ഇതാ 'ടെക് ഡയറ്റ്' ഉള്‍പ്പെടെ ചില 'സ്മാര്‍ട്ട്' കാര്യങ്ങള്‍ ചെയ്ത് നോക്കൂ, ജീവിതം മാറിമറിയും

പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് നമ്മുടെ ജീവിതത്തിലേക്ക് നിബ്ദമായി കടന്നു വന്നൊരു കാര്യമാണ് ഡിജിറ്റല്‍ ആസക്തി. വീടിനുള്ളില്‍ തളയ്ക്കപ്പെട്ടപ്പോള്‍ ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്താനുള്ള ഉപാധിയായി സ്‌ക്രീനുകള്‍ മാറി. സാമൂഹ്യവത്കരണം, വിദ്യാഭ്യാസം, വിനോദം, വാര്‍ത്ത കാണല്‍, ഷോപ്പിംഗ്, വിവാഹങ്ങളില്‍ പങ്കെടുക്കല്‍, സമരങ്ങള്‍ തുടങ്ങി എല്ലാം വെര്‍ച്വലായി മാറി.

ബന്ധങ്ങള്‍ നിലനിര്‍ത്താനോ ബോറടി മാറ്റാനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ആയാലും നമ്മുടെ ദിവസങ്ങള്‍ സ്‌ക്രീനുമായി ബന്ധപ്പെട്ട് ആയതോടെ, ഏറെ സമയം ഓണ്‍ലൈനില്‍ ആകുന്നത് അസാധാരണമല്ലാതാവുകയും അതേകുറിച്ചുള്ള ഉത്കണ്ഠ ഉയരുകയും ചെയ്തു. വേള്‍ഡ് അഡ്വര്‍ടൈസിംഗ് റിസര്‍ച്ച് സെന്ററിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ പ്രതിദിനമുള്ള ഓണ്‍ലൈന്‍ കണ്ടന്റ് ഉപഭോഗം (സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍, ടാബ്ലെറ്റുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലൂടെ) 2020 ല്‍ ഇരട്ടിയായി.
2020 നവംബറില്‍ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റി നടത്തിയ മറ്റൊരു പഠനം പറയുന്നത്; ടെക്‌നോളജി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകളാണ് ടെക്‌നോളജി ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുന്നത്. ടെക്‌നോളജി അടിമത്തം എങ്ങനെ ആരോഗ്യകരമാക്കി മാറ്റാം എന്ന് ചിന്തിക്കാന്‍ ഇന്നത്തെ സാഹചര്യം നമ്മെ നിര്‍ബദ്ധിതരാക്കുന്നു.
സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ (Dgital Detox), അവയുടെ ഉപഭോഗം പരമാവധി കുറയ്ക്കല്‍ (Digital Minimalism), സൈബര്‍ ഡയറ്റ്, ടെക്‌നോളജി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു നില്‍ക്കല്‍ (Dopamine fasting) തുടങ്ങിയവയാണ് പുതിയ ആരോഗ്യമന്ത്രങ്ങള്‍. മാത്രമല്ല, ഇത്തരം ടെക് ഡയറ്റിന് പകരമായി മാനസികമായും ശാരീരികമായും ഡിജിറ്റലായും മറ്റു ശീലങ്ങള്‍ തുടങ്ങാം.
സ്‌ക്രീനിനെ കുറിച്ചുള്ള ഉത്കണ്ഠ ലഘൂകരിക്കുന്നതിന് ടെക്‌നോളജി ഉപയോഗം സംബന്ധിച്ച് സ്വയം അവബോധം വളര്‍ത്തുകയാണ് വേണ്ടത്. സ്‌ക്രീന്‍ ടൈം ഗുണകരമായ കാര്യത്തിനും അല്ലാത്തതിനുമായി കൃത്യമായി വേര്‍തിരിച്ച് ഉപഭോഗം ക്രമീകരിക്കുക എന്നതാണ് ആദ്യത്തെ പടി.
ഒരുപാടു സമയം സ്‌ക്രീനില്‍ ചെലവഴിക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഉറക്കവും ഉല്‍പ്പാദനപരമായ ജോലികള്‍ ചെയ്യുന്നതിനെ ഇല്ലാതാക്കുമെന്നും മനഃശാസ്ത്ര ജേര്‍ണലുകള്‍ വ്യക്തമാക്കുന്നു.
പുലര്‍ച്ചെ ആളുകള്‍ ആദ്യം തേടുന്നതും രാത്രിയില്‍ അവസാനം കാണുന്നതും ഗാഡ്ജറ്റുകളാണ്. ചില ലളിതമായ പരിഹാരമാര്‍ഗങ്ങള്‍ ഉപയോഗപ്രദമാകുന്നത് ഇവിടെയാണ്. ഉദാഹരണത്തിന്, മൊബീല്‍ ഫോണ്‍ അലാം ആയി ഉപയോഗിക്കാതെ എന്തുകൊണ്ട് ഒരു അലാംക്ലോക്ക് വാങ്ങിച്ചു കൂടാ?
ഫോണിന്റെ സാമീപ്യം പോലും നമ്മെ ഉണര്‍ത്താന്‍ പ്രേരിപ്പിച്ചേക്കാം. സ്‌ക്രീനില്‍ നിന്നുള്ള നീല വെളിച്ചം ഏതു സമയത്തെയും പകല്‍സമയമാണെന്ന് മസ്തിഷ്‌കത്തെ തെറ്റിദ്ധരിപ്പിക്കുകയും മനഃശാസ്ത്രപരമായി ഉണരാനുള്ള ചോദന ഉണ്ടാവുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ ബോധപൂര്‍വം തന്നെ ഗാഡ്ജറ്റുകളെ കിടപ്പുമുറിക്ക് പുറത്തുവെക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കില്ലേ?
ഒരു സ്‌ക്രീന്‍ നമ്മള്‍ ഷട്ട് ഡൗണ്‍ ചെയ്താലും മറ്റൊന്ന് തുറന്നു നോക്കാനുള്ള പ്രവണത ഉണ്ടാകും. ഇത്തരത്തില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നത് ഒഴിവാക്കാന്‍ അവ സ്വിച്ച് ഓഫ് ചെയ്ത് വെക്കുന്നതാകും നല്ലത്.
പകരം, വേഗത്തിലുള്ള നടത്തം, യോഗ, മെഡിറ്റേഷന്‍, വ്യായാമം, പുസ്തക വായന, പാചകം, ഗാര്‍ഡനിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം. സ്ഥിരമായി ഡിജിറ്റലിലേക്ക് വ്യതിചലിക്കുന്നതിലൂടെ നമ്മുടെ ഉന്മേഷം കളയുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉദാഹരണമായെടുത്താല്‍ അവ എത്ര നേരം വേണമെങ്കിലും അപ്‌ഡേറ്റുകള്‍ കണ്ടു കൊണ്ട് സ്‌ക്രോള്‍ഡൗണ്‍ ചെയ്ത് പോകാവുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ സൈറ്റുകളില്‍ ചെലവിടുന്ന നമ്മുടെ സമയം കൂട്ടിക്കൊണ്ടിരിക്കുന്നു. കൂടാതെ വ്യാജ വാര്‍ത്തകള്‍, ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ലിങ്കുകള്‍, വിവരങ്ങളുടെ അതിപ്രസരം തുടങ്ങിയവയൊക്കെ നമ്മില്‍ ഉത്കണ്ഠയുളവാക്കുന്നു.
ഒരു ദിവസം ഇത്ര സമയം മാത്രം സ്‌ക്രീനില്‍ ചെലവിടുമെന്ന് നിശ്ചയിച്ച് ഉറപ്പിച്ചു തന്നെ നമ്മെ സ്‌ക്രീനില്‍ തളച്ചിടുന്ന ഇത്തരം കൊളുത്തുകളെ പ്രതിരോധിക്കേണ്ടതുണ്ട്. എന്നിട്ടും പ്രലോഭനം അതിജീവിക്കാനാവുന്നില്ലെങ്കില്‍ നമ്മുടെ ഫോണില്‍ നിന്ന് സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് പോലും ആലോചിക്കണം.
കടുത്ത ആസക്തി പുലര്‍ത്തുന്നവര്‍ ബാത്റൂമുകളില്‍ പോലും ഗാഡ്ജറ്റുകള്‍ കൊണ്ടു പോകുന്നു, ഭക്ഷണം കഴിക്കുമ്പോഴും വാഹനമോടിക്കുമ്പോഴും അവ ഉപയോഗിക്കുന്നു. 'നോ ഗാഡ്ജറ്റ് സോണുകള്‍' സൃഷിക്കുകയും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നതിനും ഇടവേളകളെടുക്കുന്നതിനുമൊക്കെ നിശ്ചിത സമയം നിശ്ചയിക്കുന്നതും ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ടെക്‌നോളജി ആസക്തിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യുഎസില്‍ മാര്‍ച്ചിലെ ആദ്യ വാരാന്ത്യത്തില്‍ 'നാഷണല്‍ ഡേ ഓഫ് അണ്‍പ്ലഗ്ഗിംഗ്' ആയി ആഘോഷിക്കുന്നു.
ജീവിതം ഗാഡ്ജറ്റുകളില്‍ കുരുങ്ങുന്നുവെന്ന് തോന്നുന്നവര്‍ എടുക്കുന്ന മറ്റൊരു മാര്‍ഗമാണ് ടെക് ഷബ്ബത്ത് (വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച വൈകുന്നേരം വരെ ടെക് ഉപകരണങ്ങള്‍ ഉപേക്ഷിക്കുന്ന രീതി).
ഇന്റര്‍നെറ്റ്, ടിവി, മൊബീല്‍ ഫോണുകള്‍ എന്തിന് സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍ പോലും ഒഴിവാക്കുന്ന ഉീുമാശില ളെേമശിഴ അനുവര്‍ത്തിക്കുന്നത് നമ്മുടെ മസ്തിഷ്‌കത്തെ പുനഃക്രമീകരിക്കാനും കൂടുതല്‍ മെച്ചപ്പെടുത്താനും നല്ലതാണ്.
ഇത്തരത്തിലുള്ള ചെറു ഇടവേളകള്‍ ആസൂത്രണം ചെയ്ത് സ്വയം കണ്ടെത്താന്‍ സമയം ചെലവഴിക്കുക. സ്‌ക്രീനില്‍ ചെലവിടുന്നത് എല്ലാം മോശമാണെന്നല്ല. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിക്കുന്നു, പലരും ഓഫീസ് ജോലികള്‍ ഓണ്‍ലൈനായി ചെയ്യുന്നു. അതേസമയം സ്‌ക്രീനില്‍ തെളിയുന്നതിലെല്ലാം മുഴുകിയിരിക്കാതെ അര്‍ത്ഥവത്തായ കണ്ടന്റുകള്‍ മാത്രം കണ്ടെത്തി ഉപയോഗിക്കുന്നത് പ്രധാനമാണ്. Flipd, Shut, Mute, Moment തുടങ്ങിയ ഉപകാരപ്രദവും സൗജന്യവുമായ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ ഉപയോഗം കുറയ്ക്കുന്നതിനും ജാഗ്രതയോടെയുള്ള ഉപയോഗത്തിനും സഹായിക്കും.
എന്നാല്‍ ആസക്തി കൈവിട്ടു പോയ സ്ഥിതിയിലാണെങ്കില്‍ അത് അക്കാദമിക്, സോഷ്യല്‍, തൊഴില്‍പരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണെങ്കില്‍ ടഒഡഠ (Services for Healthy Use of Technology) ക്ലിനിക്കിനെ ആശ്രയിക്കാം. ആരാണ്, എന്താണ് പ്രധാനമെന്ന് കണ്ടെത്താന്‍ പകര്‍ച്ചവ്യാധി നമ്മെ സഹായിച്ചതു പോലെ ഡിജിറ്റലായി പ്രാധാന്യമുള്ളത് എന്‍കോഡ് ചെയ്യാനും ഇത് നമ്മെ സഹായിക്കുമെന്ന് കരുതാം.
(ബാംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)


Rishikesh K B
Rishikesh K B  

Related Articles

Next Story

Videos

Share it