'ഗിഫ്റ്റ് സിറ്റി'യില്‍ ഗൂഗ്‌ളിന്റെ ഫിന്‍ടെക് ഹബ് തുറക്കും: സുന്ദര്‍ പിച്ചൈ
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ (Gujarat International Finance Tec-City) ഗൂഗ്‌ളിന്റെ ധനകാര്യ സാങ്കേതികവിദ്യയുടെ കേന്ദ്രം തുറക്കുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. യു.എസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍സ് സെന്റര്‍ ഇന്ത്യയെ ഫിന്‍ടെക് മേഖലയില്‍ നേതൃനിരയില്‍ എത്തിക്കുമെന്നും ഗൂഗ്ള്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ 1000 കോടി ഡോളറിന്റെ (82,000 കോടി രൂപ) നിക്ഷേപം ഇതോടൊപ്പം തുടരുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.
ഗൂഗ്‌ളുമായുള്ള സഹകരണം
നിര്‍മിത ബുദ്ധി (എ.ഐ), ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി ഉല്‍പ്പന്നങ്ങളും സേവനങ്ങളും, ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളിൽ കൂടുതല്‍ പഠനം നടത്താന്‍ സുന്ദര്‍ പിച്ചൈയെ പ്രധാനമന്ത്രി ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു. ഗവേഷണവും വികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗ്‌ളും ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും അവര്‍ ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചയില്‍ ഈ പ്രമുഖരും
പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില്‍ ബൈഡന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കുന്നത്. സുന്ദര്‍ പിച്ചൈയെ കൂടാതെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡേല, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, എ.എം.ഡി സി.ഇ.ഒ ലിസ സു തുടങ്ങിയ പ്രമുഖ സി.ഇ.ഒമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
Read DhanamOnline in English
Subscribe to Dhanam Magazine

