രാജ്യത്ത് 60ല്‍ അധികം ജനറേറ്റീവ് എ.ഐ സ്റ്റാര്‍ട്ടപ്പുകള്‍:നാസ്‌കോം

രാജ്യത്ത് 60ല്‍ അധികം ജനറേറ്റീവ് എ.ഐ (Generative Artificial Intelligence) സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്ന് നാസ്‌കോം റിപ്പോര്‍ട്ട്. രാജ്യത്തെ ജനറേറ്റീവ് എ.ഐ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം 59 കോടി ഡോളര്‍ ധനസഹായം സമാഹരിച്ചിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗവും (47.5 കോടി ഡോളര്‍) 2021 മുതലുള്ളതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മുന്നില്‍ ബെംഗളുരു

ബെംഗളുരുവിലാണ് ജനറേറ്റീവ് എ.ഐ സ്റ്റാര്‍ട്ടപ്പുകളുടെ 45 ശതമാനവുമുള്ളത്. നഗരത്തിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സ്വീകാര്യത, വലിയ വ്യവസായങ്ങളുടെ സാന്നിധ്യം, ഉയര്‍ന്നുവരുന്ന എയ്ഞ്ചല്‍ നിക്ഷേപകര്‍ തുടങ്ങി വിവിധ കാര്യങ്ങളാണ് ജനറേറ്റീവ് എ.ഐ സ്റ്റാര്‍ട്ടപ്പുകളെ ബെംഗളുരുവില്‍ വളരാന്‍ സഹായിക്കുന്നത്. 21 ശതമാനത്തോടെ മുംബൈ-പൂനെ മേഖലയാണ് ജനറേറ്റീവ് എ.ഐ സ്റ്റാര്‍ട്ടപ്പുകളുള്ള രണ്ടാമത്തെ മേഖല.

വ്യക്തത കുറവ് വളര്‍ച്ച കുറയ്ക്കും

രാജ്യത്ത് 60ല്‍ അധികം ജനറേറ്റീവ് എ.ഐ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെങ്കിലും ഡേറ്റാ സ്വകാര്യത, സുരക്ഷ, ജനറേറ്റീവ് എ.ഐയുടെ സ്ഥിരതയാര്‍ന്ന ഉപയോഗ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തത കുറവ് വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ടെന്ന് നാസ്‌കോമിലെ ഉന്നത ഉദ്യോഗസ്ഥരായ സംഗീത ഗുപ്ത, റിസര്‍ച്ച് ഹെഡ് അച്യുത ഘോഷ് എന്നിവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടി ആരംഭിച്ചതു മുതല്‍ ജനറേറ്റീവ് എ.ഐയുടെ പിന്നാലെയാണ് പല കമ്പനികളും. നിരവധി കമ്പനികള്‍ അവരുടെ ആപ്പുകളിലും സോഫ്റ്റ്‌വെയർ ഇന്റര്‍ഫേസുകളിലും ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജനറേറ്റീവ് നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ തുടങ്ങി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it