യൂറോപ്പിൽ പുതിയ നയം, ഗൂഗിളും ഫേസ്ബുക്കും അൽപം വിയർക്കും
ഓൺലൈൻ കണ്ടന്റ് നിർമ്മിക്കുന്നവർക്കും പ്രസിദ്ധീകരിക്കുന്നവർക്കും ഗുണം ചെയ്യുന്ന പുതിയ കോപ്പിറൈറ്റ് നയം യൂറോപ്യൻ യൂണിയൻ പാസാക്കി. ഇതനുസരിച്ച് കമ്പനികൾ അവരുടെ ഓൺലൈൻ പ്ലാറ്റ് ഫോമിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളുടെ സൃഷ്ടാക്കൾക്ക് പ്രതിഫലം നൽകേണ്ടതായി വരും.
വൻകിട കമ്പനികളായ ഗൂഗിളിനും ഫേസ്ബുക്കിനും നിയമം തിരിച്ചടിയാകും. സംഗീതം, വീഡിയോ, മറ്റ് കണ്ടന്റ് എന്നിവയ്‌ക്കെല്ലാം അതിന്റെ യഥാർത്ഥ പബ്ലിഷർമാർക്ക് പ്രതിഫലം നൽകേണ്ടി വരുമ്പോൾ സൗജന്യ കണ്ടന്റിനെ ആശ്രയിക്കുന്ന ഉപയോക്താക്കൾക്കും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും.
ആർട്ടിസ്റ്റുകളും നിർമാതാക്കളും പ്ലാറ്റ് ഫോമുകൾക്ക് ലൈസൻസ് നൽകാൻ വിസമ്മതിക്കുന്ന പക്ഷം, അത്തരം കണ്ടന്റ് തങ്ങളുടെ പ്ലാറ്റ് ഫോമിൽ നിന്ന് നീക്കം ചെയ്യുകയോ, മറ്റുള്ളവർ അത് അപ്‌ലോഡ് ചെയ്യുന്നത് തടയുകയോ വേണ്ടാതായി വരും.
പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഗൂഗിളിൻറെ 'ഗൂഗിൾ ന്യൂസ്' സേവനം യൂറോപ്പിൽ നിർത്തലാക്കേണ്ടതായി വരും. സ്പെയിൽ മുൻപേ നിർത്തലാക്കിയിരുന്നു.
ഇനിമുതൽ യൂറോപ്പിൽ എന്തെങ്കിലും കണ്ടന്റ് പബ്ലിഷ് ചെയ്യുന്നതിന് മുൻപ് ടെക്, ഇന്റർനെറ്റ് കമ്പനികൾ അതിന്റെ ക്രിയേറ്ററുമായി കൂടിയാലോചിച്ച് പ്രസിദ്ധീകരിക്കാനുള്ള ലൈസൻസ് നേടേണ്ടതായി വരുമെന്ന് ചുരുക്കം.