ജിമെയിലിന്റെ സ്റ്റോറേജ് പരിധി കഴിഞ്ഞോ? ഗൂഗിള്‍ അധികമാരോടും പറയാത്തൊരു പരിഹാരമുണ്ട്

വാട്‌സ്ആപ്പ് മെസേജിംഗ് ആപ്പിലെ ഡാറ്റ ബാക്കപ്പിനായി ഗൂഗിള്‍ അക്കൗണ്ട് സ്റ്റോറേജ് ഉപയോഗിച്ചു തുടങ്ങിയതോടെ മുട്ടന്‍ പണി കിട്ടിയവരാണ് നമ്മളില്‍ പലരും. ഗൂഗിള്‍ സൗജന്യമായി നല്‍കുന്ന 15 ജി.ബി സ്റ്റോറേജ് സ്മാര്‍ട്ട് ഫോണിലെ ഫോട്ടോ, വീഡിയോ, മറ്റ് ഫയലുകള്‍ എന്നിവ ബാക്കപ്പ് ചെയ്താല്‍ തന്നെ തീര്‍ന്നുപോകും. വാട്‌സ്ആപ്പിലെ ബാക്കപ്പ് താത്കാലികമായി നിറുത്തിവച്ചാണ് സാധാരണക്കാര്‍ ഇതിനെ നേരിടുന്നത്. പക്ഷേ ഫോണ്‍ മാറുകയോ വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരികയോ ചെയ്താല്‍ അതീവ പ്രധാന്യമുള്ള പല ചാറ്റുകളും ഫയലുകളും ബാക്കപ്പ് ഇല്ലാത്തത് കൊണ്ട് നഷ്ടമാകും. ഗൂഗിള്‍ അക്കൗണ്ടിലെ സ്റ്റോറേജ് തീര്‍ന്നത് മൂലം പ്രാധാന്യമുള്ള പല ഇമെയിലുകളും സ്വീകരിക്കാന്‍ കഴിയാതെ വരികയും ചെയ്യും. എന്താണ് ഇതിനൊരു പരിഹാരം. പണം കൊടുത്ത് ഗൂഗിള്‍ സ്റ്റോറേജ് വാങ്ങുകയേ വഴിയുള്ളൂ. എന്നാല്‍ ഇങ്ങനെ സ്‌റ്റോറേജ് വാങ്ങാന്‍ പ്രതിമാസം 130 രൂപ ചെലവാകുമെന്നതിനാല്‍ ആരും ഇതിന് മെനക്കെടാറില്ലെന്നതാണ് സത്യം.
അതേസമയം, കുറഞ്ഞ ചെലവില്‍ സ്റ്റോറേജ് കൂടുതലായി വാങ്ങാന്‍ ഗൂഗിള്‍ വണ്‍ ലൈറ്റ് എന്നൊരു സംവിധാനം ഗൂഗിളിനുണ്ട്. ഓരോ മാസവും 59 രൂപ മുടക്കിയാല്‍ 30 ജിബി സ്റ്റോറേജ് അധികമായി ലഭിക്കും. ഇത് ജിമെയില്‍, ഫോട്ടോസ്, ഡ്രൈവ് എന്നിവയ്ക്ക് വേണ്ടി ഷെയര്‍ ചെയ്യുകയുമാകാം. ആദ്യ ഒരുമാസത്തേക്ക് സൗജന്യമായി പ്ലാന്‍ ഉപയോഗിക്കാനുള്ള ട്രയല്‍ ലഭിക്കും. 26 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്ന വാര്‍ഷിക പ്ലാന്‍ ഇതിനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗൂഗിള്‍ വണ്ണിന്റ നിലവിലുള്ള പ്ലാനുകള്‍ ഒരുവര്‍ഷത്തേക്ക് സബ്‌സ്‌ക്രൈബ് ചെയ്താല്‍ 26 ശതമാനം വരെ ഉളവ് ലഭിക്കും.

അതേസമയം, ഗൂഗിള്‍ വണ്‍ ലൈറ്റ് പ്ലാന്‍ നിലവില്‍ പരീക്ഷണത്തിലാണെന്നും എല്ലാവര്‍ക്കും ഈ പ്ലാന്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതലാളുകളിലേക്ക് ഓഫര്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

Related Articles

Next Story

Videos

Share it