എ.ഐ സുരക്ഷയിൽ കടുത്ത ആശങ്ക, കമ്പനികളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് ഗൂഗിൾ ജെമിനി

സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള എഐ ഏജന്റുകൾ ഇന്റർനെറ്റും കമ്പ്യൂട്ടർ സിസ്റ്റങ്ങളും ഉപയോഗിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപായങ്ങളെക്കുറിച്ച് വലിയ ആശങ്ക
ai-cybersecurity
Image courtesy: Canva
Published on

സൈബർ സെക്യൂരിറ്റി പരിശോധനയ്ക്കിടെ ഗൂഗിളിന്റെ ജെമിനി എഐ മോഡൽ (Gemini AI model) സ്വയം ഇന്റർനെറ്റ് ഉപയോഗിച്ച് മൂന്ന് കമ്പനികളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് അതിക്രമിച്ചു കയറി. ഗൂഗിളിന്റെ ഒരു എഐ സിസ്റ്റം സ്വയം ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഇതാദ്യമായാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യത്യസ്തമായ മാർഗങ്ങള്‍

മൂന്ന് സാഹചര്യങ്ങളിലും വ്യത്യസ്തമായ മാർഗങ്ങളിലൂടെയാണ് ജെമിനി പ്രവേശനം നേടിയത്. മേയ് മാസത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഒരു സംഭവത്തിൽ, സംരക്ഷിത സിസ്റ്റത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് വരെ ജെമിനി തുടർച്ചയായി പാസ്‌വേഡുകൾ ഊഹിച്ചു ഉപയോഗിക്കുകയായിരുന്നു. മറ്റ് രണ്ട് സംഭവങ്ങളിൽ, പൊതുവായി ലഭ്യമായിരുന്ന രേഖകളിൽ (public repository) നിന്ന് ലോഗിൻ വിവരങ്ങൾ കണ്ടെത്തിയാണ് മോഡൽ സിസ്റ്റങ്ങളിലേക്ക് കടന്നത്. എന്നാൽ സിസ്റ്റത്തിലേക്ക് പ്രവേശനം ലഭിച്ചയുടൻ ജെമിനി ഹാക്കിംഗ് പ്രവർത്തനങ്ങൾ സ്വയം അവസാനിപ്പിച്ചതായി ഗൂഗിൾ വ്യക്തമാക്കുന്നു.

എഐ സിസ്റ്റങ്ങളുടെ സുരക്ഷാ ശേഷി പരിശോധിക്കുന്ന സ്വതന്ത്ര സ്ഥാപനമായ 'ഇറഗുലർ' (Irregular) നടത്തിയ സൈബർ സുരക്ഷാ പരിശോധനകളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ അവസാനത്തോടെ വിവരമറിയിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തതായി ഇറഗുലർ വക്താവ് അറിയിച്ചു. ജെമിനിക്ക് പുറമെ മെറ്റാ (Meta), ആന്ത്രോപിക് (Anthropic), ഓപ്പണ്‍എഐ (OpenAI) തുടങ്ങിയ പ്രമുഖ എഐ കമ്പനികളുടെ മോഡലുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സംഭവം സാൻഡ്‌ബോക്‌സ് ലംഘനമോ സങ്കീർണമായ സൈബർ ആക്രമണമോ ആയിരുന്നില്ലെന്ന് മെറ്റാ വ്യക്തമാക്കിയിരുന്നു.

സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള എഐ ഏജന്റുകൾ ഇന്റർനെറ്റും കമ്പ്യൂട്ടർ സിസ്റ്റങ്ങളും ഉപയോഗിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപായങ്ങളെക്കുറിച്ചും, സൈബർ പരിശോധനകളുടെ അതിരുകൾ ലംഘിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ കവചങ്ങളെക്കുറിച്ചും വൻ ആശങ്കകളാണ് ഈ സംഭവങ്ങൾ ഉയർത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com