ഈ കഴിവുകള്‍ നിങ്ങള്‍ക്ക് ഉണ്ടോ, നിര്‍മിത ബുദ്ധി തരും ജോലി

നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മൂലം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പലരും. അടുത്ത അഞ്ചുവര്‍ഷത്തില്‍ നിര്‍മിത ബുദ്ധി കാരണം 1.4 കോടി തൊഴിലുകള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിര്‍മിത ബുദ്ധി ധാരാളം അവസരങ്ങളും തുറന്നു തരുന്നുണ്ട്. ടെക്ക് വമ്പന്‍മാര്‍ക്ക് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കഴിവുകള്‍ ഉള്ളവരെ ധാരാളമായി ഇനിയുള്ള കാലങ്ങളില്‍ വേണ്ടി വരും. നിങ്ങള്‍ക്ക് അതില്‍ പ്രാവിണ്യം ഉണ്ടെങ്കില്‍ ജോലി സാധ്യത വര്‍ധിക്കുന്നു.

പ്രോഗ്രാമിംഗ് മാത്രം അറിഞ്ഞത് കൊണ്ട് കാര്യമില്ല, കാര്യക്ഷമമായി നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നവരെയാണ് ഐ.ടി കമ്പനികള്‍ക്ക് ആവശ്യമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഏതൊക്കെ സാങ്കേതിക വിഭാഗങ്ങളിലാണ് സാധ്യതകള്‍ നോക്കാം.

1.മെഷീന്‍ ലേണിംഗ്: ഈ സാങ്കേതികത ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ അതിന് ലഭിക്കുന്ന വിവരങ്ങളിലെ പാറ്റേണുകള്‍, പ്രത്യേകതകള്‍ എന്നിവ മനസിലാക്കി പ്രവചനങ്ങള്‍ നടത്തുന്നത്.

2. ഡീപ് ലേണിംഗ്: മെഷീന്‍ ലേണിംഗ് വിഭാഗത്തിന്റെ ഉപവിഭാഗമാണ് ഡീപ് ലേണിംഗ്. ചിത്രങ്ങളും സംസാരവും തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന നിര്‍മിത ബുദ്ധിയിലെ സാങ്കേതികതയാണ് ഡീപ് ലേണിംഗ്. റോബോട്ടിക്സ്, സ്വാഭാവിക ഭാഷ പ്രോസസ്സിംഗ് രംഗത്തും (natural language processing) ഇത് ഉപയോഗിക്കുന്നു.

3. പ്രോഗ്രാമിംഗ്: പൈത്തണ്‍, ജാവ പ്രോഗ്രാമര്‍മാര്‍ക്ക് നിര്‍മിത ബുദ്ധി വിഭാഗത്തില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകും.

4. ഡേറ്റ ബേസ് മോഡലിംഗ് : ഡേറ്റ മാനേജ്‌മെന്റ്, സംഭരണം എന്നിവ നിര്‍മിത ബുദ്ധിയില്‍ നിര്‍ണായകമാണ്. ഡേറ്റ വെയര്‍ഹൗസിംഗ്, ഡേറ്റ മാനേജ്‌മെന്റ്, ഡേറ്റ പ്രോസസ്സിംഗ് എന്നിവയില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്കു നിരവധി അവസരങ്ങള്‍ ലഭിക്കും.

5. പ്രശ്ന പരിഹാരം: നിര്‍മിത ബുദ്ധി എഞ്ചിനിയര്‍മാര്‍ക്ക് പ്രശ്ന പരിഹാരത്തില്‍ കഴിവുകള്‍ ഉണ്ടായിരിക്കണം. ഓരോ പദ്ധതിയിലും പ്രശ്‌നങ്ങള്‍ കണ്ടത്തി അത് വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തണം.

6. ആശയ വിനിമയ കഴിവുകള്‍: നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ആശയ വിനിമയ ദൃശ്യവല്‍ക്കരണ (visualisation) കഴിവുകള്‍ ഉണ്ടായിരിക്കണം.

Related Articles
Next Story
Videos
Share it