

മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന ഹ്യൂമനോയ്ഡ് (Humanoids) റോബോട്ടുകൾ വീടുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും കടന്നുവരുമ്പോൾ, ഇന്ത്യക്ക് മുന്നിൽ ഉയരുന്നത് വലിയൊരു സാങ്കേതിക വെല്ലുവിളിയാണ്. റോബോട്ടുകളുടെ ഉപയോഗത്തിൽ മാത്രമല്ല, അവയുടെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, വിവരശേഖരണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയിലും വിദേശ നിർമ്മിത സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടിവന്നാൽ, രാജ്യത്തിന്റെ ഡിജിറ്റൽ-സാങ്കേതിക സ്വയംപര്യാപ്തതയെ ബാധിച്ചേക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഫാക്ടറികൾക്കും ലബോറട്ടറികൾക്കും അപ്പുറം വിവാഹവേദികൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറന്റുകൾ, പൊതുചടങ്ങുകൾ എന്നിവിടങ്ങളിലും ഹ്യൂമനോയ്ഡുകൾ സാന്നിധ്യമറിയിക്കുകയാണ്. ചൈനയാണ് ഈ രംഗത്ത് മുന്നിൽ. വീട്ടുജോലികൾക്കുള്ള റോബോട്ട് ഉൾപ്പെടെ അതിവേഗം വികസനം കൈവരിച്ചാണ് ചൈനയുടെ കുതിപ്പ്.
വിദേശ നിർമിത ഹ്യൂമനോയ്ഡ്, നാലുകാലി റോബോട്ടുകളുടെ (Quadruped) പുതിയ മോഡലുകൾക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തി 2026 ജൂലൈയിൽ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്സിസി) നടപടി സ്വീകരിച്ചു. ദേശീയ സുരക്ഷാ ഭീഷണിയും സൈബർ സുരക്ഷാ വീഴ്ചകളുമാണ് ഇതിനുള്ള മുഖ്യ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. റോബോട്ടുകളിലെ ക്യാമറകളും സെൻസറുകളും വഴി ശേഖരിക്കുന്ന വിവരങ്ങൾ ചാരപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടാമെന്നും ഇവ ദൂരത്തു നിന്ന് ഹാക്ക് ചെയ്തുകൊണ്ട് നിയന്ത്രിക്കപ്പെടാമെന്നും ആശങ്കയുണ്ട്. അതേസമയം ചൈന ഈ നീക്കത്തെ, തങ്ങളുടെ കമ്പനികളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയെന്ന് വിമർശിച്ചു.
വീടിന്റെ അകത്തളങ്ങളുടെ രൂപരേഖ മുതൽ ആളുകളുടെ മുഖവും ശബ്ദവും പെരുമാറ്റരീതികളും വരെ സൂക്ഷ്മമായി ശേഖരിക്കാൻ ഹ്യൂമനോയ്ഡുകൾക്ക് കഴിയും. ഇന്ത്യയുടെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമങ്ങൾ, വിദേശത്തേക്കുള്ള ഡാറ്റ കൈമാറ്റത്തെ നിയന്ത്രിക്കുന്നുണ്ടെങ്കിലും സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകളുടെ നിരന്തര വിവരശേഖരണം തടയാൻ ഈ നിയമങ്ങൾ മതിയാകുമോ എന്ന ആശങ്ക ശക്തമാണ്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) നിലവിലെ റോബോട്ടിക്സ് മാനദണ്ഡങ്ങൾ പ്രധാനമായും യന്ത്രസുരക്ഷ മാത്രമാണ് ഉറപ്പാക്കുന്നത്. ഡാറ്റ സുരക്ഷയുടെ കാര്യത്തിലും ഒട്ടോണമസ് മെഷീനുകൾ മൂലമുള്ള അപകടങ്ങളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നതിലും കൃത്യമായ നയരൂപീകരണം വേണ്ടതുണ്ട്.
ഇന്ത്യയിൽ വീട്ടുജോലികൾ ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ തലയിൽ ഘടിപ്പിച്ച (ഹെഡ്മൗണ്ടഡ്) സ്മാർട്ട്ഫോണുകൾ വഴി പകർത്തി റോബോട്ടുകൾക്ക് പരിശീലന ഡാറ്റയാക്കുന്ന പരീക്ഷണങ്ങൾ വ്യാപകമാകുന്നുണ്ട്. നാളെ ഇതേ ജോലികൾ ഏറ്റെടുക്കാവുന്ന റോബോട്ടുകളെ പരിശീലിപ്പിക്കാൻ ഇന്ന് മനുഷ്യരുടെ തൊഴിലും വിവരങ്ങളും തന്നെ ഉപയോഗിക്കുന്ന വൈരുധ്യമാണിത്. സാങ്കേതികവിദ്യയും പേറ്റന്റുകളും ലാഭവും വിദേശ കമ്പനികളുടെ കൈവശമായാൽ ഇന്ത്യ വെറുമൊരു ഡാറ്റ വിതരണക്കാരായി മാത്രം ഒതുങ്ങുമോ എന്ന ആശങ്കയും ശക്തമാണ്.
2014-ൽ ഡ്രോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ, പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചും 2021-ൽ ഉൽപാദന പ്രോത്സാഹന പദ്ധതി കൊണ്ടുവന്നും 2022-ൽ വിദേശ നിർമിത ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചുമാണ് ഡ്രോൺ മേഖലയിൽ മാറ്റമുണ്ടാക്കിയത്. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ കാര്യത്തിലും സമാനമായ മുൻകരുതൽ വേണമെന്നാണ് നിർദേശം. പൊതുസ്ഥലങ്ങളിൽ വിന്യസിക്കുന്ന റോബോട്ടുകൾക്ക് നിർബന്ധിത രജിസ്ട്രേഷൻ, സുരക്ഷാ സർട്ടിഫിക്കേഷൻ, അടിയന്തര ഷട്ട്ഡൗൺ സംവിധാനം എന്നിവ ഉറപ്പാക്കണം. അപകടങ്ങളും തകരാറുകളും രേഖപ്പെടുത്താൻ ദേശീയ ഡാറ്റാബേസും രൂപീകരിക്കേണ്ടതുണ്ട്.
ആക്ചുവേറ്ററുകൾ (Actuators), സെൻസറുകൾ, ബാറ്ററികൾ, കൺട്രോൾ സംവിധാനങ്ങൾ തുടങ്ങിയ ഹാർഡ്‌വെയറുകൾ തദ്ദേശീയമായി നിർമിക്കുന്നതിനും യഥാർഥ മൂല്യവർധനയ്ക്കും മുൻഗണന നൽകണം. സോഫ്റ്റ്‌വെയർ നിക്ഷേപത്തിനപ്പുറം ഹാർഡ്‌വെയർ കരുത്തും വൈദഗ്ധ്യമുള്ള മാനവവിഭവശേഷിയും വളർത്തിയെടുക്കാതെ ഈ ലക്ഷ്യം കൈവരിക്കാനാവില്ല. വിദേശ സാങ്കേതികവിദ്യയുടെ സഹായത്തോടെ റോബോട്ടുകളെ ഉപയോഗിക്കുന്നതും അവയുടെ നിയന്ത്രണം വിദേശത്തേക്ക് വിട്ടുകൊടുക്കുന്നതും രണ്ടാണ്. ഈ വ്യത്യാസം തിരിച്ചറിയുന്നതിൽ ഇന്ത്യ വൈകിക്കൂടായെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
As humanoid robots enter public and domestic spaces, India faces questions over data privacy, cybersecurity, foreign technology dependence and domestic manufacturing capability.
Read DhanamOnline in English
Subscribe to Dhanam Magazine