ഗൂഗിള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നത് 12,000 ജോലികള്‍

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ഏകദേശം 12,000 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇത് കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 6 ശതമാനത്തിലധികം വരും. ഇത്തരത്തില്‍ ജോലി വെട്ടിക്കുറയ്ക്കുന്നത് ആഗോളതലത്തിലും കമ്പനിയിലുടനീളമുള്ള ജോലികളെ ബാധിക്കുമെന്നും ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചു.

ചെലവ് നിയന്ത്രിക്കുന്നതിനും കഴിവും പണവും ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനകളിലേക്ക് നീക്കിവയ്ക്കുന്നതിനുമുള്ള നിര്‍ണായക സമയമാണിതെന്നും പിച്ചൈ ഇമെയിലില്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന ഭീഷണി, കുതിച്ചുയരുന്ന പണപ്പെരുപ്പം എന്നിവയ്ക്കിടയില്‍ പ്രവര്‍ത്തനം ഗണ്യമായി മോശമായതും ഗൂഗിളിനെ ഈ തീരുമാനത്തിലെത്തിക്കാന്‍ കാരണമായി. ഈയടുത്തകാലത്തായി മെറ്റ, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ വമ്പന്‍ ടെക് കമ്പനികളും കൂട്ട പിരിച്ചുവിടലുകള്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ചെലവ് നിയന്ത്രിക്കുന്നതിന് ഇത്തരം തീരൂമാനങ്ങള്‍ സ്വീകരിക്കാനുള്ള നിക്ഷേപകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗൂഗിളിന്റെ ആളുകളുടെ എണ്ണം കുറയ്ക്കുന്നതെന്നും കമ്പനി അറിയിച്ചു. ഒക്ടോബറില്‍ കമ്പനിയുടെ ലാഭം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം കുറഞ്ഞ് 13.9 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ഗൂഗിള്‍ ഇനി ചെലവുകള്‍ നിയന്ത്രിക്കുമെന്ന് അന്ന് പിച്ചൈ പറഞ്ഞിരുന്നു. മുന്‍ കാലയളവിനെ അപേക്ഷിച്ച് നാലാം പാദത്തില്‍ പുതിയ ജോലികളുടെ എണ്ണം പകുതിയിലധികം കുറയുമെന്ന് അന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത്ത് പൊറാത്തും പറഞ്ഞിരുന്നു. ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ചലഞ്ചര്‍, ഗ്രേ ആന്‍ഡ് ക്രിസ്മസ് പറയുന്നതനുസരിച്ച് 2022-ല്‍ ഏറ്റവും കൂടുതല്‍ ജോലി വെട്ടിക്കുറച്ചത് ടെക് മേഖലയിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it