കാത്തിരിപ്പിനു വിരാമമിട്ട് ഗൂഗ്‌ളിന്റെ ആദ്യ ഫോള്‍ഡബ്ള്‍ ഫോണ്‍ അവതരിപ്പിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പിക്‌സല്‍ ടാബ്‌ലറ്റും ബജറ്റ് സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ 7എയും വിപണിയിലെത്തിച്ചിട്ടുണ്ട്. ഗൂഗ്‌ളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഐ/ഒ 2023 ലാണ് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്.
ഗൂഗ്ള്‍ പിക്‌സല്‍ ഫോള്‍ഡ്
സ്മാര്‍ട്ട് ഫോണില്‍ നിന്ന് ടാബ്‌ലറ്റ് ആക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് പിക്‌സല്‍ ഫോള്‍ഡ്. 5.8 ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ നിവര്‍ത്തിയാല്‍ 7.6 ഇഞ്ച് വലിപ്പമാകും. വിഡിയോ ഗെയിം, ഫയല്‍ എഡിറ്റിംഗ് എന്നിവയൊക്കെ സാധ്യമാകും വിധത്തിലാണ് രൂപകല്‍പ്പന. ഇന്ത്യയിലെ വില 1.47 ലക്ഷം രൂപ. ഇന്ത്യയില്‍ ഫ്‌ളിപ് കാര്‍ട്ട് വഴിയാണ് വില്‍പ്പന.
പിക്‌സല്‍ ഫോണിന്റെ രണ്ട് സ്‌ക്രീനുകളും ഒ.എല്‍.ഇ.ഡി പാനലുകളാണ്. വളരെ നേര്‍ത്ത ഗ്ലാസാണ് ഇന്നര്‍ സ്‌ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. ടെന്‍സര്‍ 2 പ്രോസസര്‍, 12 ജി.ബി റാം എന്നിവയാണ് ഫോണിന്റെ കരുത്ത്.
ഒപിറ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍(ഒ.ഐ.എസ്), സി.എല്‍.എ.എഫ്, എഫ്/1.7 അപേച്ചര്‍ എന്നിവയുള്ള 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് പിക്‌സല്‍ ഫോള്‍ഡിലുള്ളത്. 10.8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും എഫ്/22 അപേച്ചറും 5 എക്‌സ് ഒപ്റ്റിക്കല്‍ സൂമും 20 എക്‌സ് സൂപ്പര്‍ റെസ് സൂമും ഉള്ള 10.8 മെഗാപിക്‌സല്‍ ഡ്യുവല്‍ പി.ഡി ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുന്നു. 9.5 മെഗാപിക്‌സലിന്റേതാണ് പിന്‍ഭാഗത്തെ സെല്‍ഫി ക്യാമറ. അകത്ത് 8 മെഗാപിക്‌സലിന്റെ ക്യാമറയും ഉണ്ട്. മാജിക് ഇറേസര്‍, നൈറ്റ് സൈറ്റ്, ഫോട്ടോ അണ്‍ബ്ലര്‍, റിയല്‍ ടോണ്‍, ലോങ് എക്‌സ്‌പോഷര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. മെയ് 11 മുതല്‍ പ്രീ ഓര്‍ഡര്‍ ലഭ്യമാണെങ്കിലും ജൂണിലാണ് ഉപയോക്താക്കളുടെ കൈയ്യിലെത്തുക.
പിക്‌സല്‍ ടാബ്‌ലറ്റ്
ടാബ്‌ലറ്റ് ബിസിനസിലേക്കുള്ള തിരിച്ച് വരവ് ശക്തമാക്കുന്നുവെന്ന സൂചന നല്‍കിയാണ് ഗൂഗ്ള്‍ പുതിയ പിക്‌സല്‍ ടാബ്‌ലറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 41,000 രൂപയാണ് ഇന്ത്യയിലെ വില. 11 ഇഞ്ച് 2560X1600 പിക്‌സല്‍ എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ടാബ്‌ലറ്റിനുള്ളത്. ഏറ്റവും പുതിയ ടെന്‍സര്‍ ജി2 ആണ് ഗൂഗിള്‍ പിക്‌സല്‍ ടാബ്‌ലറ്റിലെയും പ്രോസസര്‍. ഇന്നു മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം. ജൂണ്‍ 20 മുതല്‍ ലഭ്യമായി തുടങ്ങുമെന്നാണ് ഗൂഗ്ള്‍ അറിയിക്കുന്നത്.
അഫോഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തിലാണ് ഗൂഗ്ള്‍ 7എ അവതരിപ്പിച്ചിരിക്കുന്നത്. വില 43,999 രൂപ. മുന്‍ഗാമിയായ പിക്‌സല്‍ 6എ യുടെ വിലനിലവാരം തന്നെയാണിത്. 8 ജി ബി റാം, 128 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് വാട്ടര്‍, ഡസ്റ്റ് പ്രതിരോധത്തിന് ഐ പി 67 റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രമാണ് വാങ്ങാനാകുക. 12 മണി മുതല്‍ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി. അവതരണത്തോടനുബന്ധിച്ച് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
എച്ച്.ഡി.എഫ്.സി ബാങ്ക് കാര്‍ഡ് വഴി വാങ്ങുമ്പോള്‍ 4,000 രൂപ ഡിസ്‌കൗണ്ട് ഓഫര്‍ ഉണ്ട്. ഇ.എം.ഐ ക്ക് ഓഫര്‍ ലഭിക്കില്ല. തിരഞ്ഞെടുത്ത ചില സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ അല്ലെങ്കില്‍ പിക്‌സല്‍ ഡിവൈസുകള്‍ എക്‌സ്‌ചേഞ്ച് ചെയ്താലും 4,000 രൂപയുടെ കിഴിവ് ലഭിക്കും. പിക്‌സല്‍ 7 എ യ്ക്ക് ഒപ്പം ഫിറ്റ് ബിറ്റ് ഇന്‍സ്പയര്‍ 2, പിക്‌സല്‍ ബഡ്സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വാങ്ങിയാല്‍ 3999 രൂപയും ഓഫറുണ്ട്. ഒരു വര്‍ഷത്തേക്ക് സ്‌ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷന്‍, യൂട്യൂബ് പ്രീമിയം, ഗൂഗ്ള്‍ വണ്‍ എന്നിവയില്‍ മൂന്ന് മാസത്തെ ട്രയല്‍ എന്നിവയും ലഭിക്കും.
90 Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഫുള്‍ എച്ച് ഡി.ആര്‍.ഡി ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയാണ് 7എയിലുള്ളത്. ടെന്‍സര്‍ ജി 2 ആണ് ഗൂഗ്ള്‍ പിക്‌സല്‍ 7 എയിലും ഉപയോഗിച്ചിരിക്കുന്ന പ്രോസസര്‍. 4,385 എം.എഎച്ച് ആണ് ബാറ്ററി. വയര്‍ലെസ് ചാര്‍ജറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍മോഡലിനെ അപേക്ഷിച്ച് കാമറയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ 7എയില്‍ കൊണ്ടു വന്നിട്ടുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. അള്‍ട്രാ വൈഡ് ആംഗിള്‍ ക്യമറയും 13 മെഗാപിക്‌സല്‍ സെന്‍സറിലേക്ക് അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.
ബ്രഷ്ഡ് അലൂമിനിയം സൈഡ് റെയില്‍, ഇരട്ട ലെന്‍സ് ഉള്‍ക്കൊള്ളുന്ന വെര്‍ട്ടിക്കല്‍ ക്യാമറ ബാര്‍ എന്നിങ്ങനെ ഒറ്റ നോട്ടത്തില്‍ പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നിവയുമായി സാദൃശ്യമുള്ള ഡിസൈനാണ് 7എയുടേത്. പിന്‍ഭാഗം പ്ലാസ്റ്റിക്കാണെങ്കിലും നല്ല കരുത്തുള്ളതാണ്. മുന്‍ മോഡലുകളേക്കാള്‍ ഭാരക്കുറവാണ്. 193 ഗ്രാമാണ് ഭാരം. ചാര്‍ക്കോള്‍ ബ്ലാക്ക്, സ്‌നോ വൈറ്റ്, ന്യൂ സീബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്.
എ.ഐയ്ക്കും മുന്‍ഗണന
പിക്‌സല്‍ ഫാമിലിയിലേക്ക് പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചതു കൂടാതെ വര്‍ക്ക് സ്‌പേസിലും സെര്‍ച്ചിലും പുതിയ നിര്‍മിത ബുദ്ധിയും(എ.ഐ) ഗൂഗ്ള്‍ കൊണ്ടു വന്നിട്ടുണ്ട്. ഗൂഗ്‌ളിന്റെ ലാര്‍ജ് ലാംഗ്വേജ് മോഡലായ PaLM2 ന്റെ പിന്തുണയോടെയുള്ള എ.ഐ സ്‌നാപ് ഷോട്ടാണ് ഗൂഗ്ള്‍ സെര്‍ച്ചില്‍ ഉണ്ടാവുക. ഗൂഗ്‌ളിന്റെ നിര്‍മിത ബുദ്ധി ചാറ്റ് ബോട്ടായ ബാര്‍ഡ് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുകയാണ് ഇതുവഴി.പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് 14 ലും എ.ഐ ഉള്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തികള്‍, ബിസിനസുകള്‍, കമ്മ്യൂണിറ്റികള്‍ എന്നിവയ്ക്ക് ഗുണകരമാകുന്ന വിധത്തില്‍ ഐ.ഐയെ ഉപയോഗപ്പെടുത്താനാണ് ഗൂഗ്ള്‍ ലക്ഷ്യമിടുന്നതെന്ന് സി.ഇ. സുന്ദര്‍ പിച്ചെ ഐ/ഒ 2023 കോണ്‍ഫറന്‍സില്‍ പറഞ്ഞു.ഗൂഗ്ള്‍ സെര്‍ച്ച് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന സേവനങ്ങളിലും എ.ഐ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും. മെയ്‌ലുകള്‍ എഴുതുന്നത് എളുപ്പത്തിലാക്കാനുള്ള 'ഹെല്‍പ് മി റൈറ്റ്' സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.