'എട്ടിന്റെ പണി'! ജോലി സമയം കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍

ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും അധികം ജോലിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍. ഇക്കണോമിക്ക് കോര്‍പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവിധ രാജ്യങ്ങളിലെ ജോലി സമയങ്ങളുടെ താരതമ്യം. ആഴ്ചയില്‍ 48 മണിക്കൂറാണ് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്.

രാജ്യം പ്രതിവാര പ്രവര്‍ത്തിദിനം നാലാക്കി കുറയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫാക്ടറി ആക്ട് 1948 അനുസരിച്ചാണ് രാജ്യത്ത് ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി സമയം നിശ്ചയിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ദിവസം ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാനാവില്ലെന്നും ആക്ടില്‍ പറയുന്നുണ്ട്.
ആഴ്ചയില്‍ 47.6 മണിക്കൂര്‍ ജോലി സമയമുള്ള കൊളംബിയ ആണ് ഇന്ത്യയ്ക്ക് പിന്നില്‍. 46 മണിക്കൂറാണ് ചൈനയിലെ പ്രവര്‍ത്തി സമയം. യുഎസില്‍ 38.7 മണിക്കൂറും യുകെയില്‍ 36.3 മണിക്കൂറുമാണ് ആളുകള്‍ ജോലി ചെയ്യുന്നത്. ഓസ്‌ട്രേലിയ-35.7, ഫ്രാന്‍സ്-36.5, ജര്‍മനി- 34.6, ന്യൂസിലാന്റ്- 37.8 എന്നിങ്ങനെയാണ് ആഴ്ചയില്‍ ജനങ്ങള്‍ ജോലി ചെയ്യുന്ന മണിക്കൂറിൻ്റെ കണക്ക്. നെതര്‍ലാന്റ്‌സിലാണ് ജോലി സമയം ഏറ്റവും കുറവ്. ആഴ്ചയില്‍ 29.5 മണിക്കൂര്‍ മാത്രമാണ് ഇവിടെ ആളുകള്‍ ജോലി ചെയ്യുന്നത്.
പല രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരം നിലവാരത്തിനൊപ്പം എത്താനായി ജോലി സമയം കുറയ്ക്കുന്നതിനെ പറ്റി ആലോചിക്കുകയാണ്. യുഎഇ ഈ വര്‍ഷമാണ് പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണം ആഴ്ചയില്‍ 4.5 ആക്കി കുറച്ചത്. പ്രവര്‍ത്തി സമയം 40 മണിക്കൂറായി കുറയ്ക്കുമെന്ന് ചിലിയന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പ്രഖ്യാപിച്ചിരുന്നു. 2010നെ അപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങിലെ ജോലി സമയം ശരാശരി 37 മണിക്കൂറില്‍ നിന്ന് 36.6 ആയി കുറഞ്ഞിട്ടുണ്ട്. ഭാവിയില്‍ പ്രതിവാര പ്രവര്‍ത്തി സമയം 15 മണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജന്‍ ജെഎം കെയിന്‍സ്(1883-1946) പ്രവചിച്ചിരിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it