ഐ.ബി.എമ്മിന്റെ ഇന്ത്യയിലെ പ്രധാന ഡെവലപ്പ്മെന്റ് ഹബാകാൻ കൊച്ചി

ആഗോള ഐ.ടി വമ്പനായ ഐ.ബി.എം കൊച്ചിയിലെ സോഫ്‌റ്റ്‌വെയർ ലാബിനെ ഇന്ത്യയിലെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കുന്നു. ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മലും വ്യവസായ മന്ത്രി പി. രാജീവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണു പ്രഖ്യാപനം.


കൊച്ചിയിൽ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്പോഴാണ് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഐ.ബി.എം ഒരുങ്ങുന്നത്. ഇതിനൊപ്പം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്ന മുഴുവന്‍ സമയ പ്രതിഫലം ലഭിക്കുന്ന
ഇന്റേൺ
ഷിപ്പ് നല്‍കാനും ഐ.ബി.എമ്മുമായി ധാരണയായി. ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭ്യമാക്കാനാകും.

കൊച്ചിയിലെ ഐ.ബി.എം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐ.ബി.എമ്മിന്‍റെ സോഫ്‌റ്റ്‌വെയർ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വർധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ചില കമ്പനികൾ ഉപയോഗിക്കുന്ന പല എ.ഐ, ഡാറ്റാ സോഫ്‌റ്റ്‌വെയറുകളും കേരളത്തില്‍ വികസിപ്പിച്ചെടുത്തതാണെന്ന ദിനേശ് നിർമ്മലിന്റെ വാക്കുകൾ മലയാളികൾക്കാകെ അഭിമാനിക്കാനുള്ളൊരു കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഓഫീസ് സമുച്ചയത്തിലേക്ക്

പ്രതിവർഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐ.ബി.എം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാര്‍ത്ഥികൾക്ക്‌ ഇന്റേൺഷിപ്പിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ്.
സംസ്ഥാനത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് ഐ.ബി.എം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ്വെയർ ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടങ്ങിയ ലാബ് ഒരു വര്‍ഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്‌റ്റ്‌വെയർ വികസന കേന്ദ്രമായി കൊച്ചി മാറി. നിലവില്‍ 1,500ല്‍പരം ജീവനക്കാരാണ് കൊച്ചി ലാബില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐ.ബി.എം മാറാനൊരുങ്ങുകയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it