
ഇന്ത്യയുടെ സ്വന്തം ഫൗണ്ടേഷന്‍ എ.ഐ മോഡല്‍ വികസിപ്പിക്കാന്‍ മൂന്ന് സ്റ്റാര്‍ട്ടപ്പുകളെക്കൂടി തിരഞ്ഞെടുത്ത് എ.ഐ മിഷന്‍. ബംഗളൂരുവിലെ ജ്ഞാനി എ.ഐ, നോയിഡയിലെ ഗ്യാന്‍ എ.ഐ, ഗുരുഗ്രാമിലെ സോക്കറ്റ് എ.ഐ എന്നീ കമ്പനികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബംഗളൂരു കേന്ദ്രമായ സര്‍വം എ.ഐയെ എന്ന കമ്പനിയെയും കഴിഞ്ഞ മാസം ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. ചാറ്റ് ജി.പി.ടി, ഡീപ്പ് സീക്ക് മാതൃകയില്‍ ഇന്ത്യയുടെ സ്വന്തം എ.ഐ മോഡല്‍ വികസിപ്പിക്കുകയാണ് കമ്പനികളുടെ ചുമതല.
പ്രതിരോധം, ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം എന്നീ മേഖലകള്‍ ലക്ഷ്യംവെച്ച് ഇന്ത്യന്‍ ഭാഷകളെ അടിസ്ഥാനമാക്കി 120 ബില്യന്‍ പാരാമീറ്റര്‍ ഓപ്പണ്‍ സോഴ്‌സ് എ.ഐ മോഡലാണ് സോക്കറ്റ് എ.ഐ വികസിപ്പിക്കുന്നത്. 70 ബില്യന്‍ പാരാമീറ്റര്‍ സൂപ്പര്‍ഹ്യൂമന്‍ ടെക്സ്റ്റ് ടു സ്പീച്ച് മോഡലാണ് ഗ്യാന്‍ എ.ഐയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്. 14 ബില്യന്‍ പാരാമീറ്ററില്‍ വിവിധ ഭാഷകളില്‍ തത്സമയ സ്പീച്ച് പ്രോസസിംഗ് കഴിവുകളോടെയാണ് ജ്ഞാനി എ.ഐ തങ്ങളുടെ എ.ഐ മോഡല്‍ നിര്‍മിക്കുന്നത്. ഇന്ത്യന്‍ എ.ഐ മിഷന്റെ ഭാഗമായി 22 ഇന്ത്യന്‍ ഭാഷകളെ പിന്തുണക്കുന്ന രീതിയിലാണ് ഇവ വികസിപ്പിക്കുന്നത്.
നേരത്തെ അനുമതി നല്‍കിയ സര്‍വം എ.ഐ 70 ബില്യന്‍ പാരാമീറ്ററില്‍ മൂന്ന് മോഡലുകളാണ് നിര്‍മിക്കുന്നത്. അഡ്വാന്‍സ്ഡ് റീസണിംഗിനും ജെനറേഷനുമായി സര്‍വം ലാര്‍ജ്, തത്സമയ ഇന്ററാക്ടീവ് ആപ്ലിക്കേഷന് വേണ്ടി സര്‍വം സ്‌മോള്‍, കോംപ്കാട് ഓണ്‍ ഡിവൈസ് ടാസ്‌കുകള്‍ക്കായി സര്‍വം എഡ്ജ് എന്നിവയാണ് വികസിപ്പിക്കുന്നത്.
ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്കു ഗവേഷകര്‍ക്കും ഉപയോഗിക്കാനായി തയ്യാറാക്കിയ ഇന്ത്യ എ.ഐ കംപ്യൂട്ടിംഗ് പോര്‍ട്ടലിന്റെ ശേഷിയും വര്‍ധിപ്പിച്ചു. നിലവില്‍ 34,333 ജി.പി.യുകളാണ് (ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റ്) ഈ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്. പുതുതായി വാങ്ങുന്ന 16,000 ജി.പി.യുകളും ചേരുമ്പോഴാണിത്. എന്‍.വി.ഡി.യ, എ.എം.ഡി, ഇന്റല്‍ തുടങ്ങിയ ചിപ്പ് കമ്പനികളുടെ ഉയര്‍ന്ന ശേഷിയുള്ള ജി.പി.യുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നിലവിലുള്ള ചാറ്റ് ജി.പി.ടി, ജെമിനി തുടങ്ങിയ എ.ഐ മോഡലുകള്‍ ഇന്ത്യക്ക് പുറത്തുള്ള ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. പലപ്പോഴും ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്കുള്ള മെച്ചപ്പെട്ട പരിഹാരം കാണാന്‍ ഇവക്ക് സാധിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഭാഷ, സംസ്‌ക്കാരം, പൈതൃകം എന്നിവയെ അടിസ്ഥാനമാക്കി പുതിയ എ.ഐ മോഡല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 10,000 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്.
സാമ്പത്തികമായും മികച്ച സാധ്യതയാണ് ഇവ തുറന്നിടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പിലേക്ക് എ.ഐ മേഖലയുടെ സംഭാവന കോടികളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിന്‍ടെക്, ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിംഗ്, റീടെയില്‍, ഹെല്‍ത്ത്‌കെയര്‍ തുടങ്ങി എല്ലാ മേഖലകളിലും വലിയ മാറ്റമുണ്ടാക്കാനും ഇന്ത്യയുടെ സ്വന്തം എ.ഐ മോഡലുകള്‍ക്ക് സാധിക്കും. കൂടാതെ സ്വന്തമായി എ.ഐ മോഡലുകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ വലിയ വിപണന സാധ്യതയുമുണ്ട്.
India’s AI mission surpasses 34,000 GPU capacity with three new startups joining to accelerate model development.
Read DhanamOnline in English
Subscribe to Dhanam Magazine