എന്നീ മേഖലകളില്‍ ഉപകാരപ്പെടുന്ന കഴിയുന്ന ഗൂഗ്‌ളിന്റെ നോട്ട്ബുക്ക് എല്‍.എം ടൂളും ഈ പ്ലാനില്‍ ഉപയോഗിക്കാന്‍ കഴിയും. ഗൂഗ്ള്‍ ഡോക്‌സ്, ഷീറ്റ്‌സ്, സ്‌ളൈഡ്‌സ് തുടങ്ങിയ ടൂളുകളില്‍ ജെമിനിയുടെ സഹായം തേടാനുള്ള സൗകര്യവും ഈ പ്ലാനിലുണ്ട്. ഗൂഗ്‌ളിന്റെ വിവിധ സേവനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 2 ടെറാബൈറ്റിന്റെ ക്ലൗഡ് സ്‌റ്റോറേജ് ജിമെയില്‍ സ്‌റ്റോറേജിലെ അപര്യാപ്ത പരിഹരിക്കാന്‍ ഉപകരിക്കും. വാട്‌സ്ആപ്പ്, ഗൂഗ്ള്‍ ഫോട്ടോസ്, ഡ്രൈവ് എന്നിവയില്‍ കൂടുതല്‍ ഫയലുകള്‍ ശേഖരിക്കാനും ഇത് ഉപകരിക്കും.
സ്‌കൂളിലെ ഹോം വര്‍ക്കില്‍ തുടങ്ങി തൊഴില്‍ അഭിമുഖങ്ങള്‍ക്ക് വരെ എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നവരാണ് പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍. ഇവരില്‍ സിംഹഭാഗവും സൗജന്യ എ.ഐ ടൂളുകളാകും ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ജെമിനി സൗജന്യ പതിപ്പ് ഉപയോഗിക്കുന്ന 95 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസത്തോടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഗൂഗ്‌ളിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷത്തേക്ക് ഗൂഗ്ള്‍ എ.ഐ പ്രോ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം. ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എ.ഐ സഹായത്തോടെ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും സര്‍ഗശേഷി വികസിപ്പിക്കാനുമുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നതെന്നുമാണ് ഗൂഗ്ള്‍ പറയുന്നത്.
ഇന്ത്യയില്‍ താമസിക്കുന്ന 18 തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പ്ലാനില്‍ ചേരാന്‍ അവസരം ലഭിക്കുന്നത്. പേഴ്‌സണല്‍ ഗൂഗ്ള്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. ഐഡന്റിറ്റി വെരിഫിക്കേഷന്‍ കമ്പനിയായ ഷിയര്‍ഐഡി വഴിയാണ് അപേക്ഷകരുടെ ആധികാരികത ഉറപ്പിക്കുന്നത്. വെരിഫിക്കേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയിലേതെങ്കിലും പേയ്‌മെന്റ് ഓപ്ഷനും തിരഞ്ഞെടുക്കണം. നിലവില്‍ ഗൂഗ്ള്‍ വണ്‍ അക്കൗണ്ടുള്ളവര്‍ക്ക് ഓഫര്‍ ലഭിക്കില്ലെന്നും ഗൂഗ്ള്‍ പറയുന്നു. മറ്റ് ഉപയോക്താക്കള്‍ക്ക് ഒരു മാസത്തെ ട്രയല്‍ പ്ലാനും ഗൂഗ്ള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Indian students aged 18+ can now access Google’s ₹19,500 AI Pro plan for free. Includes Gemini 2.5 Pro, Veo 3, 2TB storage, and more. Offer valid until September 15, 2025.
Read DhanamOnline in English
Subscribe to Dhanam Magazine