സൂപ്പര്‍ ആപ്പുകള്‍ക്കൊരു ഇന്ത്യന്‍ ആസ്വാദനക്കുറിപ്പ്

ടാറ്റ ന്യൂ എത്തിയതോടെ രാജ്യത്തെ സൂപ്പര്‍ ആപ്പ് ചര്‍ച്ചകള്‍ക്ക് വേഗം കൂടുകയാണ്. ഏതൊരു കാര്യത്തെയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവും. സൂപ്പര്‍ ആപ്പുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. യുപിഐ പേയ്‌മെന്റ് മുതല്‍ ഷോപ്പിംഗിനും ടിക്കറ്റ് ബുക്കിംഗിനും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഒരൊറ്റ ആപ്പ് എന്നതാണ് സൂപ്പര്‍ ആപ്പിനെ പ്രിയപ്പെട്ടതാക്കുന്നതെന്ന്‌ അനുകൂലികള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

എന്നാല്‍ വലിയ നിയന്ത്രണങ്ങള്‍ ഉള്ള, സേവനങ്ങള്‍ നല്‍കാന്‍ അധികം കമ്പനികളൊന്നുമില്ലാത്ത രാജ്യങ്ങളിലാണ് സൂപ്പര്‍ ആപ്പുകള്‍ വിജയിക്കുക എന്ന് കരുതുന്നവരും ഉണ്ട്. ചൈനയിലെ വീചാറ്റാണ് അവര്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം. ഇന്ത്യയെ പോലെ ഉല്‍പ്പന്ന നിരയില്‍ വൈവിധ്യമുള്ള വിപണികളില്‍ സൂപ്പര്‍ ആപ്പുകള്‍ വിജയിക്കില്ലെന്നാണ് ഇവരുടെ വാദം. പല നിയന്ത്രണങ്ങളുമുള്ള ചൈനയിലെ പ്രധാന സൂപ്പര്‍ ആപ്പുകളാണ് വീചാറ്റും ആലിപേയും. അതില്‍ രാജ്യത്തെ ജനസംഖ്യയില്‍ 83 ശതമാനവും വീചാറ്റ് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.

പ്രത്യേക ബ്രാന്‍ഡിനോട് വിധേയത്വമുള്ളവര്‍, വിലക്കുറവ് നോക്കി പോവുന്നവര്‍ എന്നിങ്ങനെ ഉപഭോക്താക്കളെ പൊതുവെ രണ്ടായി തിരിക്കാറുണ്ട്. രണ്ടാമത് പറഞ്ഞ വിഭാഗം, ബ്രാന്‍ഡുകളെക്കാള്‍ ഉല്‍പ്പന്നങ്ങളുടെ വില പരിഗണിക്കുന്നവരാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് പലരെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് വലിയ വിലക്കിഴിലുകള്‍ തന്നെയാണ്. അടുത്തിടെ മീഷോ എന്ന ഇ-കൊമേഴ്‌സ് കമ്പനി നേടിയ വളര്‍ച്ചയ്ക്ക് പിന്നില്‍ കുറഞ്ഞ വിലയും ഓഫറുകളുമായിരുന്നു.

ഇ-കൊമേഴ്‌സ് സേവനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മ്യൂസിക് കേള്‍ക്കാന്‍ സ്‌പോട്ടിഫൈ എന്ന പോലെ ഓരോരുത്തര്‍ക്കും ചിലപ്പോള്‍ പ്രിയപ്പെട്ട ആപ്പുകളും കാണും. മറ്റൊന്ന് ചില ആപ്പുകളുടെ മേല്‍ പതിയുന്ന മുന്‍ധാരണകളാണ്. രാജ്യത്തെ പ്രധാന ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഒന്നാണ് ആമസോണ്‍. എന്നാല്‍ ആമസോണില്‍ ഷോപ്പ് ചെയ്യുന്ന എല്ലാവരും ആമസോണ്‍ പേ എന്ന യുപിഐ സര്‍വീസ് ഉപയോഗിക്കുന്നവരല്ല. ആമസോണില്‍ ഷോപ്പിംഗ് നടത്തി ഗൂഗിള്‍പേയോ, ഫോണ്‍പേയോ ഉപയോഗിച്ച് പണം നല്‍കുന്ന ധാരാളം പേരുണ്ടാകും.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വികസ്വര രാജ്യങ്ങളുടെ വിപിണി സവിശേഷതകള്‍ സൂപ്പര്‍ ആപ്പുകള്‍ക്ക് അനുകൂലമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് വലിയ വിഭാഗം ഉപഭോക്താക്കളുടെ പിന്തുണയുള്ള കോര്‍പറേറ്റ് കമ്പനികള്‍ക്ക്. ടാറ്റ തന്നെ അതിന് ഉദാഹരണമാണ്. നിലിവില്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം ഉപയോഗിക്കുന്ന ആപ്പുകളെ ടാറ്റ ന്യൂവിന് കീഴില്‍ കൊണ്ടുവരുകയാണ് കമ്പനി ചെയ്തത്.

ഇനി സൂപ്പര്‍ ആപ്പുകള്‍ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് ചോദിച്ചാല്‍, അത്ര വലിയ പ്രത്യേകതകള്‍ ഒന്നുമില്ല എന്നതായിരിക്കും ഉത്തരം. ടാറ്റ ന്യൂ തന്നെ എടുത്താല്‍, യുപിഐ ഉള്‍പ്പടെയുള്ള ചില സേവനങ്ങള്‍ കൊണ്ടുവന്നതും ഡിസൈനിലെയും കളറിലെയും മാറ്റവും ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാം പല ആപ്പുകളിലായി നേരത്തെ നമുക്ക് കിട്ടിക്കൊണ്ടിരുന്ന സേവനങ്ങള്‍ തന്നെയാണ്. പിന്നെ ഒരു വ്യത്യാസം ഉള്ളത് നേരത്തെ ടാറ്റ ക്ലിക്കില്‍ നിന്ന് ഒരു ഷര്‍ട്ട് വാങ്ങിയ ഒരാള്‍, എല്ലാം ഉണ്ടല്ലോ എന്ന് കരുതി ടാറ്റ ന്യൂ ഇന്‍സ്റ്റാള്‍ ചെയ്തു എന്ന് കരുതുക. വീണ്ടും ടാറ്റ ക്ലിക്കില്‍ നിന്ന് ഷര്‍ട്ട് വാങ്ങാന്‍ ടാറ്റ ന്യൂ സൂപ്പര്‍ ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ താജ് ഹോട്ടലിന്റേതില്‍ തുടങ്ങി ഒരു ആവശ്യവുമില്ലാത്ത പരസ്യങ്ങളെല്ലാം കാണാന്‍ അവസരം ലഭിക്കും എന്ന് മാത്രം.

സൂപ്പര്‍ ആപ്പുകളുമായി എത്തുമ്പോഴും ഈ കമ്പനികളുടെ ഉപഭോക്താക്കള്‍ക്കും വലിയ മാറ്റം ഉണ്ടാകില്ല എന്നതാണ് മറ്റൊരു കാര്യം. അജിയോ, റിലയന്‍സ് ഡിജിറ്റല്‍, ജിയോ മാര്‍ട്ട് തുടങ്ങി റിലയന്‍സ് ഗ്രൂപ്പിന് കീഴില്‍ നിരവധി ആപ്പുകളുണ്ട്. ഇവ ഭാവിയില്‍ റിലയന്‍സിന്റെ സൂപ്പര്‍ ആപ്പിന് കീഴിലെത്തുമ്പോള്‍ പഴയ ഉപഭോക്താക്കള്‍ തന്നെയായിരിക്കും തുടര്‍ന്നും ഈ സേവനങ്ങള്‍ ഉപയോഗിക്കുക. മറ്റ് ആപ്പുകളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ ഈ സൂപ്പര്‍ ആപ്പിലേക്ക് എത്തിക്കാന്‍ വലിയ ഓഫറുകള്‍ തന്നെ വേണ്ടിവരും.

സ്ഥിരമായി ഓണ്‍ലൈനിലൂടെ ഷോപ്പിംഗ് നടത്തുന്നവര്‍ പലപ്പോഴും ഒന്നിലധികം ആപ്പുകളിലെ വില താരതമ്യം ചെയ്യുന്നവരാണ്. ആപ്പുകളോടുള്ള ഉപഭോക്താക്കളുടെ വിധേയത്വം അവര്‍ നല്‍കുന്ന ഓഫറുകള്‍ അനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. അപ്പോള്‍ ഭാവിയില്‍, കിട്ടുന്ന സൂപ്പര്‍ ആപ്പുകളൊക്കെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത്, അതില്‍ ഏ്റ്റവും വിലക്കുറവ് ഏതിലാണെന്ന് നോക്കി വാങ്ങുന്നവരായി ഒരു വലിയ വിഭാഗം ഇവിടുണ്ടാകും. എന്തിനേറ സൂപ്പര്‍ ആപ്പുകളിലെ വില താരതമ്യം അറിയാനുള്ള ആപ്പുകളും യൂട്യൂബ് വീഡിയോകളും വരെ എത്തും.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it