യൂട്യൂബിലൂടെ മികച്ച വരുമാനവും പ്രശസ്തിയും; പരിചയപ്പെടാം ഈ സ്മാര്‍ട്ട് യൂട്യൂബേഴ്‌സിനെ

എങ്ങനെയാണ് മൊബൈലില്‍ വീഡിയോ എഡിറ്റിംഗ് ചെയ്യുക? ഒരു വര്‍ഷം മുമ്പ് ഒരു യൂട്യൂബ് ചാനലില്‍ മുജീബ് എന്ന അധ്യാപകന്‍ ഇത് സംബന്ധിച്ച് ഒരു വീഡിയോ അപ്ലോഡ് ചെയ്തു. അന്ന് അത് വളരെ കുറച്ച് പേര്‍ മാത്രമാണ് കണ്ടത്. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ മിക്കവരും പാചക പരീക്ഷണം, മൊബൈലില്‍ വീഡിയോ ഷൂട്ടിംഗ്, കലാവിരുതുകള്‍ പ്രദര്‍ശിപ്പിക്കലൊക്കെയായി. അപ്പോഴാണ് വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യുക എന്നതും തിരയാന്‍ തുടങ്ങിയത്. ആ വീഡിയോ യൂട്യൂബ് ചാനലുകളുടെ തിക്കിലും തിരക്കിലും ഏതൊ ഒരു കോണില്‍ കിടന്ന് വളര്‍ന്നു വളര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്ത 'വൈറല്‍ വീഡിയോ' മരമായി. ഇതാണ് യൂട്യൂബ് എന്ന സംരംഭം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളും. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഉല്‍പ്പാദനം നടത്തുന്ന ഒരു സംരംഭകനെ പോലെ തന്നെയാണ് കാഴ്ചക്കാര്‍ക്ക് മുന്നിലേക്ക് ഒരു വീഡിയോ ബ്ലോഗറും എത്തുന്നത്. ഇത്തരത്തില്‍ മൂന്ന് തരം വ്യത്യസ്തമായ വീഡിയോ ചാനലുകളിലൂടെ സുപരിചിതരായ മൂന്നു പേര്‍ പറയുകയാണ് എങ്ങനെയാണ് വളരെ കുറച്ച് കാലം കൊണ്ട് തന്നെ പ്രശ്സ്തിയും മികച്ച വരുമാനവും നേടിയെടുത്തതെന്ന്.

മനശാസ്ത്രത്തിലെ 'രസതന്ത്രം'

രസതന്ത്രത്തില്‍ അധ്യാപകനായിരുന്ന മുജീബ് ടി കഴിഞ്ഞ പത്തു വര്‍ഷക്കാലങ്ങളായി മോട്ടിവേഷണല്‍ ട്രെയ്നര്‍ കൂടെയാണ്. മോട്ടിവേഷണല്‍ ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. ക്ലാസ്സുകളില്‍ ആരെങ്കിലും പകര്‍ത്തുന്ന തന്റെ വീഡിയോ കണ്ട് പലരും വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോഴാണ് എങ്കില്‍ എന്ത്കൊണ്ട് യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങി ഒഴിവു നേരങ്ങളില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ വീഡിയോ ആയി പങ്കുവച്ചുകൂട എന്ന ചിന്ത വരുന്നത്. അങ്ങനെ യൂട്യൂബില്‍ എംടി വ്ളോഗ് എന്ന തന്റെ ചാനല്‍ തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി സജീവമാണ് എംടി വ്ളോഗ്. ടെക്നോളജിയില്‍ താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ അത്തരം വീഡിയോകള്‍ ആണ് തുടക്കത്തില്‍ ചെയ്തത്. പക്ഷെ മലയാളത്തിലും അന്യഭാഷകളിലും അത്തരം നിരവധി വീഡിയോകള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.

ഒരിക്കല്‍ വ്യക്തികളുടെ ശരീര ഭാഷയും വ്യക്തിത്വവും എന്ന വിഷയത്തില്‍ വളരെ ലളിതമായ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. അത് ആളുകള്‍ ശ്രദ്ധിച്ചു. നിരവധി പേര്‍ വീഡിയോയ്ക്ക് മികച്ച അഭിപ്രായം പറഞ്ഞു. ഷെയര്‍ ചെയ്തു, ഒപ്പം ഇനിയും ഇത്തരം വീഡിയോകള്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയും. അങ്ങനെ ഉള്ളിലുള്ള പാഷന്‍ ഒന്നുകൂടി മിനുക്കി എടുത്ത് മനശാസ്ത്രത്തിലും വ്യക്തിത്വവികസനത്തിലുമൊക്കെയുള്ള പുസ്തകങ്ങള്‍ കൂടുതല്‍ വാങ്ങാനും പഠിക്കാനും തുടങ്ങി. അവയെ എങ്ങനെ ലളിതമായി പറഞ്ഞുകൊടുക്കാം എന്നത് ഒരു അധ്യാപകനായത് കൊണ്ട് തന്നെ വളരെ എളുപ്പമായിരുന്നു.

ചാനലില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഓരോ ദിവസവും കൂടിക്കൂടി വന്നു. വിദേശത്താണ് തനിക്ക് ഏറെ ആരാധകരെന്ന് മുജീബ് പറയുന്നു. ''സ്ത്രീ, പുരുഷ മനശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വീഡിയോ കണ്ട് വേര്‍പിരിയലിന്റെ വക്കിലെത്തിയ ഭാര്യാഭര്‍ത്താക്കന്മാര്‍ പോലും തിരികെ സന്തോഷപൂര്‍ണമായ ജീവിതത്തിലേക്കെത്തി എന്നതൊക്കെയാണ് വീണ്ടും വീഡിയോകള്‍ ചെയ്യാനുള്ള പ്രചോദനം പകരുന്നത്. അത് എന്റെ ഉത്തരവാദിത്തവും കൂട്ടുകയാണ്. ഔദ്യോഗികമായ അറിവുകള്‍ വളരെ സമയമെടുത്ത് പഠിച്ച് ലളിതമായി പച്ച മലയാളത്തില്‍ പറഞ്ഞുകൊടുക്കുന്നതും അത് കൊണ്ടാണ്. എന്റെ വീഡിയോകളുടെ കണ്ടന്റുകള്‍ നോക്കി പലരും ക്ലാസ്സെടുക്കാറുണ്ട്. വീഡിയോകളും ചെയ്യുന്നുണ്ട്. അതിലും സന്തോഷമേയുള്ളൂ. അറിവ് മൂടി വയ്ക്കാനുള്ളതല്ലല്ലോ''. മുജീബ് പറയുന്നു.

യൂട്യൂബ് ചാനലില്‍ നിന്ന് വരുമാനം നേടാന്‍ കഴിയുമെന്ന വിവരം പോലും അറിയുന്നത് പിന്നീടാണ്. അങ്ങനെ മോണിട്ടൈസേഷന്‍ നടത്തുകയായിരുന്നു. ഇപ്പോള്‍ മികച്ച വരുമാനവും അതിലേറെ ആളുകളുടെ പിന്തുണയും ലഭിക്കാന്‍ തുടങ്ങിയതിനാല്‍ അധ്യാപനത്തില്‍ നിന്നും അവധിയെടുത്ത് ഇപ്പോള്‍ മുഴുവന്‍ സമയ വ്ളോഗറാണ് മുജീബ്. ഇന്ന് ഓണ്‍ലൈന്‍ മോട്ടിവേഷന്‍ ആന്‍ഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റിന്റെ ഏറ്റവും ആളുകള്‍ വ്യൂവേഴ്സ് ആയുള്ള മലയാളം ചാനലിന്റെ ഉടമയാണ് ഇദ്ദേഹം.

https://www.youtube.com/watch?v=lFrdsQm4H8U

ബട്ടര്‍ഫ്ളൈമീനും കെഎഫ്സി ചിക്കനും

ബാല്യകാലം തൊട്ടേ അത്യാവശ്യം കൗശലപ്പണിയൊക്കെ വശമുള്ള തൃശൂരിലെ രണ്ട് സുഹൃത്തുക്കള്‍, പ്രവീണും ജിയോ ജോസഫും. ജിയോ പോളിടെക്നിക് പഠനം കഴിഞ്ഞ് വീടിന്റെ പ്രാരാബ്ധങ്ങള്‍ കാരണം വിദേശത്തേക്ക് പറക്കുന്നു. വിദേശത്തെത്തിയിട്ടും നാടും വീടും നാട്ടിന്‍ പുറവും ഒഴിവു സമയങ്ങളില്‍ വീട്ടിലെ പാഴായ കുടയും കുപ്പിയും പൈപ്പുമൊക്കെ എടുത്ത് ഉണ്ടാക്കിയിരുന്ന സാധന സാമഗ്രികളും അത് കൂട്ടുകാര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടുന്നതുമൊക്കെയായിരുന്നു ജിയോയുടെ മനസു നിറയെ. അങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ നിന്നും പ്രവീണിന്റെ കോള്‍, ''മച്ചാനെ ഞാനൊരു യൂട്യൂബ് ചാനല്‍ തുടങ്ങിട്ടുണ്ട്ട്ടാ, നിന്റെ പഴയ ബാറ്ററീല്ലാതെ ലൈറ്റ് കത്തിക്കണ പരിപാടിയൊക്കെ ചെയ്ത് അതിലിട്ടാലോ'' . അങ്ങനെ മടുപ്പിക്കുന്ന പ്രവാസ ജീവിതത്തിലെ ഒഴിവു വേളകളില്‍ ഒരു രസത്തിന് ചെറിയ ചില കുറുക്കുവിദ്യകളും ടിപ്സുമൊക്കെയായി യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി ജിയോ. അത് ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ ജിയോയ്ക്ക് ഒരു ഐഡിയ, എന്നാല്‍ പിന്നെ ഇതങ്ങു സീരിയസാക്കിയാലോ എന്ന്. പിന്നൊന്നും നോക്കാതെ കൊച്ചിക്ക് വിമാനം പിടിച്ചു. അങ്ങനെ വ്യത്യസ്തമായ ചില വിഡിയോസ് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു തുടങ്ങി.

ആദ്യമാദ്യം ടെക് ടിപ്സ്, പുതിയ ഉപകരണങ്ങളെ പരിചയപ്പെടുത്തല്‍, ടെക്നോളജി ഉപയോഗിക്കാന്‍ എളുപ്പവഴികള്‍ എന്നിവയായിരുന്നു. പിന്നീട് തങ്ങളുടെ ഇഷ്ടവിഷയമായ ഭക്ഷണത്തിന്റെ മേഖലയിലൂടെ ഇവര്‍ കൈവച്ചു. കാളാഞ്ചി മീന്‍ ബട്ടര്‍ഫ്ളൈ ഗ്രില്‍ ഫ്രൈയും നാട്ടിന്‍ പുറത്ത് അടുപ്പുകൂട്ടി വറുത്തെടുത്ത മൊരിഞ്ഞ കെഎഫ്സി ചിക്കന്‍ ഉണ്ടാക്കുന്നതുമെല്ലാം ലക്ഷക്കണക്കിനാളുകള്‍ ആരാധകരെ സമ്പാദിക്കാന്‍ ഇവരെ സഹായിച്ചു. മലയാളം യൂട്യൂബ് ചാനല്‍ രംഗത്ത് കഴിഞ്ഞ വര്‍ഷം പ്രതിമാസം രണ്ട് ലക്ഷം രൂപയിലേറെ നേടി ഇവര്‍ താരങ്ങളായി. ലോക്ഡൗണ്‍ കാലത്തും അവസരോചിതമായി തന്നെ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഷൂട്ട് ചെയ്താണ് ഇവര്‍ വീഡിയോകള്‍ ഹിറ്റ് ആക്കുന്നത്. '' പാഷന്‍ എന്താണെന്ന് തിരിച്ചറിയാന്‍ ചിലപ്പോള്‍ നമ്മള്‍ വൈകും, അതു ചിലപ്പോള്‍ പ്രാരാബ്ധത്തിന്റെ ഒക്കെ ചിന്തകളിലായിരിക്കും. എന്നാല്‍ പാഷന്‍ എന്തെന്നറിഞ്ഞ് അതിനെ സംരംഭമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ വിജയം നമ്മളെ തേടിയെത്തും.'' സ്വതസിദ്ധമായ പുഞ്ചിരിയുമായി ജിയോ ജോസഫ് പറയുന്നു. പണം മാത്രം മോഹിച്ച് ഈ മേഖലയിലേക്കെത്തരുതെന്നാണ് ജിയോയ്ക്ക് പുതിയതായി മേഖലയിലേക്ക് കടന്നു വരുന്നവരോട് പറയാനുള്ളത്.

https://youtu.be/xYAqZgi41Y8

ബ്യൂട്ടിയും ഫാഷനും ചേര്‍ന്നൊരു ഹിറ്റ്

യൂട്യൂബേഴ്സ് എന്നാല്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന കുറെ പേര്‍ വെറുതെ വീഡിയോ പിടിച്ച് ചാനലില്‍ ഇടുന്നവരെന്ന ഖ്യാതി മാറ്റിയെടുത്ത ചുരുക്കം ചില വനിതാ യൂട്യൂബേഴ്സില്‍ ഒരാളാണ് ആതിര സിശോഭ്, അഥവാ യൂട്യൂബ് ആരാധകരുടെ 'പൊന്നു'. 'പൊന്നു ആതിരാസ് വേള്‍ഡ'് എന്ന ബ്യൂട്ടി ആന്‍ഡ് ലൈഫ്സ്‌റ്റൈല്‍ വ്ളോഗിന്റെ അവതാരകയും ക്യാമറ വുമണും എഡിറ്ററുമെല്ലാം പൊന്നു എന്ന വീട്ടമ്മ തന്നെയാണ്. മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ അവതാരകയായി പാര്‍ട് ടൈം ജോലി ചെയ്യുന്ന പൊന്നു മോഡലിംഗും ആങ്കറിംഗും എല്ലാം ചെയ്തിരുന്നു. കുട്ടിയായതിനു ശേഷം സ്ഥിരമായജോലിയൊന്നുമില്ലാതെ ഇരുന്നപ്പോഴാണ് നര്‍ത്തകി കൂടിയായ പൊന്നുവിന് തന്റെ പഴയ എനര്‍ജറ്റിക് ലൈഫ് തിരിച്ചു പിടിക്കാനൊരു ആഗ്രഹം. അങ്ങനെ സ്വയം ഒരു ഡയറ്റ് പ്ലാന്‍ തയ്യാറാക്കി. ആരോഗ്യ പരിപാടിയില്‍ അവതാരകയായത് കൊണ്ട് തന്നെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും എടുത്തു. അങ്ങനെ 80 കിലോ ഭാരത്തില്‍ നിന്ന് 58 കിലോയിലേക്ക് എത്തി. അപ്പോള്‍ പലരും പറഞ്ഞു, ഇതൊക്കെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചുകൂടെ എന്ന്. അന്നതിനെ അത്ര കാര്യമായി എടുത്തില്ല.

പിന്നീടൊരിക്കല്‍ മുഖത്തെ പാടുകള്‍ മാറാന്‍ പണ്ടൊരു ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് മറ്റുള്ളവരുമായി പങ്കുവയ്ക്കാമെന്ന് കരുതിയത്. അങ്ങനെയാണ് നേരമ്പോക്കായി തുടങ്ങിയ യൂട്യൂബ് ചാനല്‍ അല്‍പ്പം ലൈവാക്കാന്‍ തീരുമാനിച്ചത്. കോലരക്ക് ചേര്‍ത്തുള്ള ഔഷധക്കൂട്ട് കാഴ്ചക്കാര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. അത് കണ്ട് പലരും പിന്തുണയുമായി രംഗത്തെത്തി. ഒപ്പം വീണ്ടും വീഡിയോകള്‍ ചെയ്യണമെന്ന അഭിപ്രായവും അറിയിച്ചു. അങ്ങനെയാണ് സീരിയസ് യൂട്യൂബറായതെന്ന് പറയുകയാണ് പൊന്നു ആതിര. പൊന്നുവിന്റെ വാക്കുകള്‍ ഇങ്ങനെ' കോലരക്ക് ചേര്‍ത്തുള്ള ഔഷധക്കൂട്ട് മുഖം മിനുക്കുന്ന വിദ്യ ആദ്യമായി പലരും അറിയുന്നത് എന്റെ ചാനലിലൂടെയാണ്. എങ്ങനെയാണ് കോലരക്ക് ലഭിക്കുക, എന്താണ് കോലരക്ക് എന്നൊക്കെയുള്ള ചോദ്യങ്ങളുമായി പലരും രംഗത്തെത്തി. അങ്ങനെ അങ്ങാടി മരുന്നു കടകളില്‍ പോയി യഥാര്‍ത്ഥ കോലരക്ക് കണ്ടെടുത്ത് വൃത്തിയാക്കി പൊടിച്ച് പായ്ക്ക് ചെയ്ത് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കാനും തുടങ്ങി.

https://youtu.be/wlW7IsG7bDk

കാഴ്ചക്കാരുമായി സൗഹൃദം സൃഷ്ടിക്കാനും ഇത് സഹായിച്ചു. വീഡിയോകള്‍ ഹിറ്റ് ആയപ്പോള്‍ മോണിറ്റൈസേഷനും തുടങ്ങി. മെല്ലെ മെല്ലെ വരുമാനമെത്തി. യൂട്യൂബില്‍ വീഡിയോകള്‍ നന്നായി ചെയ്യാനുള്ള ക്യാമറ വാങ്ങലും മറ്റുമാണ് ഈ പണം കൊണ്ട് ചെയ്തത്. അത് പിന്നീട് നല്ല വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിച്ചു. നല്ല ക്വാളിറ്റിയുള്ള വീഡിയോകള്‍ ചാനല്‍ മോണിട്ടൈസേഷനിലൂടെ വരുമാനം നേടാന്‍ സഹായകരമായി.'' വീഡിയോ എടുക്കുമ്പോള്‍ ശബ്ദമുണ്ടാക്കാതെ ഇരിക്കുന്ന മകനും, വീഡിയോമേക്കിംഗിലും മറ്റു പരിപാടികളിലും സുഹൃത്തിനെ പോലെ കൂടെ നില്‍ക്കുന്ന ഭര്‍ത്താവും നല്‍കുന്ന പിന്തുണയും ഏറെ വലുതാണെന്നാണ് പൊന്നു ആതിര പറയുന്നത്. ബ്യൂട്ടി, ഫാഷന്‍ എന്നിവയിലാണ് ആതിരയുടെ വീഡിയോകള്‍ വ്യത്യസ്ത സാന്നിധ്യമാകുന്നത്.

സബ്‌സൈക്രൈബേഴ്‌സിനെ കുടുംബാംഗങ്ങളെ പോലെ കാണുകയും അവരുടെ ഓരോ സംശയങ്ങള്‍ക്ക് മറുപടി നലല്‍കുകയും മികച്ച ആശയവിനിമയം നടത്തുകയും ചെയ്യാറുമുണ്ട് പൊന്നു. വീഡിയോകളുടെ എണ്ണം കൂട്ടുന്നതിനു പകരം ഉപകാരപ്രദമാകുന്ന വീഡിയോകള്‍ മാത്രം ചെയ്യാന്‍ എന്നും ശ്രദ്ധ പതിപ്പിക്കുന്നു. കെമിക്കല്‍ പ്രോഡക്റ്റ്‌സും മറ്റും പ്രൊമോട്ട് ചെയ്യുന്ന വീഡിയോകള്‍ പരമാവധി ചേര്‍ക്കാതിരിക്കുന്നതും കാഴ്ചക്കാരോടുള്ള തന്റെ കമിറ്റ്‌മെന്റും ചാനലിന്റെ വിശ്വാസ്യത നിലനിര്‍ത്താനുമാണെന്നാണ് ആതിരയുടെ പക്ഷം. ധാരാളം യൂട്യൂബേഴ്‌സില്‍ വ്യത്യസ്തത കൊണ്ടു വരാന്‍ കഴിയുന്നതാണ് ആതിരയുടെ വിജയവും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it