സ്റ്റാര്‍ ലിങ്കിനെ എങ്ങനെ താങ്ങും? അണ്‍ലിമിറ്റഡ് ഡാറ്റക്ക് 3,000 രൂപയെന്ന് റിപ്പോര്‍ട്ട്, റിസീവര്‍ കിറ്റിന് കൊടുക്കണം ₹ 33,000; ഇന്ത്യക്ക് പ്രത്യേക ഓഫര്‍ വരുമോ?

ഇന്ത്യയുടെ അയൽരാജ്യങ്ങളായ ഭൂട്ടാനിലും ബംഗ്ലാദേശിലും ഈ ഇന്റർനെറ്റ് സേവനം ലഭ്യമാണ്
Starlink
Image courtesy: Canva
Published on

ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന് കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ (DoT) നിന്ന് ലൈസൻസ് ലഭിച്ചത്. ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം 12 മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 600 മുതൽ 700 ജിബിപിഎസ് വരെ (gigabytes per second) വേഗതയാണ് സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.

പരമ്പരാഗത ഫൈബർ, മൊബൈൽ നെറ്റ്‌വർക്കുകൾ പരിമിതമോ ലഭ്യമോ അല്ലാത്ത ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ ലോ-എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളിലൂടെ ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും. സ്റ്റാർലിങ്ക് 100-ലധികം രാജ്യങ്ങളിൽ നിലവില്‍ റെസിഡൻഷ്യൽ, റോമിംഗ് പ്ലാനുകള്‍ നല്‍കുന്നു. മിക്ക സ്ഥലങ്ങളിലും റെസിഡൻഷ്യൽ പ്ലാൻ രണ്ടായി തിരിച്ചിരിക്കുന്നു - റെസിഡൻഷ്യൽ ലൈറ്റ് (കുറഞ്ഞ ഉപയോഗത്തിന്, ചെറിയ കുടുംബങ്ങൾക്ക്) സ്റ്റാൻഡേർഡ് റെസിഡൻഷ്യൽ (വലിയ കുടുംബങ്ങൾക്കുളള ഉപയോഗത്തിന്) എന്നിങ്ങനെയാണ് അവ.

മറ്റു രാജ്യങ്ങളിലെ നിരക്കുകള്‍

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഏറ്റവും ചെലവ് കുറഞ്ഞ് ലഭ്യമാക്കിയിട്ടുളളത് സാംബിയയിലാണ്. സേവനം ലഭിക്കുന്ന ഏറ്റവും ചെലവേറിയ രാജ്യം യു.എസാണ്. ഏഷ്യയിൽ, മംഗോളിയ, ജപ്പാൻ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ, ജോർദാൻ, യെമൻ, അസർബൈജാൻ എന്നിവിടങ്ങളിലാണ് സ്റ്റാർലിങ്ക് കൂടുതലും പ്രചാരത്തിലുളളത്.

കൂടാതെ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ഭൂട്ടാനിലും ബംഗ്ലാദേശിലും ഈ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. ഭൂട്ടാനിൽ റെസിഡൻഷ്യൽ ലൈറ്റ് പ്ലാനിന് ഏകദേശം 3,000 രൂപയും സ്റ്റാൻഡേർഡ് റെസിഡൻഷ്യൽ പ്ലാനിന് ഏകദേശം 4,200 രൂപയുമാണ് വില. ബംഗ്ലാദേശിൽ റെസിഡൻഷ്യൽ ലൈറ്റിന് ഏകദേശം 3,000 രൂപയും റെസിഡൻഷ്യൽ പ്ലാനിന് 4,000 രൂപയുമാണ് വില. മലേഷ്യയിൽ ഏകദേശം 2,600 രൂപയ്ക്ക് റെസിഡൻഷ്യൽ ലൈറ്റ് പ്ലാനും ഏകദേശം 4,600 രൂപയ്ക്ക് റെസിഡൻഷ്യൽ പ്ലാനും ലഭ്യമാണ്. ഫ്രാൻസിൽ, റെസിഡൻഷ്യൽ ലൈറ്റിന് 2,800 രൂപയും റെസിഡൻഷ്യൽ പ്ലാനിന് ഏകദേശം 4,000 രൂപയുമാണ് വില.

നടക്കുക കടുത്ത മത്സരം

ഇന്ത്യയില്‍ പരിധിയില്ലാത്ത ഡാറ്റയ്ക്ക് പ്രതിമാസം 3,000 രൂപ വിലയും ഒറ്റത്തവണ ചെലവായി റിസീവർ കിറ്റിന് 33,000 രൂപയും ഈടാക്കുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശിലെ വിലനിർണയ മാതൃകയെ അടിസ്ഥാനമാക്കിയാണ് ഈ നിരക്കുകള്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രതിമാസം 10 ഡോളറില്‍ താഴെ വിലയുള്ള (ഏകദേശം 850 രൂപ) പ്രൊമോഷണൽ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളുമായി സ്റ്റാർലിങ്ക് അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു സാറ്റലൈറ്റ് ഡിഷ്, വൈ-ഫൈ റൂട്ടർ എന്നിവ ഉൾപ്പെടുന്ന ഹാർഡ്‌വെയർ കിറ്റും സ്റ്റാർലിങ്ക് ഉപയോക്താക്കൾ വാങ്ങേണ്ടിവരും. അതേസമയം, ഇന്ത്യയിലെ അന്തിമ വിലനിർണയ ഘടന ഔദ്യോഗികമായി സ്റ്റാര്‍ലിങ്ക് പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നിരക്ക് സംബന്ധിച്ച് വ്യക്തത കൈവരികയുളളൂ.

യൂട്ടെൽസാറ്റ് വൺവെബിനും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിനും ശേഷം രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ആമസോണിന്റെ കൈപ്പർ ലൈസന്‍സിനുളള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇതുകൂടി ചേരുന്നതോടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നല്‍കുന്നതിന് നാല് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമായിരിക്കും നടക്കുക.

Elon Musk's Starlink may launch in India with unlimited data, promising fast satellite internet access.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com