ഡൊമൈന്‍ തെരഞ്ഞെടുക്കാം, രജിസ്റ്റര്‍ ചെയ്യാം

ഇതൊക്കെയെന്ത് എന്ന മട്ടില്‍ ഡൊമൈന്‍ പേരും വാങ്ങി കാശടച്ച് വെബ്‌സൈറ്റ് തുടങ്ങാന്‍ വരട്ടെ. ഒരു ബില്യണില്‍ അധികം വെബ്‌സൈറ്റുകളാണ് ഇന്ന് ഇന്റര്‍നെറ്റ് ലോകത്തുള്ളത്. അതായത് ഏതാണ്ട് ഇന്ത്യക്കാരുടെ എണ്ണത്തോളം വെബ്‌സൈറ്റുകളുണ്ടെന്ന്. ഇതിനിടയില്‍ നമ്മളുടെ വെബ്‌സൈറ്റ് ഉപഭോക്താവില്‍ എത്തണമെന്നുണ്ടെങ്കില്‍ എത്രത്തോളം പവര്‍ഫുളായിരിക്കണം? പേരു കണ്ടുപിടിക്കല്‍ അത്ര എളുപ്പമല്ലെന്നര്‍ത്ഥം.

അപ്പോള്‍ എന്തായിരിക്കണം നമ്മുടെ ഡൊമൈന്‍ പേര്? നിങ്ങളുടെ ബ്രാന്‍ഡുമായി ബന്ധമുണ്ടാവണം, നിങ്ങളുടെ ബിസിനസിനെ പ്രതിനിധീകരിക്കണം, ഇതിനെല്ലാം പുറമെ, സന്ദര്‍ശകരെ ആകര്‍ഷിക്കാനുമാവണം.

ഡൊമൈന്‍ എങ്ങനെ വാങ്ങാം?

ഡൊമൈന്‍ പേര് നിശ്ചയിച്ചാല്‍ രജിസ്ട്രാറുടെ അടുത്ത് നിന്ന് വാങ്ങണം. www.godaddy.com, www.bluehost.com, sitebuilder.com തുടങ്ങി ഒട്ടേറെ വെബ്‌സൈറ്റുകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുദ്ദേശിക്കുന്ന പേരുവച്ച് ഈ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച് ചെയ്താല്‍ ആ ഡൊമൈന്‍ ലഭ്യമാണോയെന്നറിയാം. നിരവധി എക്സ്റ്റന്‍ഷനുകളില്‍ നിങ്ങളുടെ പേരുവച്ച് ഡൊമൈനുകള്‍ ലഭ്യമാവും. വെബ്‌സൈറ്റുകളുടെ അറ്റത്തുള്ള .com, in, .gov തുടങ്ങിയവയാണ് ടോപ് ലെവല്‍ ഡൊമൈന്‍ (TLD) എന്നറിയപ്പെടുന്നത്. പൊതുവെയുള്ള വെബ്‌സൈറ്റുകള്‍ക്ക് .com എന്നും ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ .in എന്നും തുടങ്ങി നിരവധി TLD കള്‍ ലഭ്യമാണ്.

നിങ്ങള്‍ ഉദ്ദേശിക്കുന്ന പേരില്‍ ഡൊമൈന്‍ ലഭിച്ചാല്‍ അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്നതാണ് നല്ലത്. കാരണം, അടുത്ത നിമിഷം അത് മറ്റൊരാള്‍ രജിസ്റ്റര്‍ ചെയ്‌തേക്കാം. നിങ്ങളുടെ നിലവിലുള്ള ബിസിനസിന്റെ പേരില്‍ തന്നെയാണ് വെബ്‌സൈറ്റ് എടുക്കുന്നതെങ്കില്‍ മറ്റാരെയും അറിയിക്കാതെ രജിസ്റ്റര്‍ ചെയ്യുന്നതാവും ഉചിതം. ഒരുപക്ഷെ, നിങ്ങളെ വെല്ലുവിളിക്കാന്‍ അവരത് രജിസ്റ്റര്‍ ചെയ്‌തേക്കാം. .com വച്ച് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡൊമൈന്‍ കിട്ടിയാല്‍ .in, .info തുടങ്ങി ജനപ്രിയ TLD കളിലുള്ള ഡൊമൈനുകളും വാങ്ങുന്നത് ഉപകാരപ്പെടും. നിങ്ങളുടെ വെബ്‌സൈറ്റ് വളരുമ്പോഴുള്ള വെല്ലുവിളി ഒഴിവാക്കാനാണിത്.

ഡോട്ട് കോമില്‍ അവസാനിക്കുന്ന ഡൊമൈന്‍ തന്നെ വേണമെന്ന് നിര്‍ബന്ധം വയ്ക്കരുത്. ഇ- കൊമേഴ്‌സ് വെബ്‌സൈറ്റാണ് തുടങ്ങുന്നതെങ്കില്‍ .shop, .store തുടങ്ങിവയും പരിഗണിക്കാമല്ലോ. പ്ലംബര്‍മാര്‍ക്കു പോലും അവരുടേതായ എക്‌സ്റ്റന്‍ഷന്‍ ലഭ്യമാണ്- .plumbing. നിയമരംഗത്തെ സേവനത്തിനാണെങ്കില്‍ .legal, .lawyer തുടങ്ങിയ ടിഎല്‍ഡികളും ലഭ്യമാണ്. അങ്ങനെ നിങ്ങളുടെ ബിസിനസിന് ഏറ്റവും ചേരുന്നത് ഏതാണോ, അതു തെരഞ്ഞെടുക്കുക.

ഡിമാന്റ് അനുസരിച്ചായിരിക്കും ഡൊമൈനു വേണ്ടി പണം നല്‍കേണ്ടി വരിക. 99 രൂപ മുതല്‍ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുന്നുണ്ട്. വില അല്‍പ്പം കൂടിയാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഡൊമൈന്‍ ലഭിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്തിടണം. പേരും ആയിക്കഴിഞ്ഞാല്‍ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്യുകയാണ് അടുത്ത സ്റ്റെപ്പ്. അതേപ്പറ്റി അടുത്ത ലക്കം ധനത്തില്‍.

എങ്ങനെ വെബ്‌സൈറ്റ് തുടങ്ങാം? ഭാഗം-1

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles
Next Story
Videos
Share it