എ.ഐയെ പഴിചാരി പിരിച്ചുവിടരുത്; കമ്പനികളുടെ സമീപനം സത്യസന്ധമല്ലെന്ന് എൻവിഡിയ സിഇഒ

എഐ മനുഷ്യർക്ക് പകരക്കാരനാകുന്നതിനേക്കാൾ ഉപരിയായി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള ഉപകരണമായി മാറും
NVIDIA CEO Jensen Huang
Image courtesy: Canva
Published on

കമ്പനികൾ പിരിച്ചുവിടലുകൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (AI) ഒരു മറയാക്കുന്നതിനെതിരെ ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ (NVIDIA) സിഇഒ ജെൻസൺ ഹുവാങ് രംഗത്ത്. പിരിച്ചുവിടലുകൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ മറച്ചുപിടിക്കാൻ എഐ എന്ന പേര് ഉപയോഗിക്കുന്നത് അലസവും സത്യസന്ധമല്ലാത്തതുമായ രീതിയാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

എഐ അടുത്ത കാലത്താണ് വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നു തുടങ്ങിയതെന്നും എന്നാൽ കമ്പനികൾ വർഷങ്ങൾക്ക് മുൻപ് തന്നെ പിരിച്ചുവിടലുകൾ തുടങ്ങിയിരുന്നുവെന്നും ജെൻസൺ ഹുവാങ് ചൂണ്ടിക്കാട്ടുന്നു. പാൻഡെമിക് കാലത്തെ അമിത നിയമനങ്ങൾ, വിപണിയിലെ തളർച്ച, മാനേജ്‌മെന്റിന്റെ പിഴവുകൾ എന്നിവയാണ് പലപ്പോഴും പിരിച്ചുവിടലുകൾക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ. എന്നാൽ ഈ പരാജയങ്ങൾ സമ്മതിക്കുന്നതിന് പകരം, 'സാങ്കേതിക മാറ്റം' എന്ന പേരിൽ എഐയെ പഴിചാരുന്നത് ഓഹരി ഉടമകൾക്കും വിപണിക്കും മുന്നിൽ ഒരു പുരോഗമനപരമായ തീരുമാനമായി അവതരിപ്പിക്കാൻ മാനേജ്‌മെന്റുകൾക്ക് എളുപ്പമാണ്.

ഒരു ലക്ഷത്തിലധികം ജീവനക്കാർ

2025-ൽ മാത്രം ഒരു ലക്ഷത്തിലധികം ജീവനക്കാർ എഐ കാരണമായുള്ള പിരിച്ചുവിടലുകൾക്ക് ഇരയായിട്ടുണ്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ഡെൽ, ഇന്റൽ തുടങ്ങിയ വമ്പൻ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ കുറയ്ക്കാൻ എഐയെ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ആമസോൺ ഏകദേശം 14,000 ജീവനക്കാരെ പിരിച്ചുവിട്ടത് എഐ പോലുള്ള പുതിയ മേഖലകളിലെ നിക്ഷേപത്തിന് വേണ്ടിയാണെന്നാണ് അവകാശപ്പെട്ടത്. ബ്ലോക്ക് (Block) പോലുള്ള കമ്പനികൾ തങ്ങളുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ എഐ ഉപയോഗിക്കുന്നതിനാലാണ് ഇതെന്ന് പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

എഐ മനുഷ്യർക്ക് പകരക്കാരനാകുന്നതിനേക്കാൾ ഉപരിയായി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള ഉപകരണമായി മാറുമെന്നാണ് ഹുവാങ്ങിന്റെ അഭിപ്രായം. ബിസിനസ് തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം എഐയെ ഒരു മറയായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com