മെറ്റാവേഴ്‌സില്‍ ഒരു രണ്ടാം ജന്മം, വഴിത്തിരിവാകുമോ ഈ വിര്‍ച്വല്‍ ലോകം

ചങ്ക് 1 : അളിയാ..ഒരു 2000 രൂപ എന്റെ വാലറ്റിലേക്ക് ഇടുമോ..?

ചങ്ക് 2: എന്തിനാടാ...?
ചങ്ക് 1: നാളെ ഒരു ഇന്റര്‍വ്യൂ ഉണ്ട്, എംവിയില്‍ ( മെറ്റാവേഴ്‌സ്) ആണ്. ഡിജിറ്റല്‍ അവതാറിന് പുതിയ ഔട്ട്ഫിറ്റ് സെറ്റാക്കാനാ....
ഭാവിയില്‍ നമ്മള്‍ കേട്ടേക്കാവുന്ന അല്ലെങ്കില്‍ ഭാഗമാവാന്‍ പോവുന്ന ഒരു സംഭാഷണം ആയിരിക്കും ഇത്. സ്വന്തം കമ്പനിയുടെ പേര് മാറ്റി ഭാവി മെറ്റാവേഴ്‌സിന്റെയാണെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുമ്പോള്‍ ഇതല്ല പലതും നമ്മള്‍ പ്രതീക്ഷിക്കണം. അടുത്തിടെയാണ് തമിഴ്‌നാട്ടില്‍, രാജ്യത്തെ ആദ്യ മെറ്റാവേഴ്‌സ് കല്യാണ സല്‍ക്കാരം നടത്താനൊരുങ്ങുന്ന രണ്ട് ദമ്പതിമാര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഫേസ്ബുക്ക് പേര് മാറ്റി മെറ്റ ആകുന്നതിന് മുമ്പ് തന്നെ മെറ്റാവേഴ്‌സ് എന്ന വാക്ക് പലരും കേൾക്കുന്നതാകും. എന്താണ് മെറ്റാവേഴ്‌സ്..? ശരിക്കും ഇത് ഇപ്പോഴുണ്ടോ....?
നമ്മള്‍ രണ്ടാമതൊന്നു കൂടി ജനിക്കും, അങ്ങ് ഡിജിറ്റല്‍ ലോകത്ത്
മെറ്റാവേഴ്‌സ് എന്ന വാക്ക് ഈ ഇരുപതാം നൂറ്റാണ്ടിലേ ഉള്ളതാണ്. നീല്‍ സ്റ്റീഫന്‍സണ്‍ 1992ല്‍ എഴുതിയ സ്‌നോ ക്രാഷ് എന്ന സയന്‍സ് ഫിക്ഷന്‍ നോവലിലാണ് മെറ്റാവേഴ്‌സ് എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത്. നോവലിലെ വെര്‍ച്വല്‍ ലോകത്തെയാണ് മെറ്റാവേഴ്‌സ് എന്ന പദം കൊണ്ട് സൂചിപ്പിച്ചത്. അതു തന്നെയാണ് നമ്മള്‍ ഇന്ന് കേള്‍ക്കുന്ന മെറ്റാവേഴ്‌സും. ഇന്ന് നമ്മള്‍ ജീവിക്കുന്നതിന് സമാന്തരമായി ഒരു വിര്‍ച്വല്‍ ലോകം. ആദ്യമായല്ല സാഹിത്യ സൃഷ്ടികളിലെ ഇത്തരം വാക്കുകള്‍ മനുഷ്യ ജീവിതത്തിന്റെ ഭാഗമാവുന്നത്. നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന സൈബര്‍ സ്‌പെയ്‌സ് അഥവാ സൈബര്‍ ലോകം എന്ന വാക്ക്
ആദ്യം
ഉപയോഗിച്ചത് വില്യം ഗിബ്‌സന്റെ പ്രശസ്ത നോവല്‍ ന്യൂറോമാന്‍സറില്‍ (1984) ആണ്.
മെറ്റാവേഴ്‌സ് എന്ന ഡിജിറ്റല്‍ ലോകത്ത് നമുക്ക് സ്വന്തമായി ഒരു അവതാര്‍ ഉണ്ടാകും. നമ്മുടെ രൂപം എങ്ങനെയാണോ അതിന് സമാനമായ ഡിജിറ്റല്‍ പതിപ്പാണ് ഈ അവതാറുകള്‍. ഒരു മുറിയില്‍ അടച്ചിരുന്ന് വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഡിജിറ്റല്‍ അവതാറിലൂടെ മെറ്റാവേഴ്‌സില്‍ സുഹൃത്തുക്കളുമായി നേരില്‍ കണ്ട് സംസാരിക്കാം, ആഘോഷങ്ങളില്‍ പങ്കെടുക്കാം. അങ്ങനെ അങ്ങനെ ഇന്ന് നമ്മള്‍ നിത്യ ജീവിതത്തില്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളും അങ്ങ് മെറ്റാവേഴ്‌സില്‍ സ്വന്തം അവതാര്‍ ഉപയോഗിച്ച് ചെയ്യാം. ഈ സാധ്യത ഉപയോഗിച്ചാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ദമ്പതികള്‍ വിവാഹ സല്‍ക്കാരം നടത്താന്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ അവതാര്‍ അവതരിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച ഇന്ത്യന്‍ സെലിബ്രിറ്റി കമല്‍ ഹാസനാണ്.
മെറ്റാവേഴ്‌സ് ടെക്‌നോളജി ഉപയോഗിക്കുന്ന ധാരാളം ഗെയിമുകള്‍ ഇന്ന് ലഭ്യമാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ മെറ്റാവേഴ്‌സിലൂടെ കാണാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ ഒരു പക്ഷെ ടിവിയിലെന്ന പോലെ മെറ്റാവേഴ്‌സിലൂടെയാകും ആളുകള്‍ ക്രിക്കറ്റും ഫുഡ്‌ബോളുമൊക്കെ കാണുക.


കൂടാതെ മെറ്റാവേഴ്‌സില്‍ നമുക്ക് സ്വന്തമായി ഭൂമി വരെ വാങ്ങാം. ഭാവിയിലെ ഡിമാന്‍ഡ് മുന്നില്‍ കണ്ട് ഒരു നിക്ഷേപമെന്ന നിലയില്‍ വിര്‍ച്വല്‍ ഭൂമികള്‍ വാങ്ങിക്കൂട്ടുന്നവരുണ്ട്.
earth2.io എന്ന വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് വൈറ്റില ജംഗ്ഷനില്‍ വിര്‍ച്വലായി സ്ഥലം മേടിക്കാമെന്ന് പറഞ്ഞാല്‍ ഒരു പക്ഷെ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. വരും കാലത്ത് നിങ്ങളില്‍ പലര്‍ക്കും തീര്‍ച്ചയായും മെറ്റാവേഴ്‌സില്‍ സ്വന്തമായി ഭൂമി ഉണ്ടാവും. അവിടെ നിങ്ങള്‍ പല സംരംഭങ്ങളും തുടങ്ങും. ഓഫീസ് മീറ്റിംഗുകള്‍ മുതല്‍ ഡേറ്റിങ് വരെ മെറ്റാവേഴ്‌സിലൂടെ ആവാന്‍ അധികം താമസം ഉണ്ടാവില്ല. മെറ്റാവേഴ്‌സിലെ ഒരു തുണിക്കടയില്‍ നിന്ന് നിങ്ങളുടെ ഡിജിറ്റല്‍ അവതാറിന് പുതിയ ജീന്‍സും ടീ-ഷര്‍ട്ടും മേടിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിക്കെ... അപ്പൊ ഇനി എന്നെങ്കിലും എംവിയില്‍ കാണാം.
Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it