2021 ല്‍ ഇന്ത്യക്കാര്‍ മൊബീലില്‍ ചെലവിട്ടത് 69900 കോടി മണിക്കൂര്‍!

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആളുകള്‍ കൂടുതലായി വീട്ടിലിരുന്നു തുടങ്ങിയത് മൊബീല്‍ ഫോണ്‍ ഉപയോഗം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ആപ്പ് ആനീ തയാറാക്കിയ വാര്‍ഷിക സ്റ്റേറ്റ് ഓഫ് മൊബീല്‍ 2022 റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ മൊബീലില്‍ ചെലവിട്ടത് 69900 കോടി മണിക്കൂറാണ്. ആഗോള തലത്തില്‍ 3.8 ലക്ഷം കോടി മണിക്കൂറാണ് മൊബീല്‍ ഉപയോഗം. ചൈനയാണ് മൊബീല്‍ ഉപയോഗത്തില്‍ ലോകത്ത് ഒന്നാമത്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ മൊബീല്‍ ഉപയോഗത്തിലും രണ്ടാമതു തന്നെ. യുഎസ് ആണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൊബീല്‍ ഉപയോഗം കൂടിയെങ്കില്‍ ചൈനയുടേത് കുറയുകയായിരുന്നു. 2020 ല്‍ ഇന്ത്യക്കാര്‍ 65500 മണിക്കൂറാണ് മൊബീലില്‍ ചെലവിട്ടത്. തൊട്ടു മുമ്പത്തെ വര്‍ഷം 51000 മണിക്കൂറും.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയെ സംബന്ധിച്ച് ഈ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നില്ല. മാത്രമല്ല, കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതും മൊബീല്‍ ഉപയോഗം കൂട്ടി.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തിലും ഇന്ത്യ മുന്നിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ ലോഡ് ചെയ്യുന്ന രണ്ടാമത്തെ രാജ്യം. 2670 കോടി ഡൗണ്‍ലോഡാണ് ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നുമായി നടന്നത്. എന്നാല്‍ ഒന്നാമതുള്ള ചൈനയിലാകട്ടെ കഴിഞ്ഞ വര്‍ഷം 9840 കോടി ഡൗണ്‍ലോഡിംഗ് നടന്നു.
ഇന്‍സ്റ്റാഗ്രാം ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍. എന്നാല്‍ ആളുകള്‍ കൂടുതല്‍ നേരം ചെലവിട്ടത് ഹോട്ട്‌സ്റ്റാറിലാണ്. പ്രതിമാസ സജീവ വരിക്കാരുടെ എണ്ണത്തില്‍ വാട്ടസ്ആപ്പ് മുന്നിലാണ്. 2021 ല്‍ 20 ലക്ഷം പുതിയ ആപ്പുകളും ഗെയ്മുകളുമാണ് ഐഒഎസിലും ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലുമായി എത്തിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it