
മിടുക്കന്‍മാരായ ജോലിക്കാര്‍ എതൊരു സ്ഥാപനത്തിന്റെയും അടിത്തറയാണ്. കമ്പനി ചെലവില്‍ അവരെ പരിശീലിപ്പിച്ചെടുത്ത ശേഷം അവര്‍ മറ്റു കമ്പനികളിലേക്ക് ചാടിപ്പോയാലോ? അതൊരു വലിയ നഷ്ടം തന്നെ. ഈ പ്രതിസന്ധി അതിജീവിക്കാന്‍ ഗൂഗ്ള്‍ വിചിത്രമായൊരു തന്ത്രമാണ് എടുക്കുന്നത്. എഐ ഡിവിഷനിലെ മിടുക്കന്‍മാര്‍ക്ക് വെറുതെ ശമ്പളം കൊടുക്കുക! അവര്‍ ജോലി ചെയ്തില്ലെങ്കിലും വേണ്ടില്ല; ചാടി പോകാതിരുന്നാല്‍ മതി.
നിര്‍മിത ബുദ്ധി വന്നതോടെ ടെക് ലോകത്ത് നടക്കുന്നത് മാരക കിടമല്‍സരമാണ്. പ്രമുഖ കമ്പനികളെല്ലാം ദിവസേനയെന്നോണമാണ് പുതിയ എഐ വേര്‍ഷനുകള്‍ പുറത്തിറക്കുന്നത്. എല്ലാം ഒന്നിനൊന്ന് മെച്ചം. മെറ്റ അടുത്തിടെ ലാമ 4 (Llama 4) കൂടി പുറത്തിറക്കിയതോടെ മല്‍സരം പാരമ്യത്തിലാണ്. ഇതോടെ ടെക്കികള്‍ക്കും ഡിമാന്റ് കൂടി. അവര്‍ക്കായി കമ്പനികളുടെ പിടിവലിയാണ്
ഗൂഗ്‌ളിന്റെ എഐ ഡിവിഷനായ ഡീപ്‌മൈന്‍ഡില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. യുകെയിലെ ഓഫീസുകളില്‍ ഏതാനും ജീവനക്കാര്‍ക്ക് കമ്പനി സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ്. ജോലിയൊന്നും ചെയ്യേണ്ടെന്നും ശമ്പളം നല്‍കുമെന്നും, എന്നാല്‍ എതിരാളികളായ കമ്പനികളിലേക്ക് പോകരുതെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
ഈ ആനൂകൂല്യം പക്ഷെ, മികവു പുലര്‍ത്താത്ത ജീവനക്കാര്‍ക്കില്ല. കമ്പനിയിലെ അതി വിദഗ്ധരായ, മറ്റൊരു കമ്പനിയില്‍ പോയാല്‍ വലിയ നഷ്ടമാകുന്ന ചിലരെയാണ് ഗൂഗ്ള്‍ തന്ത്രപരമായി കൂടെ നിര്‍ത്തുന്നത്.
വെറുതെയിരുന്ന് ശമ്പളം വാങ്ങാമെങ്കിലും ഈ ഓഫര്‍ മികച്ച ജീവനക്കാര്‍ക്ക് നല്ലതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐയില്‍ അതിവേഗമാണ് മാറ്റങ്ങള്‍ വരുന്നത്. വെറുതെ ഇരുന്നാല്‍ മാറ്റങ്ങള്‍ക്കൊപ്പം മുന്നേറാന്‍ അവര്‍ക്ക് കഴിയില്ല. ഫീല്‍ഡില്‍ നിന്ന് ഔട്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine