

ഇലോണ്‍ മസ്‌കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ലിങ്ക് (Starlink) ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിനായുള്ള റസിഡന്‍ഷ്യല്‍ പ്ലാനിന്റെ നിരക്ക് പുറത്തുവിട്ടു. പരമ്പരാഗത ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പരിമിതമായ വിദൂര ഗ്രാമപ്രദേശങ്ങളെ ലക്ഷ്യമിട്ട് എത്തുന്ന ഈ അതിവേഗ സേവനത്തിന് പ്രതിമാസം 8,600 രൂപയാണ് ഉപയോക്താക്കള്‍ നല്‍കേണ്ടിവരിക.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇന്ത്യയിലെ സേവനങ്ങളുടെ നിരക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രതിമാസ പ്ലാന്‍ നിരക്കായി 8,600 രൂപ നല്‍കുന്നതിനു പുറമെ ഹാര്‍ഡ് വെയര്‍ കിറ്റ് ചാര്‍ജായി ഒറ്റത്തവണ 34,000 രൂപയും ഉപയോക്താക്കള്‍ മുടക്കേണ്ടി വരും. ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്‌നല്‍ സ്വീകരിക്കാനുള്ള ഡിഷ്, റൂട്ടര്‍ എന്നിവയടങ്ങിയതാണ് ഈ ഹാര്‍ഡ്വെയര്‍ കിറ്റ്. അതായത്, കണക്ഷന്‍ സ്ഥാപിക്കുമ്പോള്‍ ഉപയോക്താവ് ആദ്യം ഏകദേശം 42,600 മുടക്കണം.
ഭൂട്ടാനിലേതിനേക്കാള്‍ ഇരട്ടിയാണ് ഇന്ത്യയിലെ നിരക്ക്, ദുബൈയില്‍ ഏകദേശം 6,900 രൂപയും യു.എസില്‍ 9,960 രൂപയുമാണ് പ്രതിമാസ നിരക്ക്. നിലവിലെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വില വളരെ കൂടുതലാണ്. എങ്കിലും, സാധാരണ നെറ്റ്‌വര്‍ക്കുകള്‍ക്ക് എത്താന്‍ കഴിയാത്ത പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയും എന്നതാണ് പ്രധാന പ്രത്യേകത.
പരിധിയില്ലാത്ത ഡാറ്റ (Unlimited Data), 99.9% പ്രവര്‍ത്തനക്ഷമത എന്നിവയാണ് സ്റ്റാര്‍ലിങ്കിന്റെ സവിശേഷതകള്‍. കനത്ത മഴയടക്കമുള്ള എല്ലാ കാലാവസ്ഥകളിലും തടസമില്ലാത്ത കണക്ടിവിറ്റി കമ്പനി ഉറപ്പുനല്‍കുന്നു. ഇന്റര്‍നെറ്റ് സ്ഥാപിക്കാന്‍ വിദഗ്ധ സഹായം ആവശ്യമില്ല. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ സ്വയം സ്ഥാപിക്കാന്‍ കഴിയുന്ന 'പ്ലഗ് ആന്‍ഡ് പ്ലേ' സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് 30 ദിവസത്തെ ട്രയല്‍ കാലയളവില്‍ സേവനം പരീക്ഷിച്ച ശേഷം പണം തിരികെ വാങ്ങാനുള്ള സൗകര്യവും ലഭ്യമാണ്.
വില പ്രഖ്യാപിച്ചെങ്കിലും, ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ സേവനം പൂര്‍ണ്ണതോതില്‍ ആരംഭിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അന്തിമ അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ജിയോ, എയര്‍ടെല്ലിന്റെ പിന്തുണയുള്ള വണ്‍വെബ് എന്നിവരടക്കമുള്ള മറ്റ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനികളും സ്‌പെക്ട്രം വിതരണത്തിനായി കാത്തിരിക്കുകയാണ്.
അതേസമയം, ഗ്രാമപ്രദേശങ്ങളിലും ദുര്‍ബലമായ കണക്ടിവിറ്റിയുള്ള മേഖലകളിലും സ്റ്റാര്‍ലിങ്ക് സേവനം എത്തിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാരുമായി ഉള്‍പ്പെടെ കമ്പനി പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് ഇന്ത്യയില്‍ ഉടന്‍ തന്നെ സേവനം ആരംഭിക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine