വായ്പാ ആപ്പുകള്‍ ഉള്‍പ്പടെ 200 ഓളം ചൈനീസ് ആപ്പുകള്‍ വിലക്കി കേന്ദ്രം

വാതുവെപ്പ്, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃതമായി വായ്പ നല്‍കല്‍ തുടങ്ങിയവയില്‍ പങ്കുള്ളതായി ആരോപിച്ച് 232 ചൈനീസ് ആപ്പുകള്‍ക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (MeitY) വിലക്ക് ഏര്‍പ്പെടുത്തി. ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ ആപ്പുകള്‍ നിരോധിച്ചത്. വിലക്കിയ 232 ആപ്പുകളില്‍ 138 എണ്ണം വാതുവെപ്പ് ആപ്പുകളും 94 എണ്ണം വലിയ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന ആപ്പുകളുമാണ്.

തല്‍ക്ഷണ വായ്പാ ആപ്പുകളെ കുറിച്ച് ഒന്നിലധികം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വായ്പ അടയ്ക്കുന്നതിലെ കാലതാമസം മൂലം ഈ ആപ്പുകളുടെ ഉടമകളില്‍ നിന്ന് കനത്ത പലിശനിരക്ക് ഈടാക്കുന്നു. കൂടാതെ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. പൗരന്മാരുടെ ഡാറ്റ പരിരക്ഷിക്കുന്നതിനും ഈ ആപ്പുകള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, മറ്റ് രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയെല്ലാം സംരക്ഷിക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. മുമ്പ് 2020 ജൂണില്‍ കേന്ദ്രം ടിക്‌ടോക്ക്, ഷെയര്‍ഇറ്റ്, യൂസി ബ്രൗസര്‍ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു.

2020 സെപ്റ്റംബറില്‍ ഗെയിമിംഗ് ആപ്പായ പബ്ജി ഉള്‍പ്പടെ 117 ആപ്പുകളും നിരോധിച്ചിരുന്നു. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, വീഡിയോ കോണ്‍ഫറന്‍സിങ്, സംഗീതം, വിനോദം എന്നിവയുമായി ബന്ധപ്പെട്ട നാനൂറോളം ആപ്പുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it