

സ്കൂളുകളില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നുവെന്ന വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന്, K-12 (കിന്റർഗാർട്ടൻ (K) മുതൽ 12-ാം ക്ലാസ് വരെ) സ്കൂൾ അക്കൗണ്ടുകളിൽ ജമിനി (Gemini) ഉൾപ്പെടെയുള്ള AI ഫീച്ചറുകൾ ഡിഫോൾട്ടായി (by default) ഓഫ് ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കി. സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്ക് ആവശ്യത്തിന് അനുസരിച്ച് ഓൺ ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരിക്കും. മറ്റു സമയങ്ങളില്‍ ജമിനി, ജമിനി നോട്ട്ബുക്ക്, ജമിനി ഇൻ ക്ലാസ്റൂം, ഗൂഗിൾ സെർച്ച് എന്നിവ പ്രവർത്തനരഹിതമായിരിക്കും. ക്ലാസ് മുറികളിൽ എഐ ഉപയോഗിക്കുന്നതിൽ സ്കൂളുകൾക്കാണ് പൂർണമായ നിയന്ത്രണം വേണ്ടതെന്ന് ഗൂഗിൾ എഡ്യൂക്കേഷൻ വൈസ് പ്രസിഡന്റ് ക്രിസ് ഫിലിപ്സ് വ്യക്തമാക്കി.
സ്കൂളുകൾ പൂർണമായി എഐ നിരസിച്ചാൽ അവയ്ക്കുള്ള സെർച്ച് സേവനം ഗൂഗിൾ നിർത്തിവെക്കുമെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് അമേരിക്കയില്‍ വെർമോണ്ട് സെനറ്റർ ബെർണി സാണ്ടേഴ്സ്, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മമദാനി, എഫ്.ടി.സി മുൻ അധ്യക്ഷ ലിനാ ഖാൻ തുടങ്ങിയ നേതാക്കൾ ഗൂഗിളിനെതിരെ രംഗത്തുവന്നു. സെർച്ച് മേഖലയിലെ കുത്തകാവകാശം ദുരുപയോഗം ചെയ്ത് ഗൂഗിൾ സ്കൂളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാർത്ഥികളിലേക്ക് എഐ അടിച്ചേൽപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു.
അമേരിക്കയിലെ വിദ്യാലയങ്ങളിൽ ഗൂഗിൾ ക്രോംബുക്കുകളിൽ എഐ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും എതിർപ്പ് ശക്തമായിരുന്നു. ന്യൂയോർക്ക് സിറ്റി, ലോസ് ഏഞ്ചൽസ് യൂണിഫൈഡ് എന്നീ വലിയ സ്കൂൾ ശൃംഖലകൾ ജനറേറ്റീവ് എഐ ആപ്പുകളുടെ ഉപയോഗം വിദ്യാർത്ഥികൾക്ക് ഇതിനകം തടഞ്ഞിട്ടുണ്ട്. എന്നാൽ, കുട്ടികൾക്ക് നേരിട്ട് ഉത്തരം നൽകുന്നതിന് പകരം പഠനത്തിന് സഹായിക്കുന്ന രീതിയിൽ സെർച്ച് സേവനങ്ങൾ ഘട്ടം ഘട്ടമായുള്ള വഴികാട്ടിയായി (step-by-step guided learning) പുതുക്കുമെന്നും, എഐ സേവനങ്ങൾ എപ്പോൾ വേണമെങ്കിലും ഓൺ ചെയ്യാൻ സ്കൂളുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നുമാണ് ഗൂഗിൾ വിശദീകരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine