പിക്‌സലിന്റെ പുതിയ ഫോണുകളെത്തി, ഇത്തവണ ഗൂഗിളിന്റെ സ്വന്തം പ്രൊസസര്‍

ഏറ്റവും പുതിയ പിക്‌സല്‍ ഫോണുകള്‍ പുറത്തിറക്കി ഗൂഗിള്‍. പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രൊ എന്നീ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചത്. ഗൂഗിളിന്റെ സ്വന്തം പ്രൊസസര്‍ ടെന്‍സറിലാണ് ഇത്തവണ ഫോണുകള്‍ എത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവ കൂടുതല്‍ മികച്ച രീതിയലാക്കുകയാണ് പുതിയ പ്രൊസസറിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.

ഐ ഫോണിനും സാംസങ്ങ് ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ക്കും പകരക്കാരനാവുക എന്ന ലക്ഷ്യം ഗൂഗിള്‍ മുമ്പില്‍ കണ്ടിട്ട് കുറച്ചായി. അതിന്റെ ഭാഗമായിരുന്നു പ്രൊസസറില്‍ ഉള്‍പ്പടെയുള്ള മാറ്റം. ഇത്തവണ ഡിസൈനിലും മാറ്റങ്ങളോടെയാണ് പിക്‌സലിന്റെ ഈ 5ജി ഫോണുകള്‍ എത്തുന്നത്. ബാര്‍ ഡിസൈനിലാണ് പിന്‍ ക്യാമറകള്‍ നല്‍കിയിരിക്കുന്നത്.
വെറും ഒരു ക്യാമറ മാത്രം ഫോണില്‍ ഉള്‍പ്പെടുത്തി മറ്റ് കമ്പനികളുടെ മൂന്നും നാലും ക്യാമറകളുള്ള മോഡലുകളെ കടത്തിയ വെട്ടിയ ചരിത്രം ഗൂഗിളിനുണ്ട്. പിക്‌സല്‍ ഫോണുകളുടെ പ്രധാന ആകര്‍ഷണവും ക്യാമറകള്‍ തന്നെയാണ്. പിക്‌സല്‍ 6ന് പിന്നില്‍ രണ്ട് ക്യാമറകളും പിക്‌സല്‍ പ്രൊയ്ക്ക് മൂന്ന് ക്യാമറകളും ആണ് നല്‍കിയിരിക്കുന്നത്.
ഡ്യുവല്‍ സിം( നാനോ+ ഇ-സിം) സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ ആന്‍ഡ്രോയിഡ് 12ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് മോഡലുകളിലും ഹെഡ്‌സെറ്റ് ജാക്ക് ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഡിസ്‌പ്ലെയ്ക്ക് ഉള്ളിലാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍. ഓരേ ശേഷിയുള്ള പ്രൊസസറാണ് രണ്ട് മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്.
പിക്‌സല്‍ 6ന് 599 യുഎസ് ഡോളറും (45,000 രൂപ) പിക്‌സല്‍ 6 പ്രൊയ്ക്ക് 899 ഡോളറും (ഏകദേശം 67500) ഡോളറും ആണ് വില. രണ്ട് മോഡലുകളുടെയും പ്രീബുക്കിംഗ് യുഎസില്‍ ആരംഭിച്ചു. ഒക്ടോബര്‍ 28ന് ആണ് വില്‍പ്പന ആരംഭിക്കുന്നത്. പതിവുപോലെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഫോണ്‍ എന്ന് എത്തുമെന്ന സൂചന ഗൂഗിള്‍ ഇതുവരെ നന്നിട്ടില്ല.
Pixel 6 സവിശേഷതകള്‍
  • 6.4 ഇഞ്ച് Full HD+ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഫോണിന്. 90 Hz ആണ് റിഫ്രഷ് റേറ്റ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി +256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് പിക്‌സല്‍ 6ന് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. പിന്നില്‍ രണ്ട് ക്യാമറകളാണുള്ളത്. 50 എംപിയുടേതാണ് പ്രധാന ക്യാമറ. 12 എംപിയുടെ അള്‍ട്രാ വൈഡ് ഷൂട്ടറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സെല്‍ഫി ക്യാമറ 8 എംപിയാണ്.
  • അനാവശ്യമായവ ഫോട്ടോയില്‍ നിന്ന് മായ്ച് കളയാനുള്ള മാജിക് ഇറേസര്‍, മോഷന്‍ മോഡ്, റിയല്‍ ടോണ്‍, ഫേസ് അണ്‍ ബ്ലര്‍, സ്‌നാപ് ചാറ്റിനായുള്ള ക്വിക്ക് ടാപ്പ് ഓപ്ഷന്‍ തുടങ്ങിയക്യാമറ ഫീച്ചറുകള്‍ പുതിയ മോഡലുകളില്‍ ഗൂഗില്‍ നല്‍കിയിട്ടുണ്ട്. 4,614 എംഎഎച്ചിന്റെ ബാറ്ററി 30 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോട് കൂടിയതാണ്.
pixel 6 pro സവിശേഷതകള്‍
  • 6.7 ഇഞ്ചിന്റെ QHD+ LTPO ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഫോണിന്. പ്രൊസസര്‍ പിക്‌സല്‍ 6ന് സമാനമാണ്. 50എംപി+ 48 എംപി( ടെലിഫോട്ടോ ഷൂട്ടര്‍)+ 12 എംപി( അള്‍ട്രാ വൈഡ്) എന്നിങ്ങനെയുള്ള ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് നല്‍കിയിരിക്കുന്നത്. 12 ജിബി റാം +128 ജിബി സ്റ്റോറേജ്, 12 ജിബി+ 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ ലഭ്യമാണ്. 30 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടോട് കൂടിയ 5,003 എംഎഎച്ചിന്റേതാണ് ബാറ്ററി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it