
നാളത്തെ തൊഴിലിടം ഇന്നത്തെ പോലെയായിരിക്കില്ലെന്ന കാര്യത്തില്‍ സംശയമില്ല. നിര്‍മിത ബുദ്ധി (Artificial intelligence) പല ജോലികളും ഇല്ലാതാക്കുകയും ഇതുവരെയില്ലാത്ത പുതിയ ജോലികള്‍ അവതരിപ്പിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തൊഴില്‍സേനയുടെ രൂപവും ഭാവവും തന്നെ മാറ്റുകയും ചെയ്യും. ബില്‍ഗേറ്റ്‌സിന്റെ അഭിപ്രായത്തില്‍ ഉല്‍പ്പാദനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പ്രസാധനം, ചരക്ക് ഗതാഗതം, നിയമം തുടങ്ങിയ മേഖലകളില്‍ നിര്‍മിത ബുദ്ധി മനുഷ്യര്‍ക്ക് പകരക്കാരാവും. മിക്ക ജോലികളും കൈകാര്യം ചെയ്യുന്നത് യന്ത്രങ്ങളായിരിക്കും. മാറ്റം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
നിര്‍മിത ബുദ്ധിയുടെ സ്വാധീനം എത്രമാത്രമായിരിക്കുമെന്ന് വെളിപ്പെട്ടു വരുന്നതേയുള്ളൂ. എന്നാല്‍ സ്വാധീനം എല്ലായിടങ്ങളിലും അനുഭവപ്പെടുന്നു. ലിങ്ക്ഡ്ഇന്‍ 2025 വര്‍ക്ക് ചേയ്ഞ്ച് റിപ്പോര്‍ട്ട് പ്രകാരം മിക്ക ജോലികളിലും ഉപയോഗിക്കുന്ന 70 ശതമാനം നൈപുണ്യങ്ങളിലും നിര്‍മിത ബുദ്ധി കാരണം 2030 ഓടെ മാറ്റം വരും. അതായത്, വരും ദിവസങ്ങളില്‍ പല മേഖലകളിലും തൊഴില്‍ നഷ്ടങ്ങളുണ്ടാകും.
സോഹോ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ശ്രീധര്‍ വെമ്പു പറയുന്നു, '' ലാര്‍ജ് ലാംഗ്വേജ് മോഡല്‍, അഡ്വാന്‍സ്ഡ് ഡെവലപ്‌മെന്റ് ടൂളിംഗ് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ പല സോഫ്‌റ്റ്വെയര്‍ ജോലികളെയും ഇല്ലാതാക്കും''.തൊഴില്‍ വിപണിയില്‍ എല്ലാ കാലത്തും ആധിപത്യം പുലര്‍ത്താനാവുമെന്നും മറ്റു പ്രൊഫഷണലുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേതനം നേടാനാവുമെന്നുമുള്ള കണക്കുകൂട്ടലുകളൊന്നും ഇനി വേണ്ടെന്ന് സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.മാറ്റം ഭയപ്പെടേണ്ട ഒന്നല്ലെന്നും സമൂഹത്തിന്റെ അനിവാര്യമായ പരിവര്‍ത്തനം മാറ്റിവെയ്ക്കാനാകില്ലെന്നും വെമ്പു പറയുന്നു. കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണുകയും നിരന്തരം കഴിവുകള്‍ പുതുക്കുകയും കരിയര്‍ സന്നദ്ധത മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് സ്വന്തം ഉത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം പറയുന്നു. സ്ഥാപനങ്ങള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും അവരുടെ തൊഴില്‍ സേനയുടെ നൈപുണ്യ വികസനം ഉറപ്പുവരുത്തുകയും വേണം. ജീവനക്കാര്‍ സ്വയം മെച്ചപ്പെടാനും മാറാനുള്ള മനസന്നദ്ധത കാട്ടണമെന്നും അദ്ദേഹം പറയുന്നു.
സ്വന്തം ജോലി എങ്ങനെ സംരക്ഷിക്കാമെന്നാണ് പല പ്രൊഫഷണലുകളെയും വേട്ടയാടുന്ന ചിന്ത. ലോകത്തെ ഏറ്റവും സ്വാധീനമുള്ള ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരില്‍ ഒരാളായ എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ്ങ്, നിര്‍മിത ബുദ്ധി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും നിങ്ങളുടെ ജോലി സംരക്ഷിക്കേണ്ടത് എങ്ങനെയെന്നും സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്നു. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണെങ്കില്‍ തന്റെ ജോലി മികച്ച രീതിയില്‍ ചെയ്യാന്‍ എങ്ങനെ നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്താം എന്ന് സ്വയം ചോദിക്കുക. ജെന്‍സന്റെ അഭിപ്രായത്തില്‍ നിര്‍മിത ബുദ്ധിയുടെ യഥാര്‍ത്ഥ മാന്ത്രികത അത് ഉപയോഗിക്കുന്നതിലല്ല, എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്നതിലാണ്. ചാറ്റ് ജിപിടി, ജെമിനി പ്രോ, ഗ്രോക്ക് തുടങ്ങിയ എഐ ടൂളുകള്‍വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ ഫലപ്രദമായി ഉപയോഗിക്കുക എന്നത് ഒരു കഴിവാണ്.
അദ്ദേഹം ഒരു ഉദാഹരണം നല്‍കുന്നു; നിങ്ങള്‍ ഒരു സംരംഭകനാണെന്ന് കരുതുക. ആരെങ്കിലും ഒരാള്‍ നിങ്ങളോട് നിങ്ങളുടെ ബിസിനസിനെ കുറിച്ച് പറയാന്‍ ആവശ്യപ്പെടുന്നു. വിശാലമായ അര്‍ത്ഥമുള്ള ചോദ്യമാണിത്. അര്‍ത്ഥവത്തായ ഒരുത്തരം നല്‍കുക എന്നത് ഏറെക്കുറേ അസാധ്യമാണ്. എന്നാല്‍ ഒരു ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ബിസിനസ് തുടങ്ങുന്നതിനുള്ള ആദ്യപടി എന്താണെന്ന് ചോദിച്ചാല്‍ ഉടനെ തന്നെ പ്രായോഗികമായ ഉള്‍ക്കാഴ്ച്ച ലഭിക്കും. ഇതിലെ സന്ദേശം വ്യക്തമാണ്. എങ്ങനെ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്താമെന്നും നിങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാമെന്നും ജോലിയും ബിസിനസും സംരക്ഷിക്കാമെന്നും നിങ്ങള്‍ പഠിച്ചിരിക്കണം.
AI is set to transform the job market in the next 5 years—learn how to use it and what skills to master.
Read DhanamOnline in English
Subscribe to Dhanam Magazine