

ഗൂഗിളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തിയ മലയാളിയാണ് കോട്ടയം പാമ്പാടി സ്വദേശിയായ തോമസ് കുര്യന്‍. ഒറാക്കിളില്‍ 22 വര്‍ഷക്കാലം വിവിധ നേതൃപദവികള്‍ അലങ്കരിച്ച ഈ 59കാരന്‍ 2018ലാണ് ഗൂഗിളിന്റെ ഭാഗമാകുന്നത്. നിലവില്‍ ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒയാണ് അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളര്‍ന്നു പന്തലിക്കുന്ന സമയത്ത് ഗൂഗിള്‍ ക്ലൗഡില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങളാണ് തോമസ് കുര്യന്‍ നടത്തുന്നത്.
എഐയുടെ വരവ് ടെക് ലോകത്ത് വലിയ തോതില്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നുവെന്ന ആശങ്കകള്‍ക്കിടെ ആശ്വാസം പകരുന്നൊരു പ്രസ്താവനയാണ് തോമസ് കുര്യന്‍ നടത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം ടെക് മേഖലയില്‍ തൊഴില്‍ നഷ്ടത്തിന് പകരം കൂടുതല്‍ മികച്ച നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
തോമസ് കുര്യന്റെ അഭിപ്രായത്തില്‍ എഐ ഒരു പകരക്കാരനല്ല, മറിച്ച് ഒരു സഹായിയാണ്. കൂടുതല്‍ മെച്ചപ്പെടുത്താനും നവീകരിക്കാനുമുള്ള ടൂളായി മാത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കണ്ടാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ വാദം. മനുഷ്യവിഭവശേഷിയെ പൂര്‍ണമായും മാറ്റി പ്രതിഷ്ടിക്കുന്നതിന് പകരം മനുഷ്യന്റെ കഴിവുകളെ തേച്ചുമിനുക്കിയെടുക്കുകയെന്നതാണ് എഐയുടെ ലക്ഷ്യം.
എഐ അധിഷ്ടിത സേവനങ്ങള്‍ നല്കുന്ന ഗൂഗിളിന്റെ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സ്യൂട്ട് ഇതിനൊരു ഉദാഹരണമായി തോമസ് കുര്യന്‍ ചൂണ്ടിക്കാട്ടുന്നു. ഈ സേവനം തൊഴില്‍നഷ്ടത്തിന് കാരണമാകുമെന്ന് പലരും ഭയന്നിരുന്നു. എന്നാല്‍ കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് സ്യൂട്ട് ഉപയോഗിക്കുന്ന കമ്പനികളിലൊന്നും അവരുടെ തൊഴിലാളികളെ കുറച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എഐയുടെ കാര്യത്തില്‍ ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്കും സമാന അഭിപ്രായമാണുള്ളത്. എഐ ടൂളുകളുടെ വരവ് ഉത്പാദനക്ഷമതയില്‍ 10 ശതമാനത്തിലധികം വര്‍ധനയ്ക്ക് വഴിയൊരുക്കിയെന്നായിരുന്നു പിച്ചൈയുടെ വാദം. കൂടുതല്‍ മികച്ചതിലേക്ക് ടെക്കികളെ നയിക്കാന്‍ എഐയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. എഐ വന്നെങ്കിലും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ എന്‍ജിനിയര്‍മാരെ ഗൂഗിളില്‍ ജോലിക്കെടുക്കുമെന്ന് പിച്ചൈ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine