
നിര്‍മിത ബുദ്ധി മേഖലയിലെ നിരവധി കണ്ടെത്തലുകളുമായി ഗൂഗ്ളിന്റെ വാര്‍ഷിക ഡവലപ്പര്‍ മീറ്റ്. ഇന്റര്‍നെറ്റില്‍ ഗൂഗ്ളിനുണ്ടായിരുന്ന മേധാവിത്തം ജെനറേറ്റീവ് എ.ഐയുടെ കാലത്ത് നഷ്ടമാകുമോയെന്ന ആശങ്കക്കിടെയാണ് പുത്തന്‍ സങ്കേതങ്ങളുമായി ഗൂഗ്ളിന്റെ രംഗപ്രവേശം. ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ചാറ്റ് ബോട്ടുകള്‍ കളം നിറഞ്ഞതോടെ കഴിഞ്ഞ കുറച്ച് കാലമായി ഗൂഗ്ളും നിര്‍മിത ബുദ്ധിയുടെ പുറകെയാണ്. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം കാലിഫോണ്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ നടന്ന ഗൂഗ്ളിന്റെ വാര്‍ഷിക ഡവലപ്പര്‍ മീറ്റില്‍ കണ്ടത്. പുത്തന്‍ കാലത്തിനിണങ്ങുന്ന ജെമിനി 2.5 എ.ഐ അസിസ്റ്റന്റും എ.ഐ അധിഷ്ഠിത ഗൂഗ്ള്‍ സെര്‍ച്ചും സ്മാര്‍ട്ട് ഗ്ലാസുകളും അടക്കം ഗൂഗ്ള്‍ ഐ/ഒ 2025ലെ വിശേഷങ്ങള്‍ എന്തൊക്കെയാണ്... പരിശോധിക്കാം...
എന്ത് സംശയം വന്നാലും ഗൂഗ്ള്‍ ചെയ്ത് നോക്കാനായിരുന്നു കുറച്ച് കാലം മുമ്പ് വരെ പറഞ്ഞിരുന്നത്. ഇന്നത് മാറി. ഇപ്പോള്‍ ചാറ്റ് ജി.പി.ടിയോട് ചോദിച്ചില്ലെങ്കില്‍ മനസമാധാനം വരില്ലെന്നായി കാര്യങ്ങള്‍.ഗൂഗ്ളിനും ഇക്കാര്യം പിടികിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഗൂഗ്ള്‍ സെര്‍ച്ചില്‍ നിര്‍മിത ബുദ്ധി കൂടി ഉള്‍പ്പെടുത്തിയത്. യു.എസിലുള്ളവര്‍ക്ക് ഇനി ഗൂഗ്ള്‍ സെര്‍ച്ചില്‍ എ.ഐ മോഡും ലഭ്യമാണ്. അതായത് വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള ഒരു വിദഗ്ധനോട് സംസാരിക്കുന്നത് പോലെയാകും ഇനി ഗൂഗ്ള്‍ സെര്‍ച്ച്. ഓരോ വിഷയങ്ങളിലും വ്യക്തിഗത ഉത്തരങ്ങള്‍ നല്‍കാനും കൂടുതല്‍ ഗവേഷണം നടത്താനും ഇനി ഗൂഗ്ള്‍ സെര്‍ച്ചിലൂടെ കഴിയുമെന്നും കമ്പനി പറയുന്നു.
ഗൂഗ്ളിന്റെ എ.ഐ അസിസ്റ്റന്റായ ജെമിനിയില്‍ ഡീപ്പ് തിങ്ക് എന്നൊരു റീസണിംഗ് മോഡല്‍ കൂടി ഗൂഗ്ള്‍ ഉള്‍പ്പെടുത്തി. ഗണിത പ്രശ്‌നങ്ങള്‍ക്കും കോഡിംഗ് സംശയങ്ങള്‍ക്കും ഇനി ജെമിനി ഉത്തരം നല്‍കും. തിരഞ്ഞെടുത്ത സോഫ്റ്റ്‌വെയര്‍ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാകും ആദ്യഘട്ടത്തില്‍ ജെമിനി 2.5 പ്രോ എ.ഐ മോഡല്‍ എന്ന ഈ സൗകര്യം ലഭ്യമാവുക. സാധാരണക്കാര്‍ക്ക് വേണ്ടി ജെമിനി 2.5 ഫ്‌ളാഷ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
അടുത്തിടെ റെയ്ബാനുമായി ചേര്‍ന്ന് മെറ്റ പുറത്തിറക്കിയ സ്മാര്‍ട്ട് ഗ്ലാസിന് ബദലായി പുതിയ ആന്‍ഡ്രോയിഡ് എക്‌സ്.ആര്‍ ഗ്ലാസും ഗൂഗിള്‍ പുറത്തിറക്കി. എപ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലെടുക്കാതെ നിത്യജീവിതത്തിലെ പല ജോലികളും ഈ ഗ്ലാസിന്റെ സഹായത്തോടെ ചെയ്യാമെന്നാണ് കമ്പനി പറയുന്നത്. അതായത് സുഹൃത്തുക്കളുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും ഫോട്ടോയെടുക്കാനും വഴി കണ്ടുപിടിക്കാനും തത്സമയ തര്‍ജമക്കും ഇനി ഈ ഗ്ലാസ് മതിയെന്ന് അര്‍ത്ഥം. വരുന്നത് ധരിക്കാവുന്ന ഗാഡ്‌ജെറ്റുകളുടെ കാലമാണെന്ന് ടെക് വിദഗ്ധര്‍ പറയുന്നത് വെറുതെയല്ല. സാംസംഗുമായി ചേര്‍ന്ന് നിര്‍മിക്കുന്ന എക്‌സ്.ആര്‍ ഹെഡ്‌സെറ്റും ഇക്കൊല്ലം പുറത്തിറങ്ങും. ഗ്ലാസ് ഡിസൈനര്‍മാരായ വാര്‍ബി പാര്‍ക്കര്‍, ജെന്റില്‍ മോണ്‍സ്റ്റര്‍ എന്നിവരുമായി ചേര്‍ന്ന് എക്‌സ്.ആര്‍ ഹെഡ്‌സെറ്റുകള്‍ നിര്‍മിക്കുമെന്നും ഗൂഗ്ള്‍ അറിയിച്ചിട്ടുണ്ട്.
മറ്റൊരു ഭാഷ സംസാരിക്കുന്നയാളുമായുള്ള വീഡിയോ കോളില്‍ ഇനി ഭാഷ അറിയില്ലെന്ന ആശങ്ക വേണ്ട. പുതിയ ഗൂഗ്ള്‍ മീറ്റില്‍ തത്സമ തര്‍ജമ സാധ്യമാണെന്ന് ഗൂഗ്ള്‍. ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകളാണ് ലഭ്യമായിട്ടുള്ളത്. പിന്നാലെ മറ്റ് ഭാഷകളും വരുമെന്ന് ഗൂഗ്ള്‍ അറിയിച്ചിട്ടുണ്ട്. ഗൂഗ്ള്‍ ട്രാന്‍സ്‌ലേഷന്‍ റോബോട്ടിനെ പോലെ സംസാരിക്കുമെന്ന പേടിയും വേണ്ടെന്ന് ഗൂഗ്ള്‍ പറയുന്നു. സംസാരിക്കുന്നയാളിന്റെ ഭാഷാ പ്രയോഗങ്ങളും സംസാര രീതികളും മനസിലാക്കി ശരിക്കും നിങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ തന്നെ എതിരെയുള്ളയാളിന്റെ സംഭാഷണം കേള്‍ക്കാമെന്നാണ് ഗൂഗ്ള്‍ അവകാശപ്പെടുന്നത്. ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ഗൂഗ്ള്‍ മീറ്റിലെ കൂടിക്കാഴ്ചകള്‍ മടുത്തവര്‍ക്ക് എതിരെയുള്ളയാളിനെ നേരിട്ട് കണ്ട് സംസാരിക്കുന്ന ഫീല്‍ തരുന്ന ഗൂഗ്ള്‍ ബീം എന്നൊരു സംവിധാനവും ഗൂഗ്ള്‍ പ്രഖ്യാപിച്ചു. അതായത് സ്‌കൈഫൈ സിനിമകളില്‍ കാണുന്നപോലെ എതിരെയുള്ളയാളിന്റെ ത്രിഡി വിര്‍ച്വല്‍ രൂപവുമായി നേരിട്ട് സംസാരിക്കാം. ആറ് രീതികളില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമറയിലൂടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ എ.ഐ സഹായത്തോടെ ത്രീഡി പ്രതിബിംബമാക്കി മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്. സെക്കന്‍ഡില്‍ 60 ഫ്രെയിം റേറ്റില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചെറുതായൊന്ന് തലയനക്കുന്നത് പോലും എതിരെയുള്ളയാളിന് തത്സമയം കാണാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗൂഗ്ള്‍ മീറ്റിലെ തത്സമയ തര്‍ജമയും ബീമില്‍ ലഭ്യമാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. എച്ച്.പിയുടെ സഹായത്തോടെയാണ് ഗൂഗ്ള്‍ ഈ സംവിധാനം വാണിജ്യ അടിസ്ഥാനത്തില്‍ പുറത്തിറക്കാനൊരുങ്ങുന്നത്.
മനുഷ്യനേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും ജോലി ചെയ്യാന്‍ കഴിയുന്ന യൂണിവേഴ്‌സല്‍ എ.ഐ ഏജന്റ്, കൂടുതല്‍ എ.ഐ ഫംഗ്ഷനുകളുള്ള പ്രോജക്ട് ആസ്ട്ര, വീഡിയോ ജനറേഷനായി വിയോ 3 (Veo3) എന്നിവയും ഗൂഗ്ള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വിപണി മൂല്യത്തില്‍ 150 ബില്യന്‍ ഡോളറിന്റെ (ഏകദേശം 12.89 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായിരുന്നു. എ.ഐ അതിപ്രസരമുണ്ടായതോടെ ആപ്പിളിന്റെ വെബ് ബ്രൗസറായ സഫാരിയില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന വെളിപ്പെടുത്തലാണ് ഗൂഗ്ളിനും വിനയായത്. ഇതിന് പിന്നാലെ ഗൂഗ്ള്‍ സെര്‍ച്ചില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 50 മുതല്‍ 90 ശതമാനം വരെ കുറവുണ്ടാകുമെന്ന പഠനങ്ങളും പുറത്തുവന്നു. സാധാരണ സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ചിരുന്ന ഉപയോക്താക്കള്‍ ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ചാറ്റ്‌ബോട്ടുകളെ കൂടുതലായി ആശ്രയിക്കുമെന്നായിരുന്നു കണ്ടെത്തല്‍.
എന്നാല്‍ ഇതിനെയും അവസരമാക്കി മാറ്റാമെന്നാണ് ചില അനലിസ്റ്റുകള്‍ പറയുന്നത്. സങ്കീര്‍ണമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമൊരുക്കിയാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പക്ഷം. ഗൂഗ്ളിന്റെ ഏറ്റവും വലിയ വരുമാനം പരസ്യത്തിലൂടെയാണ് ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം മുന്നില്‍ കണ്ടുതന്നെയാണ് ചെലവിന്റെ കൂടുതല്‍ ഭാഗവും ഗൂഗ്ള്‍ നിര്‍മിത ബുദ്ധിക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധിക്കാലത്ത് കുറഞ്ഞ ചെലവില്‍ ഡീപ്പ് സീക്ക് പോലുള്ള ജനറേറ്റീവ് എ.ഐ മോഡലുകള്‍ കളം നിറയുമ്പോള്‍ ഗൂഗ്ള്‍ പോലുള്ള വമ്പന്‍ കമ്പനികള്‍ എങ്ങനെ മാറുമെന്നാണ് ഇപ്പോള്‍ ടെക് ലോകം കാത്തിരിക്കുന്നത്.
At Google I/O 2025, the company unveiled AI Mode in Search, the Gemini 2.5 model, and Project Astra, marking a transformative shift towards AI-driven search experiences.
Read DhanamOnline in English
Subscribe to Dhanam Magazine