

ടെലിഗ്രാം മെസഞ്ചർ ആപ്പിനെതിരെ നിരീക്ഷണം കർശനമാക്കി കേന്ദ്ര സർക്കാർ. ഈ പ്ലാറ്റ്ഫോമിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലുളള ആശങ്കയാണ് നടപടി കടുപ്പിക്കാന്‍ കാരണം. ടെലിഗ്രാം വഴി നടക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ തയാറാക്കിയ 35 പേജുള്ള റിപ്പോർട്ട്.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ (CSAM) പങ്കുവെക്കുക, സാമ്പത്തിക തട്ടിപ്പുകൾ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കായി ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് താൽക്കാലിക നിയന്ത്രണം നേരിടുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ടെലിഗ്രാമിലെ വ്യാജ ജോലി പരസ്യങ്ങൾ, പകർപ്പവകാശ ലംഘനങ്ങൾ (ഉദാഹരണത്തിന് 'ദുരന്തര്‍' എന്ന സിനിമയുടെ വ്യാജ പതിപ്പ്) എന്നിവയുടെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.
2023 മുതൽ ടെലിഗ്രാം വഴി നടന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് ഏകദേശം 6,88,000 പരാതികൾ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ വഴി ഏകദേശം 750 മില്യൺ ഡോളറിന്റെ (ഏകദേശം 6,250 കോടി രൂപ) നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ടെലിഗ്രാമിന്റെ പ്രൈവസി ഫീച്ചറുകൾ, പ്രത്യേകിച്ച് ഫോൺ നമ്പറുമായി നേരിട്ട് ബന്ധിപ്പിക്കാത്ത 'യൂസർ നെയിം' സംവിധാനം, കുറ്റവാളികളെ കണ്ടെത്താൻ നിയമപാലകർക്ക് വലിയ തടസമാകുന്നുവെന്ന് സർക്കാർ നിരീക്ഷിക്കുന്നു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ജൂൺ 22 വരെ പ്ലാറ്റ്‌ഫോമിന് ഒരാഴ്ചത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ, പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യുന്നത് തടയാൻ മെസേജ് എഡിറ്റിംഗ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ടെലിഗ്രാമിന്റെ നിലവിലെ സുരക്ഷാ സംവിധാനങ്ങളിൽ സർക്കാർ പൂർണ തൃപ്തരല്ല. നിയന്ത്രണങ്ങൾ പാലിക്കുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിലും പ്ലാറ്റ്‌ഫോം പരാജയപ്പെട്ടാൽ, ഇന്ത്യയിൽ ടെലിഗ്രാമിന് പൂർണ നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine