

നീറ്റ്-യുജി (NEET-UG) പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക വിലക്ക്. ജൂൺ 21-നാണ് പരീക്ഷ നടക്കുക. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പറുകൾ പ്രചരിക്കുന്നത് തടയാനും തെറ്റായ വിവരങ്ങൾ പടരുന്നത് നിയന്ത്രിക്കാനുമായി ജൂൺ 22 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (MeitY) ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാറ്റ്‌ഫോമിലെ മെസേജ് എഡിറ്റിംഗ് സൗകര്യം ജൂൺ 30 വരെ നിരോധിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) പ്രത്യേക ശുപാർശപ്രകാരമാണ് ഈ നടപടി. തട്ടിപ്പുകാർ നേരത്തെ അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പറുകൾ ചേർക്കുകയും, പഴയ ടൈംസ്റ്റാമ്പ് ഉപയോഗിച്ച് പരീക്ഷയ്ക്ക് മുൻപേ പേപ്പർ ചോർന്നുവെന്ന് വ്യാജ തെളിവുകൾ നിർമ്മിക്കുകയും ചെയ്യുന്നത് തടയാനാണിത്.
"PAPER LEAKED NEET", "Private Mafia" തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ടെലിഗ്രാം ചാനലുകൾ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി എൻടിഎ കണ്ടെത്തി. ഇത്തരം വാദങ്ങളെല്ലാം വ്യാജമാണെന്നും സുരക്ഷിതമായ പരീക്ഷാ പ്രക്രിയയ്ക്ക് പുറത്ത് ചോദ്യപേപ്പറുകൾ ലഭ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) സഹായത്തോടെ ഇത്തരം നിരവധി ചാനലുകൾ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ബിഹാർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടന്ന അന്വേഷണങ്ങളിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.
ഈ താൽക്കാലിക വിലക്ക് ലക്ഷക്കണക്കിന് വരുന്ന സാധാരണ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എൻടിഎ സമ്മതിക്കുന്നുണ്ടെങ്കിലും, പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഇതൊരു അന്തിമ മാർഗമാണെന്ന് അധികൃതര്‍ വിശദീകരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine