

രാജ്യത്തെ ഐടി മേഖല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സൃഷ്ടിക്കുന്ന വലിയ അനിശ്ചിതത്വങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോഴും, പ്രമുഖ ഐടി സേവന ദാതാക്കളായ ഇന്‍ഫോസിസില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2026 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഒരു കോടി രൂപയിലധികം ശമ്പളം കൈപ്പറ്റുന്ന ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 130 ആയി ഉയര്‍ന്നു. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ 112 ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ക്ലബ്ബില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ കമ്പനി വിട്ടുപോകുന്ന നിരക്ക് കാര്യമായി കുറഞ്ഞതും ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിന് അടിവരയിടുന്നു.
കേരളത്തിലെ കൊച്ചി സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോപാര്‍ക്ക് കാമ്പസുകളിലടക്കം വന്‍ സാന്നിധ്യവും വലിയ നിക്ഷേപവുമുള്ള ഇന്‍ഫോസിസിന്റെ ഈ മുന്നേറ്റം മലയാളി ഐടി പ്രൊഫഷണലുകള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ആഗോള തലത്തില്‍ വലിയ തോതിലുള്ള പിരിച്ചുവിടലുകളും ഐടി പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകളും നിലനില്‍ക്കുമ്പോഴും, മിടുക്കരായ ജീവനക്കാരെ മികച്ച പാക്കേജുകള്‍ നല്‍കി നിലനിര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ തയ്യാറാകുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
മുന്‍ വര്‍ഷങ്ങളില്‍ ജീവനക്കാര്‍ക്ക് അനുവദിച്ച സ്റ്റോക്ക് ഇന്‍സെന്റീവുകള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ കാര്യമായി വിനിയോഗിച്ചതാണ് പ്രതിഫല ഘടനയിലെ ഈ വലിയ മാറ്റത്തിന് പ്രധാന കാരണം. ഇതോടൊപ്പം മികച്ച പ്രകടനം നടത്തിയവര്‍ക്ക് നല്‍കിയ ശമ്പള പരിഷ്‌കരണവും ഇതിന് ആക്കം കൂട്ടി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 67 ഓളം ഉന്നത ഉദ്യോഗസ്ഥര്‍ കമ്പനി വിട്ടുപോയ സ്ഥാനത്ത്, 2026 സാമ്പത്തിക വര്‍ഷത്തില്‍ കേവലം 22 പേര്‍ മാത്രമാണ് ഇന്‍ഫോസിസ് വിട്ടത്. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരുടെ എണ്ണം 2024-ല്‍ 103 ആയും 2025-ല്‍ 112 ആയും ഉയര്‍ന്നിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് ഈ വിഭാഗത്തിലെ ആളുകളുടെ എണ്ണം നൂറില്‍ താഴെയായിരുന്നു.
വര്‍ഷാവസാന കണക്കുകള്‍ പ്രകാരം സ്റ്റാന്‍ഡലോണ്‍ അടിസ്ഥാനത്തില്‍ 252,753 ജീവനക്കാറും കണ്‍സോളിഡേറ്റഡ് അടിസ്ഥാനത്തില്‍ 328,594 ജീവനക്കാരുമാണ് ഇന്‍ഫോസിസിനുള്ളത്. മുന്‍വര്‍ഷത്തെ 323,578 ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ നെറ്റ് അടിസ്ഥാനത്തില്‍ 5,000 ജീവനക്കാരുടെ വര്‍ധനയുണ്ടായി. 2027 സാമ്പത്തിക വര്‍ഷത്തിലും നിയമനങ്ങളില്‍ കുറവുണ്ടാകില്ലെന്ന് വ്യക്തമാക്കിയ കമ്പനി, വിവിധ കാമ്പസുകളില്‍ നിന്ന് 20,000 പുതിയ ബിരുദധാരികളെ നിയമിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായുള്ള ആകെ ചെലവ് 11 ശതമാനം വര്‍ധിച്ച് 95,094 കോടി രൂപയിലെത്തി. ഇത് കമ്പനിയുടെ ആകെ വരുമാനത്തിന്റെ (₹1.8 ലക്ഷം കോടി) 53 ശതമാനമാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനത്തില്‍ 10 ശതമാനവും, അറ്റാദായത്തില്‍ 10.2 ശതമാനവും വര്‍ധനയുണ്ടായി. 29,440 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക അറ്റാദായം.
(ഇന്ത്യയില്‍ ജോലി ചെയ്യുന്നതും മുഴുവന്‍ സമയവും കമ്പനിയുടെ പേറോളില്‍ ഉള്ളതുമായ ജീവനക്കാരുടെ കണക്കാണിത്. കമ്പനിയുടെ ടോപ്പ് 10 എക്‌സിക്യൂട്ടീവുകളുടെ ശമ്പളവിവരം ഇതില്‍ ഉള്‍പ്പെടുന്നില്ല).
India's second-largest IT firm Infosys saw a 16% surge in its ₹1-crore-plus salary club, driven by stock incentive exercises and high retention.
Read DhanamOnline in English
Subscribe to Dhanam Magazine